ദൈവത്തിനും ചക്രവര്‍ത്തിക്കും ഇടയില്‍ ഒരാള്‍. അതൊരു കൂട്ടം ആളുകളുമാകാം. പക്ഷേ അതിന്റെ ശബ്ദം എപ്പോഴും ഒന്നാണ്. അവര്‍ എപ്പോഴും മറഞ്ഞിരുന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുക. അവര്‍ക്കെന്നും വെളിച്ചത്തിലേക്ക് വരാന്‍, ലോകത്തെ അഭിമുഖീകരിക്കാന്‍ പേടിയാണ്. എമ്പുരാന്‍ എന്ന സിനിമയുടെ ആദ്യഭാഗത്ത് മുരളി ഗോപി പറയുന്ന കാര്യം അതാണ്.
ചരിത്രാതീതകാലം മുതല്‍ക്ക് തന്നെ അധികാരത്തെ നിയന്ത്രിച്ചിരുന്നത് സമാന്തരമായിരിക്കുന്ന ഏതോ ഒരു നിഗൂഢ ശക്തിയാണ്. ആ നിഗൂഢ ശക്തി ഒരിക്കലും ജനങ്ങളുടെ പ്രതിനിധികള്‍ ആയിരുന്നില്ല. അവര്‍ ഏതെങ്കിലും മതത്തിന്റെയോ, ഗോത്രങ്ങളുടെയോ, കച്ചവടക്കാരുടെയോ ഭാഗത്തായിട്ടാണ് നില്‍ക്കാറുള്ളത്.
അത്തരം നിഗൂഢ ശക്തികള്‍ അധികാരം ലഭിക്കുന്നതിനുവേണ്ടി എന്തും ചെയ്യും. ഏതറ്റം വരെയും പോകും.
അവര്‍ക്ക് പ്രധാനം അവരുടെ രാഷ്ട്രീയവും അതിലൂടെ ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്ന അധികാരവും ലാഭവും മാത്രമാണ്.
എമ്പുരാന്‍ എന്ന സിനിമയുടെ തുടക്കത്തില്‍ തന്നെ സുഭദ്രാബെന്‍ എന്ന നാട്ടുപ്രമാണി പറയുന്നത്- ഈ ഭ്രാന്തിന് അടുത്ത ദിവസം ആകുമ്പോഴേക്കും ശമനം ഉണ്ടാകും. നാളത്തെ സൂര്യന്‍ പുതിയ പ്രകാശവുമായി ഉദിച്ചു വരട്ടെ എന്നാണ്.
എമ്പുരാന്‍ സിനിമയില്‍ നിഖാത് ഖാന്‍ അവതരിപ്പിച്ച സുഭദ്ര ബെന്‍ എന്ന കഥാപാത്രം
ഇതെപ്പോഴും മനുഷ്യര്‍ക്കിടയില്‍ സ്‌നേഹവും സാഹോദര്യവും പരസ്പര സഹകരണവും എന്നും നിലനില്‍ക്കണമേ എന്ന് ഉള്ളുകൊണ്ട് ആഗ്രഹിക്കുന്ന മനുഷ്യരുടെ ചിന്തയും പ്രാര്‍ത്ഥനയും ആണ്. മതത്തിന്റെ പേരില്‍ മനുഷ്യരെ പരസ്പരം ശത്രുവാക്കി തമ്മിലടിപ്പിച്ച് ലാഭം കൊയ്യുന്നവരുടെ ബുദ്ധി തെളിയേണമേ എന്നാണ് അവര്‍ അവിടെ പറയുന്നത്. അത് എല്ലാ കാര്‍മേഘങ്ങളെയും വകഞ്ഞുമാറ്റി പ്രകാശിക്കുമെന്ന് അവര്‍ പ്രത്യാശിക്കുന്നുമുണ്ട്.
