വാവ സുരേഷിന് പ്രാര്‍ത്ഥനയുമായി അറിവിന്‍ നിലാവ് ആത്മീയ സംഗമം
Kerala News
വാവ സുരേഷിന് പ്രാര്‍ത്ഥനയുമായി അറിവിന്‍ നിലാവ് ആത്മീയ സംഗമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st February 2022, 7:32 pm

കോഴിക്കോട്: പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷിനെ പാമ്പുകടിച്ചതില്‍ പ്രാര്‍ത്ഥനയുമായി അറിവിന്‍ നിലാവ് ആത്മീയ സംഗമം. വാവ സുരഷ് ഒരുപാട് ആളുകള്‍ക്ക് വേണ്ടി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യം പഴയതുപോലെ വീണ്ടെടുക്കാന്‍ സാധിക്കട്ടേയെന്നും അറിവിന്‍ നിലാവില്‍ പറഞ്ഞു.

പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരാനും ഒരുപാട് ആളുകള്‍ക്ക് തണലാകുന്ന ആ കര്‍മ പ്രവൃത്തിയിലേക്ക് തിരിച്ചുവരാന്‍ സാധിക്കട്ടെയെന്ന് പരിപാടിയില്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്.

കോട്ടയം ചങ്ങനാശേരിക്ക് അടുത്ത് കുറിച്ചി എന്ന സ്ഥലത്ത് നിന്നാണ്അപകടം ഉണ്ടായത്. പാമ്പുകടിയേറ്റ വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വാവ സുരേഷിന്റെ കാലിന്റെ തുടയിലാണ് കടിയേറ്റത്. മന്ത്രി വി.എന്‍. വാസവന്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു.

പിടികൂടിയ പാമ്പിനെ ചാക്കിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പ് വാവ സുരേഷിന്റെ കാലില്‍ കടിച്ചത്. വലത് കാലിന്റെ തുടയിലാണ് കടിയേറ്റത്. ഇതോടെ വാവ സുരേഷ് പാമ്പിന്റെ പിടി വിടുകയും ചെയ്തു.

പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

വാവ സുരേഷിനെ പാമ്പു കടിച്ച വിവരം ഏറെ വേദനയോടെയാണ് അറിഞ്ഞതെന്നും, ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാര്‍ത്ഥനയും സ്നേഹവും സുരേഷിനൊപ്പം ഉണ്ടാകുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

അതേസമയം, പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ അശാസ്ത്രീയ രീതികള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പാമ്പുകളെ കൈകാര്യം ചെയ്യുന്നത് കൃത്യമായ ശാസ്ത്രീയ മുന്നൊരുക്കങ്ങളും സ്നേക് ഹുക്ക് പോലെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ വഴിയുമാണ്.

പാമ്പിനെ പിടിക്കാന്‍ ശാസ്ത്രീയമായി പരിശീലനം നേടിയവര്‍ വനംവകുപ്പിലുണ്ട്. അനിവാര്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചെയ്യേണ്ട ഈ ജോലി ഒരു പ്രകടനമാക്കി മാറ്റുകയാണ് വാവ സുരേഷ് എന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്രകടനങ്ങള്‍.

Content Highlights: Arivin Nilav Spiritual Meeting with Prayer for Vava Suresh