ആപ്പിളിന് തിരിച്ചടിയായി പുതിയ റിപ്പോര്‍ട്ടുകള്‍
Big Buy
ആപ്പിളിന് തിരിച്ചടിയായി പുതിയ റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th August 2016, 8:42 pm

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടിയായി പുതിയ റിപ്പോര്‍ട്ടുകള്‍. വിശ്വാസ്യത, പ്രകടനമികവ് എന്നിവയില്‍ വീഴ്ച വരുത്തുന്നതില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളായ ഐഫോണും ഐപാഡും മുന്നില്‍ നില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആന്‍ഡ്രോയ്ഡിന് മുതല്‍ക്കൂട്ടാകുന്നതു കൂടിയാണ് പുതിയ റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര ഡാറ്റ സെക്യൂരിറ്റി കമ്പനിയായ ബ്ലാങ്കോടെക്‌നോളജി ഗ്രൂപ്പിന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് ആപ്പിള്‍ ഉല്‍പന്നങ്ങള്‍ 58 ശതമാനം വീഴ്ച വരുത്തുമ്പോള്‍ ആന്‍ഡ്രോയ്ഡ് ഉല്‍പന്നങ്ങള്‍ 35 ശതമാനം വീഴ്ച മാത്രമാണു വരുത്തുന്നത്.

2016 ആദ്യപാദത്തില്‍ 44 ശതമാനം ഇടിവാണ് ആന്‍ഡ്രോയ്ഡ് ഉല്‍പന്നങ്ങള്‍ നേരിട്ടത്. ആപ്പിള്‍ ഉല്‍പന്നങ്ങളില്‍ ഏറ്റവുമധികം ഇടിവു രേഖപ്പെടുത്തിയത് ഐഫോണ്‍ 6 ആണ്, 29 ശതമാനം ഇടിവ്. ഐഫോണ്‍ 6 എസ്, 6 എസ് പ്ലസ് മോഡലുകളാണു മോശം പ്രകടനത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത്.

ഓപ്പറേറ്റിങ് സിസ്റ്റത്തിനു പുറമെ നിര്‍മ്മാതാക്കള്‍, മോഡലുകള്‍, പ്രാദേശിക മേഖല എന്നിവയുടെ അടിസ്ഥാനത്തിലും പഠനം നടത്തിയിരുന്നു. ഹാന്റ്‌സെറ്റ് നിര്‍മ്മാതാക്കളില്‍ സാംസങ്, ലെനോവൊ, ലാ ഈകോ എന്നിവയാണ് മോശം പ്രകടനത്തില്‍ മുന്‍പന്തിയില്‍.

26 ശതമാനമാണ് സാംസങ്ങിന്റെ പ്രകടനത്തിലെ വീഴ്ച. 11 ശതമാനം മാത്രം പ്രകടനവീഴ്ച വരുത്തിയ മോട്ടോറോള, നിര്‍മ്മാതാക്കളില്‍ മികച്ചു നിന്നു.

വടക്കേ അമേരിക്കയിലും ഏഷ്യയിലുമാണ് ഐ.ഒ.എസ് ഉപകരണങ്ങള്‍ക്കു പ്രധാനമായും തിരിച്ചടി നേരിട്ടത്. കയറ്റുമതി ചെയ്യുന്ന ഉപകരണങ്ങളുടെ ഗുണമേന്മയിലെ വ്യതിയാനമാകാം ഇതിനു കാരണമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. വൈഫൈ കണക്ട് ചെയ്യാനുള്ള ബുദ്ധിമുട്ട്, മുറിഞ്ഞുപോകുന്ന കണക്ഷന്‍, വേഗക്കുറവ്, പാസ്‌വേഡ് അനുബന്ധിതപ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ഐ.ഒ.എസ് ഉപയോക്താക്കള്‍ പ്രധാനമായും നേരിട്ടത്.