കലാപത്തില്‍ നിന്നും രക്ഷപ്പെട്ടു എന്ന് കരുതിവരുന്ന ആളോട് അവര്‍ പറയുന്ന വേറൊരു വാചകം കൂടിയുണ്ട്. അതാണ് യഥാര്‍ത്ഥത്തില്‍ ഈ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം. നമ്മുടെ രാജ്യത്ത് ഈ കാണുന്ന കലാപങ്ങളെല്ലാം രാഷ്ട്രീയത്തിന് വേണ്ടിയാണ്. അക്രമങ്ങളെല്ലാം അധികാരത്തിന് വേണ്ടിയാണ്. അധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രീയ ലാഭക്കളികള്‍ ആണിത്. ഇതല്ല സാധാരണ മനുഷ്യരുടെ വിശ്വാസവും സംസ്‌കാരവുമെന്ന് വളര്‍ന്നുവരുന്ന തലമുറകളോടു പറയണം. മനുഷ്യരെ വിഭജിച്ച് രാഷ്ട്രീയ ലാഭത്തിനുവേണ്ടി തമ്മിലടിപ്പിക്കുന്ന ഏത് ശക്തിക്കും ലക്ഷ്യം ഒന്നു മാത്രമേയുള്ളൂ. അധികാരം!
രാഷ്ട്രീയാധികാരം ലഭിക്കുന്നതിന് മുന്നില്‍ മതമെന്നോ ജാതിയെന്നോ സ്ത്രീയെന്നോ മനുഷ്യരെന്നോ മൃഗമെന്നോ ഒന്നും അവര്‍ ചിന്തിക്കുന്നില്ല. അത്തരം വേര്‍തിരിവുകളൊന്നുമില്ല. തങ്ങള്‍ക്കെതിരായി വരുന്നതിനെയെല്ലാം ശത്രുപക്ഷമായി അവര്‍ വ്യാഖ്യാനം ചമക്കുന്നു.
പൃഥ്വിരാജ് സുകുമാരന്‍
പൃഥ്വിരാജ് സുകുമാരനെ തീവ്രവാദമുദ്ര കുത്തി അക്രമിക്കുന്നു. ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. അകമേ ഭയമുള്ളവരാണ് സത്യത്തെ ഭയക്കുന്നത്. അതുകൊണ്ടാണ് ആള്‍ക്കൂട്ടത്തെ മാത്രം കാണുന്നത്. അത് വലതുപക്ഷത്തിന്റെ ശക്തിയാണ്. അതേ സമയം ഭീരുത്വവും. മുഖമില്ലാത്തവരാണ് അവര്‍. അവര്‍ തോക്കുമായിട്ടാണ് എന്നും നടക്കുന്നത്. സിനിമയിലും നമുക്കത് കാണാം.
ചരിത്രത്തില്‍ നാഥൂറാം വിനായക് ഗോഡ്‌സെ മതമൈത്രിക്ക് വേണ്ടി നിലകൊണ്ടതിന് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നിട്ടാണ് ഹിന്ദുത്വത്തിന്റെ പ്രതിഷ്ഠ നടത്താന്‍ ശ്രമിച്ചത്. പക്ഷെ ആ രക്തസാക്ഷിത്വമാണ് ഇന്ത്യയെന്ന ബഹുസ്വരതയെ രക്ഷിച്ചത്. അങ്ങനെയുള്ള ദയാലുക്കളെ എന്നും അവര്‍ കൊന്നുകൊണ്ടേയിരിക്കും. സിനിമയിലും അതുണ്ട്. വര്‍ത്തമാനകാല രാഷ്ഠ്രീയത്തിലും അവരത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ അങ്ങനെ നിരവധി പേര്‍.
എം.എം. കല്‍ബുര്‍ഗി | നരേന്ദ്ര ധബോല്‍ക്കര്‍ | ഗൗരി ലങ്കേഷ് | ഗോവിന്ദ് പന്‍സാരെ
അവര്‍ മുന്നില്‍ കാണുന്നതിനെയെല്ലാം നശിപ്പിക്കാന്‍ തുനിയുന്നു. എപ്പോഴും ഭയത്തിന്റെ ഒരു വാള്‍ അവര്‍ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്നുണ്ട്. ആ ഭയത്തെ അവര്‍ നിരന്തരം ജ്വലിപ്പിച്ചു നിര്‍ത്തുന്നു. ഭയത്തെ ജ്വലിപ്പിച്ചു നിര്‍ത്തണമെങ്കില്‍ അപ്പുറത്ത് ഒരു ശത്രുപക്ഷം ഉണ്ടാവണം. ആ ശത്രുവിനെ കാണിച്ചാണ് ഇപ്പുറത്ത് ആളെ കൂട്ടുന്നത്. അക്രമം നടത്തുന്നത്. ഇതാണ് വലതുപക്ഷത്തിന്റെ നയം. ഇങ്ങനെയാണ് നയരൂപീകരണം ഉണ്ടാക്കുന്നത്.
