Kerala News
മാടായി കോളേജിലെ നിയമനം; എം.കെ. രാഘവന്റെ നിലപാടില്‍ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 09, 11:36 am
Monday, 9th December 2024, 5:06 pm

കണ്ണൂര്‍: എം.കെ രാഘവന്‍ എം.പി ചെയര്‍മാനായിട്ടുള്ള മാടായി കോളേജിലെ നിയമനത്തെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നത. ഡി.സി.സി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ രാജിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

മാടായി കോളേജിലെ തസ്തികയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് നിയമനം നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മാടായി കോളേജില്‍ ഭരണസമിതി ചെയര്‍മാനായ എം.കെ രാഘവന്‍ കോഴ വാങ്ങി സി.പി.ഐ.എം പ്രവര്‍ത്തകന് തസ്തികയിലേക്ക് നിയമനം നടത്തിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

പിന്നാലെ മാടായി കോളേജ് സന്ദര്‍ശിച്ച എം.കെ രാഘവന്‍ എം.പിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും ഇവര്‍ സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിടുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന കോളേജില്‍ എം.പിയുടെ ബന്ധുവായ സി.പി.ഐ.എം പ്രവര്‍ത്തകനെ നിയമിച്ചുവെന്നും ആരോപണങ്ങളുയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അര്‍ഹരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഗണിക്കണമെന്ന് കാണിച്ച് കല്യാശ്ശേരി -പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ നേരത്തെ നേതൃത്വത്തിന് കത്തയച്ചിരുന്നുവെന്നും ഇത് പരിഗണിക്കാതെ നിയമനം നടത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: Appointment at Matai College; Congress leaders ready to resign in protest against MK Raghavan’s stance