അമീര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പരുത്തിവീരന്‍. കാര്‍ത്തി ആദ്യമായി അഭിനയിച്ച സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രിയാമണി നായികയായി വന്ന പടത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവന്‍ ശങ്കര്‍ രാജയാണ്. പരുത്തിവീരനിലെ പെര്‍ഫോമന്‍സിന് മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്‌കാരം പ്രിയാ മണിക്ക് ലഭിച്ചിരുന്നു.
പരുത്തിവീരന്‍ സിനിമയിറങ്ങിപ്പോയപ്പോള്‍ അത് കണ്ട് ഇഷ്ടപ്പെട്ട് കാര്‍ത്തിക്കും പ്രിയാ മണിക്കും അഭിനന്ദനം അറിയിച്ചു കൊണ്ട് ഫേസ്ബുക്കില്‍ മെസ്സേജ് അയച്ചെന്നും എന്നാല്‍ ഫേക്ക് അക്കൗണ്ടിലേക്കാണ് മെസ്സേജ് അയച്ചതെന്നും അരവിന്ദ് സ്വാമി പറയുന്നു. തനിക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അപ്പോഴും ഇപ്പോഴും അധികം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പരുത്തിവീരന്‍ സിനിമ കണ്ടിട്ട് എനിക്ക് ഭയങ്കര ഇഷ്ടമായി. ആ സമയത്ത് എനിക്ക് ഈ സോഷ്യല്‍ മീഡിയ എല്ലാം അത്രക്ക് അറിയില്ലായിരുന്നു. ഇപ്പോഴും അത്ര കാര്യമായിട്ട് അറിയില്ല. അങ്ങനെ ഞാന്‍ ഫേസ്ബുക്കില്‍ പോയി നോക്കിയിട്ട് കാര്‍ത്തിയുടെയും പ്രിയാ മണിയുടെയും അക്കൗണ്ടിലേക്ക് മെസ്സേജ് അയച്ചു.
അതും എനിക്ക് അയക്കാന്‍ അറിയില്ലായിരുന്നു. ആ ഐ.ഡി കണ്ടിട്ട് ഞാന്‍ എന്റെ കുട്ടികളോട് എങ്ങനെയാണ് ഇതിലേക്ക് മെസ്സേജ് അയക്കുന്നത് എന്നെല്ലാം ചോദിച്ചു. അവര്‍ പറഞ്ഞു തന്നതനുസരിച്ച് ഞാന്‍ അഭിനന്ദങ്ങള്‍ അറിയിച്ചു കൊണ്ട് മെസ്സേജ് അയച്ചു. പിന്നെയാണ് അറിയുന്നത് അത് രണ്ടും അവരുടെ ഒര്‍ജിനല്‍ അക്കൗണ്ട് അല്ല, ഫേക്ക് ആണെന്ന്,’ അരവിന്ദ് സ്വാമി പറയുന്നു.
96 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രേം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മെയ്യഴകന്‍. ആദ്യ ചിത്രത്തിന് ശേഷം ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രേം കുമാര്‍ ചെയ്യുന്ന ചിത്രമാണ് ഇത്. കാര്‍ത്തിയും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മെയ്യഴകനുണ്ട്. ഇന്നലെ (സെപ്റ്റംബര്‍ 27) റിലീസ് ആയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.