ചരിത്രാതീത കാലഘട്ടം മുതല്‍ തന്നെ വലതുപക്ഷം വളരെ ശക്തമാണ്. അവര്‍ക്ക് പുതുതായിട്ട് ഒരു ആയുധവും സംസ്‌കാരവും ഉണ്ടാക്കിയെടുക്കേണ്ടതില്ല. പഴയതിനെ, ചത്തു മണ്ണോട് മണ്ണായതിനെ ഇന്നും നിലനില്‍ക്കുന്നതായി അവര്‍ ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും. സ്വന്തം അച്ഛന്റെയോ അമ്മയുടെയോ അവരുടെ അച്ഛന്റെയോ അമ്മയുടെയോ, അല്ലെങ്കില്‍ ഒരു മൂന്നോ നാലോ തലമുറയ്ക്ക് അപ്പുറത്തേക്ക് മാത്രം ഓര്‍മ്മയുള്ളവരായിരിക്കും നമ്മള്‍.
ആ നമ്മളെ നൂറും ആയിരവും വര്‍ഷങ്ങള്‍ പഴക്കമുള്ള, ഏതോ കാലത്ത് ജീവിച്ചു മരിച്ച, തമ്മില്‍ കൊന്നൊടുക്കിയ അധികാരത്തിന്റെയും തര്‍ക്കങ്ങളുടെയും കഥ പറഞ്ഞും, ചിഹ്നങ്ങളുടെയും ഭാഷയുടെയും കഥ പറഞ്ഞും- ഇന്നും അധികാരം നിലനിര്‍ത്താന്‍ വേണ്ടി ശ്രമിക്കുന്ന രാഷ്ട്രീയത്തെയാണ് എമ്പുരാന്‍ എന്ന സിനിമ ശക്തമായി വിമര്‍ശിക്കുന്നത്.
ഈ സിനിമയില്‍ എഡിറ്റ് ചെയ്ത് മാറ്റിയ ഭാഗത്ത് ഒരു മത ചിഹ്നം വരുന്നത് വലതുപക്ഷത്തിന് അലോസരമുണ്ടാക്കുന്നതാണ്. അത് ആദിമ കാലഘട്ടം മുതല്‍ തന്നെ മനുഷ്യന്‍ ഉപയോഗിച്ച ആയുധമാണ്. അക്രമത്തിന്റെ ഭാഷയില്‍ വേട്ടയാടാന്‍ ഉപയോഗിച്ച ഒരു ആയുധമാണ് അതെന്നു പറയാം. അതിന് ആത്മീയതയുടെ മറ്റൊരു പരിവേഷവും കൊടുക്കാറുണ്ട്. ഇതിനെ രണ്ടുതരത്തിലും വലതുപക്ഷം ഉപയോഗിക്കുന്നത് നമുക്ക് കാണാന്‍ കഴിയും.
ഇത്തരം ബന്ധങ്ങളെയും പരസ്പരവിശ്വാസത്തെയും നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും കഴിഞ്ഞാല്‍ മാത്രമേ ഫാസിസ്റ്റ് നിലപാടുകളെ ചെറുക്കാനാകൂ.
ശത്രുവിനെ നശിപ്പിക്കാന്‍ ഇരുട്ടിന്റെ മറയില്‍ ഉപയോഗിക്കുന്ന ആയുധത്തെ പകല്‍വെളിച്ചത്തില്‍ നമ്മുടെ സംസ്‌കാരത്തിന്റെ, നമ്മുടെ പിതാമഹന്മാരുടെ ഐതിഹ്യ കഥകള്‍ പറഞ്ഞു ഉള്ളില്‍ രൂഢമൂലമായി ഉറപ്പിക്കും. അതാണ് വലതുപക്ഷ രാഷ്ട്രീയം.
ഹിറ്റ്‌ലറും മുസ്സോളനിയും ഇന്ത്യയില്‍ ഹിന്ദുത്വയും ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമിയും എല്ലാം ഉപയോഗിക്കുന്നത് ഒരേ രാഷ്ട്രീയം തന്നെയാണ്. വെറുപ്പിന്റെ രാഷ്ട്രീയമാണത്. അതവരുടെ നയമാണ്. ആ നായത്തെയാണ് ഇവിടെ വിമര്‍ശിക്കുന്നത്.
