[] ന്യൂദല്‍ഹി: വോളിബോള്‍ താരം ടോം ജോസഫ് ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ക്ക് അര്‍ജുന അവാര്‍ഡ്. അത്‌ലറ്റ് ടിന്റു ലൂക്ക, ബാസ്‌കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ്, തുഴച്ചില്‍ താരം സജി തോമസ്, ബാഡ്മിന്റന്‍ താരം വി. ദിജു എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം നല്‍കാന്‍ കേന്ദ്ര കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു.
2004 മുതല്‍ അര്‍ജുന അവാര്‍ഡിന്റെ അന്തിമ പട്ടികയിലുണ്ടായിരുന്ന ടോം ജോസഫിന് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് അര്‍ജുന ലഭിക്കുന്നത്. പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടോം ജോസഫ് പ്രതികരിച്ചു.
എന്നാല്‍ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌നക്ക് അര്‍ഹരായ ആരെയും കണ്ടെത്താനായില്ലെന്ന് കപില്‍ ദേവ് അധ്യക്ഷനായ സമിതി വിലയിരുത്തി. മലയാളിതാരം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് പുരസ്‌കാര നിര്‍ണയ സമിതി അംഗമാണ്.
മലയാളികളടക്കം 15 പേരാണ് അര്‍ജുന പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.