Entertainment
നീലത്താമര ചെയ്യുന്ന സമയത്ത് 'വേലക്കാരിയുടെ റോളല്ലേ, നിലത്തിരുന്നാല്‍ മതി' എന്ന് അയാള്‍ പറഞ്ഞു: അര്‍ച്ചന കവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 13, 11:21 am
Monday, 13th January 2025, 4:51 pm

എം.ടി. വാസുദേവന്‍ നായര്‍ എഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നീലത്താമര. എം.ടി. തന്നെ തിരക്കഥയെഴുതി യൂസഫ് അലി കേച്ചേരി സംവിധാനം ചെയ്ത അതേ പേരില്‍ 1979ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്കാണ് ഇത്.

കൈലാഷ് നായകനായ നീലത്താമരയില്‍ നായികയായത് അര്‍ച്ചന കവിയായിരുന്നു. നടിയുടെ ആദ്യ സിനിമയായിരുന്നു നീലത്താമര. നീലത്താമര സിനിമയുടെ ഷൂട്ടിങ് അനുഭവവും എം.ടി. വാസുദേവന്‍ നായരെ കുറിച്ചും സംസാരിക്കുകയാണ് ഗൃഹലക്ഷ്മി മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ച്ചന കവി.

നീലത്താമര ചെയ്യുന്ന സമയത്ത് തനിക്ക് എം.ടി സാറിന്റെ വലിപ്പം അറിയില്ലായിരുന്നു എന്നും അത് കുഞ്ഞിമാളു ആകാന്‍ സഹായിച്ചുവെന്നും അര്‍ച്ചന കവി പറഞ്ഞു. പുതുമുഖം ആയതിനാല്‍ സെറ്റില്‍ ബുള്ളിയിങ് ഉണ്ടായിരുന്നു എന്നും നിനക്ക് വേലക്കാരിയുടെ റോളല്ലേ, നിലത്തിരുന്നാല്‍ മതിയെന്ന് ഒരാള്‍ പറഞ്ഞിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

MT Vasudevan nair as an activist

‘സത്യം പറഞ്ഞാല്‍ നീലത്താമര ചെയ്യുന്ന സമയത്ത് എനിക്ക് എം.ടി സാറിന്റെ വലിപ്പം അറിയില്ലായിരുന്നു. കുഞ്ഞിമാളു ആകാന്‍ ആ അറിവില്ലായ്മ എന്നെ സഹായിച്ചു. സ്‌കൂളില്‍ നിന്ന് ഒരു നാടകം ചെയ്യാന്‍ പോകും പോലെയാണ് ഞാന്‍ നീലത്താമരയുടെ സെറ്റിലേക്ക് ചെന്നത്.

എം.ടി സാര്‍ ഒരിക്കലും അദ്ദേഹത്തിന്റെ പാണ്ഡിത്യം നമുക്ക് മുന്നില്‍ കാണിക്കില്ല.

ഞാന്‍ സാറിനോട് മലയാളത്തില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇംഗ്ലീഷിലായിരുന്നു. ഞാന്‍ ദല്‍ഹിയില്‍ നിന്നാണെന്നും മലയാളത്തെക്കാള്‍ ഇംഗ്ലീഷാണ് ഈ കൊച്ചിന് തലയില്‍ കേറുക എന്നും അദ്ദേഹത്തിന് മനസിലായി. അതുപോലെ ഞാന്‍ പുതുമുഖം ആയതിനാല്‍ സെറ്റില്‍ ചെറിയ രീതിയില്‍ ബുള്ളിയിങ് ഉണ്ടായിരുന്നു.

‘നിനക്ക് വേലക്കാരിയുടെ റോളല്ലേ, നിലത്തിരുന്നാല്‍ മതി’ എന്നെല്ലാം ഒരാള്‍ വന്ന് പറഞ്ഞു. ചെറിയ റാഗിങ് പോലെ. ഒരുദിവസം എം.ടി സാര്‍ ഒന്നിച്ചിരുന്ന് കഴിക്കാന്‍ എന്നെ വിളിച്ചു. അപ്പോള്‍ നേരത്തെ പരിഹസിച്ച ആള്‍ വന്ന് വീണ്ടും എന്തൊക്കെയോ പറഞ്ഞു. അതോടെ ഞാന്‍ പരിഭ്രമിച്ചുപോയി. എന്റെ വെപ്രാളം സാറിന് മനസിലായോ എന്നറിയില്ല. അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ട് ചോറ് ഉരുളയാക്കി കഴിച്ച് തുടങ്ങി. അത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി,’ അര്‍ച്ചന കവി പറയുന്നു.

Content Highlight: Archana Kavi shares The Experience From the set of Neelathamara movie