ഒരു ഹവേലിയുടെ ഉടമയായ സ്ത്രീ- ഇവിടെ നടക്കുന്നതെല്ലാം രാഷ്ട്രീയ ലാഭത്തിനു വേണ്ടിയിട്ടുള്ള കളികളാണ്, ഇതൊന്നും അല്ല യഥാര്‍ത്ഥ ഭക്തിയും യഥാര്‍ത്ഥ ജീവിതവും എന്ന് പറയാതെ പറയുന്നു സുഭദ്രാബെന്‍. മനുഷ്യര്‍ സമാധാനത്തിലാവുമ്പോള്‍ മാത്രമേ പരസ്പര വിശ്വാസം ഉണ്ടാവുള്ളൂ.
ആ പരസ്പര വിശ്വാസത്തില്‍ നിന്ന് മാത്രമേ അപ്പുറത്ത് ഇരിക്കുന്നവരും ഞാനും ഒന്നാണെന്ന് ബോധം ഉണ്ടാവുകയുള്ളൂ. ആ ബോധത്തില്‍ നിന്ന് മാത്രമേ അപ്പുറത്ത് ഇരിക്കുന്ന ആളോട്, അവര്‍ വേറെ മതവിശ്വാസം പുലര്‍ത്തുന്നവരാണെങ്കിലും അള്ളാഹു നിങ്ങളെ കാത്തുരക്ഷിക്കട്ടെ എന്ന് ഉള്ളു നൊന്ത് പ്രാര്‍ത്ഥിക്കാന്‍ പറ്റുള്ളൂ. തിരിച്ച് ആ മതവിശ്വാസിയോട് മറ്റേയാള്‍ക്ക് രാമന്‍ നിങ്ങളെയും കാത്തുരക്ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ കഴിയുള്ളൂ. ഈ സാഹോദര്യമാണ് എന്നും വലതുപക്ഷത്തിന് തലവേദന ആയിട്ടുള്ളത്.
ഇത്തരം ബന്ധങ്ങളെയും പരസ്പരവിശ്വാസത്തെയും നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും കഴിഞ്ഞാല്‍ മാത്രമേ ഫാസിസ്റ്റ് നിലപാടുകളെ ചെറുക്കാനാകൂ. അത്തരം ചെറുത്തു നില്പുകള്‍ക്ക് എന്നും ഊര്‍ജ്ജം പകര്‍ന്നത് ജനാധിപത്യവാദികളും കമ്മ്യൂണിസ്റ്റുകളുമായിരുന്നു. അവര്‍ മുന്നിട്ടിറങ്ങുന്നതുകൊണ്ടു കൂടിയാണ് ഇന്ത്യയിലെ സംഘപരിവാരത്തിന് അന്യമതസ്ഥരും കലാകാരന്മാരും സ്വാതന്ത്ര്യം സ്വപ്‌നം കാണുന്നവരും കമ്മ്യൂണിസ്റ്റുകളും എതിര്‍പക്ഷമാണെന്ന് അവര്‍ പ്രചരിപ്പിക്കുന്നത്.
എം.എസ്. ഗോള്‍വാള്‍ക്കര്‍ | സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയോട് ആര്‍.എസ്.എസിന്റെ നിരോധനം നീക്കണമെന്നു പറഞ്ഞ് മാധവ സദാശിവ ഗോള്‍വാല്‍ക്കര്‍ എഴുതിയ കത്ത് അതിനുദാഹരണമാണ്. ആര്‍.എസ്.എസിന്റെ നിരോധനം നീക്കുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളോടൊത്ത് ചേര്‍ന്ന് കമ്മ്യൂണിസ്റ്റുകളെ ഇവിടെ നിന്നും തുടച്ചുനീക്കാന്‍ സഹായിക്കാം എന്നാണ് അതിലെ ഉള്ളടക്കം.
വലതുപക്ഷം എന്നും ചെയ്തിരുന്നത് ഇതാണ്. ആ രാഷ്ട്രീയ കാഴ്ചപ്പാടിനെയാണ് ഇന്ത്യയില്‍ നടന്ന മുഴുവന്‍ കലാപങ്ങളുടെയും പശ്ചാത്തലത്തില്‍ ഈ സിനിമ വിമര്‍ശിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപം ആണെങ്കിലും അതിനുമുമ്പും ശേഷവും നടത്തിയ ചെറുതും വലുതുമായ എല്ലാ കലാപവും ഇതേപോലെയാണ്. അതാണ് ഇവരെ ഒരു സിനിമയ്ക്ക് എതിരെ ഇത്ര ശക്തമായി രംഗത്ത് വരാന്‍ ഇടയാക്കിയത്.
