World News
അമേരിക്കയില്‍ നാല് ലക്ഷം ഡോളര്‍ ലേലത്തുക നേടി ആപ്പിളിന്റെ ഒറിജിനല്‍ കംപ്യൂട്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 10, 11:21 am
Wednesday, 10th November 2021, 4:51 pm

കാലിഫോര്‍ണിയ: ടെക്‌നോളജി ഭീമനായ ആപ്പിളിന്റെ പഴയ ഒറിജിനല്‍ കംപ്യൂട്ടര്‍ അമേരിക്കയില്‍ ലേലത്തില്‍ വിറ്റ് പോയത് റെക്കോര്‍ഡ് തുകയ്ക്ക്. നാല് ലക്ഷം ഡോളറാണ് കംപ്യൂട്ടറിന് ലേലത്തില്‍ ലഭിച്ചത്.

ആപ്പിളിന്റെ സ്ഥാപകന്മാരായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വൊസ്‌ന്യാകും ചേര്‍ന്ന് നിര്‍മിച്ചതാണിത്. ‘ഹവായിയന്‍ കോഅ വുഡ്-കേസ്ഡ്’ ആപ്പിള്‍-1 മോഡലാണിത്.

ഈ മോഡലിലുള്ള 200 കംപ്യൂട്ടറുകള്‍ മാത്രമാണ് ഇന്ന് ലോകത്തുള്ളത്. ലേലത്തില്‍ പോയിരിക്കുന്ന ഈ കംപ്യൂട്ടര്‍ ഇപ്പോഴും പ്രവര്‍ത്തനനക്ഷമമാണ്. ഇത്തരത്തില്‍ പ്രവര്‍ത്തനക്ഷമമായ 20ഓളം ആപ്പിള്‍-1 കംപ്യൂട്ടറുകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

ഒരു കോളേജ് പ്രൊഫസറായിരുന്നു മുമ്പ് ഈ കംപ്യൂട്ടറിന്റെ ഉടമ. പിന്നീട് അദ്ദേഹം അത് തന്റെ വിദ്യാര്‍ത്ഥിക്ക് കൈമാറുകയായിരുന്നു. ഈ കംപ്യൂട്ടറിന്റെ മൂന്നാമത്തെ മാത്രം ഉടമസ്ഥനാണ് ലേലത്തിലൂടെ ഇത് സ്വന്തമാക്കിയിരിക്കുന്ന വ്യക്തി.

എന്നാല്‍ ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കല്ല ഇപ്പോള്‍ ലേലം നടന്നിരിക്കുന്നത്. 2014ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തിലായിരുന്നു ഒരു ആപ്പിള്‍ കംപ്യൂട്ടര്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് വിറ്റത്. 9,05,000 ഡോളറായിരുന്നു അന്ന് ആപ്പിള്‍-1 ക്പ്യൂട്ടറിന്റെ ലേലത്തുക.

1976 ഏപ്രില്‍ ഒന്നിനാണ് സ്റ്റീവ് ജോബ്‌സ്, സ്റ്റീവ് വൊസ്‌ന്യാക്, റൊണാള്‍ഡ് വേയ്ന്‍ എന്നിവര്‍ ചേര്‍ന്ന് ആപ്പിളിന് തുടക്കമിടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content highlight: Apple’s original computer gained four lakh dollars in US auction