ആസിഫിനൊപ്പം ആ സീന്‍ എങ്ങനെ ചെയ്യുമെന്നോര്‍ത്ത് വിഷമിച്ചു; ഞങ്ങള്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പ് അങ്ങനെയായിരുന്നു: അപര്‍ണ ബാലമുരളി
Movie Day
ആസിഫിനൊപ്പം ആ സീന്‍ എങ്ങനെ ചെയ്യുമെന്നോര്‍ത്ത് വിഷമിച്ചു; ഞങ്ങള്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പ് അങ്ങനെയായിരുന്നു: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th December 2022, 6:23 pm

ദിലീഷ് പോത്തന്‍ – ശ്യാം പുഷ്‌ക്കരന്‍- ഫഹദ് ഫാസില്‍- കൂട്ടുകെട്ടില്‍ എത്തിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച അഭിനേത്രിയാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തില്‍ തുടങ്ങി ഷാജി കൈലാസിന്റെ കാപ്പ വരെയെത്തിനില്‍ക്കുകയാണ് അപര്‍ണയുടെ സിനിമാ യാത്ര. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് 2020ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും അപര്‍ണ സ്വന്തമാക്കിയിട്ടുണ്ട്.

കാപ്പ സിനിമയിലെ പ്രമീള എന്ന കഥാപാത്രം മികവുറ്റതാക്കാന്‍ അപര്‍ണക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രമാണ് പ്രമീള.
സിനിമയില്‍ ആസിഫ് അലിക്കൊപ്പമുള്ള സീനുകള്‍ ചെയ്തപ്പോള്‍ നേരിട്ട ചില വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ.

ആസിഫിനൊപ്പം ചില സീനുകള്‍ ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നെന്നും എന്നാല്‍ അതിനെ ഒരു വിധത്തില്‍ മറികടന്നെന്നുമാണ് അപര്‍ണ പറയുന്നത്.

ആസിഫിനെക്കാള്‍ കുറച്ചുകൂടെ പ്രായം തോന്നിക്കുന്ന, പവര്‍ തോന്നിക്കുന്ന ഒരു കഥാപാത്രമാണല്ലോ അപര്‍ണയുടേത്. ചിത്രത്തില്‍ കുറച്ച് സബ്മിസ്സിവ് ആയ രീതിയില്‍ ആണ് ആസിഫിനെ കാണിക്കുന്നത്. എങ്ങനെയാണ് അത്തരം രംഗങ്ങള്‍ ഹാന്‍ഡില്‍ ചെയ്തത് എന്ന ചോദ്യത്തിനായിരുന്നു അപര്‍ണയുടെ മറുപടി.

‘എനിക്കത് പൊതുവെ ബുദ്ധിമുട്ടായിരുന്നു. സത്യം പറഞ്ഞാല്‍ ആ ഫുള്‍ സ്‌ക്രിപ്റ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചിട്ടുള്ള കാര്യം അത് എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നതായിരുന്നു. പക്ഷെ ആസിഫ് ഇക്ക നന്നായി ഹെല്‍പ് ചെയ്തു.

നീ കുറച്ചുകൂടെ പവറില്‍ സംസാരിക്കെന്ന് ആസിഫ് ഇക്ക പറഞ്ഞു. പിന്നെ എന്തോ ആ ഒരു സമയത്ത് അങ്ങനെ വന്നു. ഞാന്‍ ആസിഫിനെ സഹായിക്കുന്നു എന്നതിലുപരി അതില്‍ ഒരു പവര്‍ തോന്നിക്കണമല്ലോ. എനിക്ക് നിങ്ങളെക്കാളും പവര്‍ ഉണ്ടെന്ന് തോന്നിപ്പിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. നമ്മളിത്രയും നാള്‍ ചെയ്ത ക്യാരക്ടറേറ്റ്‌സ് അതുപോലുള്ളതല്ല. ഞങ്ങള്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പും അതുപോലുള്ളതല്ലല്ലോ അതുകൊണ്ട് എനിക്കത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.’അപര്‍ണ പറഞ്ഞു.

സെറ്റില്‍ ചെല്ലുമ്പോള്‍ തന്നെ നമുക്ക് വീട്ടില്‍ ചെന്നത് പോലുള്ള ഫീലാണ്. അത്രയും സ്‌നേഹമാണ് അവിടെയുള്ള ഓരോരുത്തര്‍ക്കും. ഇത്രയും എക്‌സ്പീരിയന്‍സുള്ള ഇത്രയും ഹിറ്റ്സ് കൊടുത്തിട്ടുള്ള ഒരു ഡയറക്ടറിന്റെ കൂടെ ഞാന്‍ ഇതുവരെ വര്‍ക് ചെയ്തിട്ടില്ല.

ഷാജി സാറിനെ പോലുള്ള ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ എന്റെ മനസ്സില്‍ കുറെ ഡൗട്ടുകളും ടെന്‍ഷനുമുണ്ടായിരുന്നു. സാറിന്റെയൊക്കെ എക്‌സ്പീരിയന്‍സ് വെച്ച് നോക്കുമ്പോള്‍ ഞാന്‍ ഇപ്പോള്‍ സിനിമയിലേക്ക് വന്നിട്ടേയുള്ളുവെന്ന് പറയാം.

സാര്‍ പ്രതീക്ഷിക്കുന്നത് എന്തായിരിക്കും എന്നൊക്കെ ആലോചിച്ച് എനിക്ക് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. പക്ഷെ വര്‍ക്ക് ചെയ്ത് തുടങ്ങിയപ്പോള്‍ അതൊക്കെ മാറി. ഒരു പ്രഷറും സാര്‍ തരില്ല. ആക്ടേഴ്സിന്റെ അടുത്തുനിന്ന് എന്താ വേണ്ടതെന്ന് എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. അത് അദ്ദേഹം പറയും. നമ്മള്‍ ചെയ്താല്‍ മാത്രം മതി. എന്നെ സംബന്ധിച്ചിടത്തോളം വളരെ സര്‍പ്രൈസിങ് ആയിരുന്നു കാപ്പയുടെ സെറ്റ്, അപര്‍ണ പറഞ്ഞു.

കടുവയുടെ വന്‍ വിജയത്തിന് ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ എത്തിയ ചിത്രണ് കാപ്പ. തിരുവന്തപുരം നഗരത്തില്‍ ഒരു കാലത്ത് അഴിഞ്ഞാടിയിരുന്ന ക്വട്ടേഷന്‍ ഗാങ്ങുകളുടെ തീരാത്ത കുടിപ്പകയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അപര്‍ണ ബാലമുരളി, ആസിഫ് അലി, പൃഥ്വിരാജ് സുകുമാരന്‍, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.