ചില അക്ഷരങ്ങള്‍ കേള്‍ക്കുമ്പോള്‍, പേരുകള്‍ കേള്‍ക്കുമ്പോള്‍ സംഘപരിവാരം ഭയക്കും. ബാബു ബജ്രംഗി എന്നു കേള്‍ക്കുമ്പോള്‍, 2002 ഗുജറാത്ത് എന്നു കേള്‍ക്കുമ്പോള്‍, നരോദ പാടിയ എന്നു കേള്‍ക്കുമ്പോള്‍ എല്ലാം അവര്‍ക്ക് പേടിയാണ്. കാരണം തങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്ന കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും കഥകളുണ്ട് ആ പേരുകളിലും വര്‍ഷങ്ങളിലും.
ഈ സാഹോദര്യമാണ് എന്നും വലതുപക്ഷത്തിന് തലവേദന ആയിട്ടുള്ളത്.
അതുകൊണ്ടാണ് മഹാത്മാഗാന്ധി എന്ന് കേള്‍ക്കുമ്പോള്‍, മണിപ്പൂര്‍ എന്ന് കേള്‍ക്കുമ്പോള്‍, മലേഗാവ് എന്നു കേള്‍ക്കുമ്പോള്‍ എല്ലാം അവര്‍ ഭയക്കുന്നത്. ഈ സിനിമ ഗുജറാത്തിലെ കലാപമാണ് കാണിച്ചതെങ്കില്‍, അതിന്റെ പശ്ചാത്തലത്തില്‍ ഇന്നും നടക്കുന്ന എല്ലാ അക്രമത്തിനെയും കടന്നുകയറ്റത്തെയും കണ്ണുതുറന്ന് കാണേണ്ടതാണ്.
വിഭജിച്ച് ഭരിക്കുക എന്നുള്ളത് എന്നും വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്വമാണ്. സംസ്‌കാരത്തിന്റെ പേരില്‍ വിഭജിക്കുക എന്നുള്ളതാണ് അതിനെ എളുപ്പം സാധ്യമാക്കുക. പുതുതായിട്ട് ഒന്നും പഠിപ്പിക്കേണ്ടതില്ല അതിന്. തലമുറ തലമുറകളായി വരുന്ന വിശ്വാസത്തിന്റെ പേരില്‍ ഞങ്ങള്‍ ഇന്ന ജാതിക്കാരാണ് ഇന്ന മതക്കാരാണ് എന്ന് ഉള്ളിന്റെ ഉള്ളില്‍ ഒരു വിഭജനം കാത്തുസൂക്ഷിക്കുന്ന മനുഷ്യരെ വിഭജിക്കാന്‍ എളുപ്പമാണ്. ചിഹ്നങ്ങളും ഭാഷകളും എല്ലാം വേരൊരു തരത്തില്‍ മതമാണ്. അതുകൊണ്ടാണ് വലത് രാഷ്ട്രീയം തെക്ക്-വടക്ക് എന്ന് ഇന്ത്യയെ ആദ്യം വിഭജിച്ചത്. തുടര്‍ന്ന് ഇങ്ങോട്ട് വിഭജനങ്ങളുടെ പല പതിപ്പുകളും നമ്മള്‍ കണ്ടു.
ഇത് സിനിമകളുടെ കാലമാണ്. പ്രൊപ്പഗാന്റ സിനിമകളുടെ കാലമാണിത്. കേരള സ്റ്റോറിയും കാശ്മീര്‍ ഫയല്‍സും സബര്‍മതിയും ഛാവയും എന്നുവേണ്ട പോപ്പുലര്‍ സിനിമകളില്‍ വരെ കഥാപാത്രങ്ങളെ ഇതിഹാസപാത്രങ്ങളാക്കി കൊണ്ട് പുറത്തിറങ്ങുന്ന കാലം. ഇങ്ങനെയുള്ള നിരവധി സിനിമകളും സോഷ്യല്‍ മീഡിയ വഴിയുള്ള കള്ള പ്രചരണങ്ങളും നമ്മളെ എവിടെ കൊണ്ടെത്തിച്ചു? ഇന്ത്യയിലൂടെ ഒന്ന് ഇറങ്ങി നടക്കണം. അപ്പോഴറിയാം ആ വിഭജനത്തിന്റെ ആഴം എത്രയെന്ന്. അവിടെ നമ്മുടെ ജാതിയോ മതമോ ഒന്നുമല്ല ഭൂമിശാസ്ത്രപരമായിട്ടാണ് വിഭജിക്കുന്നത്.
