national news
ക്ഷമാപണം വൈകുന്നു; മുസ്‌ലിം വിദ്വേഷം നടത്തിയ ജസ്റ്റിസ് ശേഖര്‍ യാദവിനെതിരെ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 03, 02:37 am
Monday, 3rd February 2025, 8:07 am

ന്യൂദല്‍ഹി: മുസ്‌ലിം വിദ്വേഷ പ്രസ്താവന നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ശേഖര്‍ കുമാര്‍ ക്ഷമാപണം നടത്താന്‍ വൈകിയതോടെയാണ് നടപടിയാരംഭിച്ചിരിക്കുന്നത്. ജനുവരി 31ന് വിരമിച്ച, കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് ഋഷികേഷ് റോയിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമാക്കിയത്.

ഡിസംബര്‍ എട്ടിനാണ് അലഹാബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് മുസ്‌ലിം വിദ്വേഷ പ്രസ്താവന നടത്തിയത്. വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിലായിരുന്നു ജഡ്ജിയുടെ പ്രസ്താവന. ഈ രാജ്യം ഹിന്ദുസ്ഥാന്‍ ആണെന്ന് പറയാന്‍ തനിക്ക് ഒരു സംശയവുമില്ലെന്നും ഭൂരിപക്ഷത്തിന്റെ ഇംഗിതത്തിന് അനുസരിച്ചായിരിക്കും രാജ്യം ചലിക്കുക എന്നുമായിരുന്നു ശേഖര്‍ കുമാര്‍ യാദവിന്റെ പ്രസ്താവന.

മുസ്‌ലിങ്ങള്‍ ഈ രാജ്യത്തിന് അപകടകരമാണെന്നും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കാര്യങ്ങളില്‍ ഭൂരിപക്ഷ സമൂഹത്തിന്റെ സന്തോഷമാണ് പരിഗണിക്കപ്പെടേണ്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. മുസ്‌ലിങ്ങള്‍ രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കാത്തവരാണെന്നും അവരെ കരുതിയിരിക്കണമെന്നും വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പ്രസംഗിച്ചു.

പ്രസംഗം വിവാദമായതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഡിസംബര്‍ 17ന് സുപ്രീം കോടതി കൊളീജിയം ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ച് വിശദീകരണം തേടിയിരുന്നു. കൊളീജിയത്തിന് മുമ്പാകെ ക്ഷമാപണം നടത്താമെന്ന് ശേഖര്‍ കുമാര്‍ യാദവ് അറിയിച്ചെങ്കിലും പരസ്യമായി ക്ഷമാപണം നടത്തണമെന്നായിരുന്നു കൊളീജിയത്തിന്റെ നിലപാട്.

തുടക്കത്തില്‍ ഇത് അംഗീകരിച്ച ശേഖര്‍ കുമാര്‍ യാദവ് പിന്നീട് നിലപാടില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ക്ഷമാപണം നടത്താതെ വന്നതോടെയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

വിദ്വേഷ പ്രസംഗം നടത്തിയ ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷം പാര്‍ലമെന്റിലും ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ താന്‍ ജുഡീഷ്യല്‍ പെരുമാറ്റത്തിന്റെ ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്നും ചൂണ്ടിക്കാട്ടി ശേഖര്‍ കുമാര്‍ യാദവ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

content highlights: Apologies are delayed; Supreme Court’s internal inquiry against Justice Shekhar Yadav for committing Muslim hatred