മെസിയുമില്ല ആശാനുമില്ല, തിരിച്ചടികളിൽ രക്ഷകനായി അവൻ അവതരിച്ചു; കോപ്പയിൽ അർജന്റീനയുടെ തേരോട്ടം
Football
മെസിയുമില്ല ആശാനുമില്ല, തിരിച്ചടികളിൽ രക്ഷകനായി അവൻ അവതരിച്ചു; കോപ്പയിൽ അർജന്റീനയുടെ തേരോട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th June 2024, 9:33 am

കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അര്‍ജന്റീനക്ക് തകര്‍പ്പന്‍ വിജയം. പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ലോക ചാമ്പ്യന്മാര്‍ തകര്‍ത്തു വിട്ടത്. സൂപ്പര്‍താരം ലയണല്‍ മെസി ഇല്ലാതെയാണ് കളത്തില്‍ ഇറങ്ങിയത്. ചിലിക്കെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റത്തിന് പിന്നാലെയാണ് മെസിക്ക് പെറുവിനെതിരെയുള്ള മത്സരം നഷ്ടമായത്.

മെസിക്ക് പുറമേ പരിശീലകന്‍ ലയണല്‍ സ്‌കലോണിയും ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ചിലിക്കെതിരെയുള്ള മത്സരത്തില്‍ ആദ്യപകുതിക്ക് ശേഷം ടീം ഇറങ്ങാന്‍ വൈകിയതിനെ തുടര്‍ന്നാണ് സ്‌കലോണിക്ക് സസ്‌പെന്‍ഷന്‍ നേരിടേണ്ടിവന്നത്. എന്നാല്‍ ഈ തിരിച്ചടികള്‍ ഒന്നും തന്നെ ടീമിനെ ബാധിക്കാത്ത രീതിയില്‍ ആയിരുന്നു അര്‍ജന്റീനയുടെ തകര്‍പ്പന്‍ പ്രകടനം.

മത്സരത്തില്‍ ലൗട്ടാറോ മാര്‍ട്ടിനസിന്റെ ഇരട്ട ഗോള്‍ കരുത്തിലാണ് അര്‍ജന്റീന ജയിച്ചു കയറിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 47, 86 മിനിട്ടുകളില്‍ ആയിരുന്നു താരത്തിന്റെ ഗോളുകള്‍ പിറന്നത്. ഇതോടെ കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കൊപ്പം 13 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ലൗട്ടാറോയുടെ ഗോള്‍ നേട്ടം ഒമ്പതാക്കി ഉയര്‍ത്താനും താരത്തിന് സാധിച്ചു.

ചിലിക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീന വിജയിച്ചപ്പോഴും ആയിരുന്നു ഗോള്‍ നേടിയിരുന്നത്. നടക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ രണ്ടു ഗോളുകളുടെ വിജയത്തിലും താരം അര്‍ജന്റീനക്കായി ഗോള്‍ നേടിയിരുന്നു. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനന്‍ ജേഴ്‌സിയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ നേടാന്‍ മാര്‍ട്ടിനസിന് സാധിച്ചു.

ജയത്തോടെ മൂന്നു മത്സരങ്ങളും വിജയിച്ചുകൊണ്ട് ഒമ്പത് പോയിന്റോടെ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായി കൊണ്ടാണ് അര്‍ജന്റീന അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. മറുഭാഗത്ത് മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു സമനിലയും രണ്ടു തോല്‍വിയും അടക്കം വെറും ഒരു പോയിന്റോടെ പെറു പുറത്താവുകയും ചെയ്തു.

അതേസമയം മത്സരത്തില്‍ 75 ശതമാനം ബോള്‍ പൊസഷനും അര്‍ജന്റീനയുടെ അടുത്തായിരുന്നു. 12 ഷോട്ടുകളാണ് പെറുവിന്റെ പോസ്റ്റിലേക്ക് നിലവിലെ കോപ്പാ ജേതാക്കള്‍ ഉതിര്‍ത്തത്. ഇതില്‍ ആറെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് ആറ് ഷോട്ടുകളാണ് പെറു താരങ്ങള്‍ അര്‍ജന്റീനയുടെ പോസ്റ്റിലേക്ക് ഉന്നം വെച്ചത് ഇതില്‍ ഒന്ന് മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ പെറുവിന് സാധിച്ചത്.

 

Content Highlight: Argentina Beat Peru in Copa America