ഭോപാല്‍: ഏപ്രില്‍ രണ്ടിന് നടന്ന ദളിത് ബന്ദിനിടെ ദളിതരെ ആക്രമിച്ചത് ആര്‍.എസ്.എസ്-ബജ്‌റംഗദള്‍ പ്രവര്‍ത്തകരെന്ന് സി.പി.ഐ.എം നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
മധ്യപ്രദേശിലെ സംഘര്‍ഷ ബാധിത ജില്ലകളായ ഗ്വാളിയോര്‍, ഭിന്ദ്, മൊറീന ജില്ലകളില്‍ സി.പി.ഐ.എം എം.പി സോമപ്രസാദിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സമിതി സന്ദര്‍ശിച്ചു.
ദളിതര്‍ക്ക് നേരെ അക്രമാസക്തരായ ജനക്കൂട്ടം കേന്ദ്ര ഗ്രാമവികസന പഞ്ചായത്തീ രാജ് മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ വീട്ടില്‍ നിന്നാണെന്ന് വന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ദളിതര്‍ക്കുനേരെ വെടിയുതിര്‍ത്തത് തോമറിന്റെ വീട്ടില്‍ നിന്ന് പുറത്തേക്ക് വന്ന രാജ്‌സിങ് ചൗഹാന്‍ ആണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഭീംനഗര്‍, ഗല്ല കോത്തര്‍ കോളിനിയിലെ ദലിതര്‍ പ്രതിഷേധം സംഘടിപ്പിച്ച് സമാധാനപൂര്‍വം മടങ്ങുമ്പോള്‍ കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീ രാജ് മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ വീട്ടില്‍നിന്ന് രാജസിങ് ചൗഹാന്‍ എന്നയാള്‍ വെടിവെച്ചെന്നാണ് മൊഴി. പ്രതിഷേധക്കാര്‍ കടന്നുപോകവെ, മന്ത്രിയുടെ വീട്ടില്‍നിന്ന് പുറത്തേക്കു വന്ന ഇയാള്‍ “ജയ് ശ്രീറാം” വിളിച്ച ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് ഇരകള്‍ പറഞ്ഞത്.
ഗ്വാളിയോറിലെ സിമരിയ താലില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഇരുപത്താറുകാരന്‍ വിമല്‍പ്രകാശ് ജാദവിന്റെ വീട് സംഘം സന്ദര്‍ശിച്ചു. ആര്‍.എസ്.എസ് ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണ് മകനെ കൊലപ്പെടുത്തിയതെന്ന് അച്ഛന്‍ ഹര്‍ നാരായണ്‍ ജാദവ് സംഘത്തോട് പറഞ്ഞു.
Read more: കത്‌വ, ഉന്നാവോ ബലാത്സംഗ, കൊലപാതക കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം; ദ ക്വിന്റിന്റെ വാര്‍ത്ത ഞങ്ങള്‍ അതേ പടി പകര്‍ത്തുന്നു
ദാബ്രയില്‍ ബി.ജെ.പി പ്രവര്‍ത്തകരായ ദളിതര്‍ പോലും ആക്രമിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
രാജ്യസഭ എം.പി കെ. സോമപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ വിജു കൃഷ്ണന്‍, വിക്രംസിങ്, ജസ്വന്തിര്‍ സിങ്, അഖിലേഷ് യാദവ് തുടങ്ങിയവരാണുള്ളത്. അരക്ഷിതാവസ്ഥയിലാണ് ഇവിടുത്തെ ദളിതര്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍.എസ്.എസ് ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ ഇപ്പോഴും പ്രദേശവാസികളെ ഭീഷണിപ്പെടുന്നുണ്ടെന്നും ഇതിന് പൊലീസും കൂട്ടുനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
“കള്ളക്കേസുകളും നിരപരാധികളെ അറസ്റ്റു ചെയ്യുന്നതും തുടരുകയാണ്. ദളിതരെ സംരക്ഷിക്കുന്നതില്‍ പൊലീസ് തീര്‍ത്തും പരാജയപ്പെട്ടു.” റിപ്പോര്‍ട്ടില്‍ പറയുന്നു.
പരുക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ യാതൊരുവിധ സഹായവും നല്‍കിയിട്ടില്ലെന്നും ഇരകള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ അധികൃതരൊന്നും പരുക്കേറ്റ ചികിത്സയില്‍ കഴിയുന്നവരെ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ ആറ്, ഏഴ് ദിവസങ്ങളിലാണ് സംഘം മധ്യപ്രദേശ് സന്ദര്‍ശിച്ചത്.