മര്‍ദ്ദനവും അപമാനവും സഹിച്ച് എന്തിന് തുടരുന്നു ' ഇറങ്ങിപ്പോയ്ക്കൂടാര്‍ന്നോ' എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി നല്‍കുന്ന അപ്പന്‍
Entertainment
മര്‍ദ്ദനവും അപമാനവും സഹിച്ച് എന്തിന് തുടരുന്നു ' ഇറങ്ങിപ്പോയ്ക്കൂടാര്‍ന്നോ' എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി നല്‍കുന്ന അപ്പന്‍
പ്രശാന്ത് പ്രഭ
Saturday, 29th October 2022, 10:31 am

കുടുംബകഥകളുടെ ക്ലീഷേ ഫോര്‍മുലകളെ മാറ്റി നിര്‍ത്തി കൊണ്ട് ആരും ചിന്തിക്കാന്‍ മിനക്കെടാത്ത വിഷയങ്ങളെ പ്രമേയമാക്കി പുതുമ നിലനിര്‍ത്തി കൊണ്ട് അതിശക്തമായ ആഖ്യാന ഭാഷയോടുകൂടിയ ഒരു റിയലിസ്റ്റിക് സിനിമാ അനുഭവം കാഴ്ച്ചവെക്കുന്നുണ്ട് ഇന്നലെ സോണി ലിവില്‍ ഇറങ്ങിയ ‘അപ്പന്‍..’എന്ന സിനിമ.

യാഥാസ്ഥിതിക കുടുംബപശ്ചാത്തലം ഉണ്ടായിരുന്നിട്ടും സിനിമാറ്റിക് ക്ലീഷേകള്‍ കടന്നുവരാനുള്ള നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും പുരുഷത്വ പിതൃത്വ അധികാര മനോഭാവത്തെ ആഘോഷിക്കുന്ന അത്യന്തം പിന്തിരിപ്പനായ ഇന്ത്യന്‍ സിനിമാ കാഴ്ച്ചകള്‍ക്കെതിരെയുള്ള ഒരു കുതറി മാറല്‍ കൂടിയാണ് ‘അപ്പന്‍’.

സമൂഹത്തിന്റെ നേര്‍പ്പതിപ്പ് പോലെ സിനിമാ സീരിയലുകളില്‍ സ്ഥിരം കണ്ടുവരുന്ന ശത്രുതപരമായി മാത്രം കാണുന്ന മരുമോള്‍-അമ്മായിയമ്മ ബന്ധങ്ങളെ വളരെ ഊഷ്മളമായ സ്‌നേഹത്തോടെ ആവിഷ്‌ക്കരിച്ചും, അപ്പന്‍ മകന്‍ ബദ്ധങ്ങളിലെ തീവ്രതയും സങ്കീര്‍ണതകളും കൊണ്ടുണ്ടാകുന്ന വൈകാരികമായ മൂഹൂര്‍ത്തങ്ങളുടെ അഘാതം കുറക്കാനെന്ന വണം ചെയ്തിരിക്കുന്ന ചെറു നര്‍മ്മത്തിന്റെ അകമ്പടിയും തിരക്കഥയിലെ ബ്രില്യന്‍സിനെ എടുത്ത് കാട്ടുന്നുണ്ട്.

പരസ്പരം കലഹിക്കുന്ന സ്ത്രീ കഥാപാത്രങ്ങളില്‍ ക്രമേണ സഹാനുഭൂതി വളരുന്നതും അന്യോന്യമുള്ള ചേര്‍ത്ത് നിര്‍ത്തലും കരുതലും ഒരു പാട്രീയാര്‍ക്കി അധികാരത്തിനെതിരെയുള്ള ശക്തമായ ചെറുത്ത് നില്‍പ്പിന്റെ മുന്നൊരുക്കങ്ങള്‍ ആയി രൂപാന്തരപ്പെടുന്നതും അതിജീവിക്കണമെങ്കില്‍ ആ ചെറുത്ത് നില്‍പ്പ് നീതി പൂര്‍വ്വമായ പൂര്‍ണ്ണതയില്‍ അനിവാര്യമായും എത്തിച്ചേരുക തന്നെ ചെയ്യും എന്ന് ‘അപ്പന്‍’ ഉറപ്പിക്കുന്നുണ്ട്.

സ്ത്രീ പുരുഷ ബന്ധങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഡോമെസ്റ്റിക് വയലന്‍സ് ഉള്‍പ്പെടെയുള്ള ഭീകര മര്‍ദ്ദനങ്ങള്‍ ഉണ്ടാകുമ്പോഴും അപമാനങ്ങളും അവഗണനകളും സഹിക്കേണ്ടിവരുമ്പോഴും എന്തുകൊണ്ട് നിങ്ങള്‍ക്ക് ഇറങ്ങി പൊയ്ക്കൂടാര്‍ന്നോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി ‘അപ്പന്‍’ വരച്ചു കാണിക്കുന്നുണ്ട്. അത്രയ്ക്കുണ്ട് അക്രമോത്സുക പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകളുടെ ഗതികേടുകള്‍.

അപ്പന്റെ മരണം തീവ്രമായി ആഗ്രഹിക്കുയും അതിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും സ്വപ്നം കാണുകയും ചെയ്യുക, അതേസമയം തന്നെ അപ്പനെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ അപ്പന് സംരക്ഷണകൊടുക്കേണ്ടിവരേണ്ട അവസ്ഥയൊന്നു ആലോചിച്ചു നോക്കിയേ. ആ കുടുംബത്തില്‍ അപ്പനായും മകനായും നിറഞ്ഞു നിന്ന സണ്ണി വെയ്ന്‍ ന്റെ കരിയര്‍ ബെസ്റ്റ് എന്ന് വേണേല്‍ പറയാം നൂനു എന്ന കഥാപാത്രം.

കൂടെ അമ്മയായി നൊമ്പരപ്പെടുത്തിയ പോളി ചേച്ചിയും, മരുമകളായ റോസിയും, വളരെ സൂക്ഷ്മമായ അഭിനയം കാഴ്ച്ച വെച്ച ഷീലയും അവിസ്മരണീയ പ്രകടനമാണ് കാഴ്ചവെച്ചത്. മെയിന്‍ അപ്പനായ അലന്‍സിയറും അദ്ദേഹത്തിന്റെ കൈക്കാരനും അഭിനയത്തിന്റെ കാര്യത്തില്‍ ഒരു ‘വിസില്‍ ‘ അടി തന്നെ കൊടുക്കേണ്ടതുണ്ട്.

ഇതില്‍ സിങ്ക് സൗണ്ട് ചെയ്ത പ്രിയ ലെനിന്‍ വളപ്പാട്, കൊടുക്കുന്ന കഥാപാത്രങ്ങള്‍ വളരെ തന്മയത്വത്തോടെ അഭിനയിക്കുന്ന ഗീതി സംഗീത എന്നിവരും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.

Content Highlight: Appan Movie Womens Characters a Writeup

പ്രശാന്ത് പ്രഭ
Digital creator, Freelancer