ഫിഫ ലോകകപ്പില്‍ ദിദിയര്‍ ദെഷാംപ്‌സിന്റെ ഫ്രഞ്ച് പടയെ തകര്‍ത്താണ് അര്‍ജന്റീന വിശ്വകിരീടമുയര്‍ത്തിയത്. ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ച ഇതിഹാസതാരം ലയണല്‍ മെസിക്ക് വലിയ ആദരമൊരുക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് രാജ്യത്തെ കേന്ദ്രബാങ്ക്. കറന്‍സി നോട്ടുകളില്‍ മെസിയുടെ മുഖം പതിപ്പിക്കാനാണ് ബാങ്ക് ഒരുങ്ങുന്നത്.
പൊതുവെ രാഷ്ട്രപിതാക്കന്മാരുടെയോ അല്ലെങ്കില്‍ രാജ്യത്തിനായി അത്രമേല്‍ സംഭാവന ചെയ്തവരുടെയോ ചിത്രങ്ങളാണ് കറന്‍സി നോട്ടുകളില്‍ ഉള്‍പ്പെടുത്തുന്നത്.
ഈ നിരയിലേക്കാണ് ഇനി മെസിയെ അര്‍ജന്റീന അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. പെസോ എന്നാണ് അര്‍ജന്റീനയിലെ കറന്‍സി അറിയപ്പെടുന്നത്.
So Argentina are considering having Messi printed in one of their currency note 🐐👑🇦🇷 pic.twitter.com/MDYKPSyaAz
1000 പെസോ നോട്ടിലാകും മെസിയുടെ ചിത്രം ആലേഖനം ചെയ്യപ്പെടുക എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താരത്തിന്റെ ജേഴ്‌സി നമ്പര്‍ 10 ആയതിനാലാണ് അതേ അക്കത്തില്‍ തുടങ്ങുന്ന 1000 പെസോ കറന്‍സിയില്‍ താരത്തെ ഉള്‍പ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അര്‍ജന്റീനയില്‍ നിലവില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി മെസിയാണ്. ലോകകപ്പ് ജയത്തോടെ മെസിയുടെ സ്വീകാര്യത വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു.
അതോടൊപ്പം കറന്‍സി നോട്ടുകളില്‍ ലോകകപ്പ് നേടിയ ടീമിന്റെയും, പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെയും ചിത്രങ്ങളും ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനക്കായി വിശ്വകിരീടം ഉയര്‍ത്തിയ മെസിയെ രാജ്യത്തിന്റെ നായകനായിട്ടാണ് ജനങ്ങള്‍ പരിഗണിക്കുന്നത്.
ലോകകപ്പ് നേടിയ ശേഷം തലസ്ഥാനമായ ബ്യൂണേസ് അയേഴ്സില്‍ ഒത്തുകൂടിയത് 40 ലക്ഷം ആളുകളാണ്. താരത്തിന്റെ വീട്ടുവാതില്‍ക്കല്‍ വരെ വന്‍ ജന സന്നാഹങ്ങളായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഫുട്‌ബോളിനെ താന്‍ ഒത്തിരി ഇഷ്ടപ്പെടുന്നുണ്ടെന്നും അതാണ് താന്‍ ചെയ്യുന്നതെന്നുമാണ് ലോകകപ്പ് നേടിയതിന് ശേഷം മെസി പറഞ്ഞത്.
ലോകചാമ്പ്യന്‍ എന്ന ബഹുമതിയോടെ കുറച്ചു കാലം കൂടി നാഷണല്‍ ജേഴ്‌സിയില്‍ തുടരണമെന്ന ആഗ്രഹം മാത്രമാണ് ബാക്കിയെന്നും കരിയറില്‍ മറ്റൊന്നും നേടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ജന്റീനയില്‍ ഡിസംബര്‍ 18ന് ആരംഭിച്ച ആഘോഷങ്ങള്‍ ഇപ്പോഴും തുടരുകയാണ്.