കാശിയില്‍ ഒരു ചിത എരിഞ്ഞടങ്ങുമ്പോള്‍ മറ്റൊരു ചിതയ്ക്കു തീ കൊളുത്തും. ഒരേ സമയം നിരവധി ചിതകളിലായി നിരവധി ശവദാഹങ്ങള്‍. നമ്മുടെ അഹങ്കാരങ്ങളെല്ലാം ഒന്നടങ്ങണമെങ്കില്‍ ഹരിശ്ചന്ദ്ര ഘാട്ടിലും മണികര്‍ണിക ഘാട്ടിലും കുറച്ചു സമയം ചെന്നിരുന്നാല്‍ മതിയെന്ന് ആലങ്കാരികമായി പറയാറുണ്ട്.
ഒന്നിനു പിറകെ മറ്റൊന്നായി ചിത കൂട്ടി ശവദാഹം നടത്തിക്കൊണ്ടിരിക്കുന്നവരും തെക്കെ ഇന്ത്യയില്‍ നിന്നാണെന്ന് പറയുമ്പോള്‍ എവിടെ നിന്നാണെന്ന് ചോദിക്കും. സ്ഥലം പറഞ്ഞാല്‍ അവര്‍ ചോദിക്കും മദ്രാസി അല്ലേയെന്ന്. സിനിമയില്‍ പറയുന്നുണ്ട് മദ്രാസിയല്ല. നമ്മള്‍ ഹിന്ദുസ്ഥാനിയെന്ന്. പക്ഷെ നമ്മള്‍ അതിനുമപ്പുറം വിശ്വപൗരനാണ് എന്നു പറയാനും പഠിക്കണം. അതും കൂടിയാണ് നമ്മുടെ സംസ്‌കാരം. പാരമ്പര്യം. അത് ഹിന്ദുത്വ ശക്തികള്‍ പറയില്ല. അതില്‍ സ്‌നേഹം മാത്രമല്ലേയുള്ളൂ. സാഹോദര്യം മാത്രമല്ലേയുള്ളൂ.
കേരളവും തമിഴ്‌നാടും ഞങ്ങള്‍ക്ക് അതായത് ഇന്ത്യക്ക് എതിരല്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്. പാവം മനുഷ്യരെക്കൊണ്ട് ചോദിപ്പിക്കുകയാണ് അത്. നിങ്ങള്‍ ഏത് മതമാണെന്നോ ജാതിയാണെന്നോ എന്നൊന്നും അവര്‍ക്കറിയേണ്ട. മദ്രാസികള്‍ ഞങ്ങള്‍ക്കെതിരാണെന്ന് സിനിമയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാമാണ് കള്ളപ്രചരണത്തിലൂടെ അവരുടെയെല്ലാം ഉള്ളില്‍ കുത്തിവെച്ചിട്ടുള്ളത്. പക്ഷെ അവരോട് കുറച്ച് സമയം സംസാരിക്കാന്‍ തയ്യാറാകുമ്പോള്‍ അവര്‍ നമ്മളുമായി സ്‌നേഹത്തിലാകുന്നു. സുഖവിവരങ്ങള്‍ ചോദിക്കുന്നു. ഭക്ഷണം തരുന്നു. ഇതാണ് ശരിയായ സംസ്‌കാരം.
ആ സ്‌നേഹത്തിനു മുകളില്‍ കയറി നിന്നാണ് കാളകൂടം പോലെയുള്ള വിഷമയമായ പ്രചാരണങ്ങള്‍. ഈ വിഷമയമായ പ്രചരണങ്ങളെ, ഈ ചോദ്യങ്ങളെ, ഈ വിഭജനത്തെ ഏത് ചിത കൂട്ടിയിട്ടാണ് ദഹിപ്പിക്കേണ്ടത്. അതിനിനി എന്നാണ് സാധിക്കുക എന്നറിയില്ല.
പക്ഷെ അതു മാറും. അതിനുമാത്രം പ്രഭാവമുള്ള ശക്തിയുള്ള ഒരു സ്വതന്ത്ര സംഘടന, ഇടതുപക്ഷ മഹാസഖ്യം ഇന്നില്ല. ഇന്നത്തെ ഏകപക്ഷീയമായ തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ മറികടക്കാന്‍ എമ്പുരാന്മാരല്ല വേണ്ടത്. ജനകീയമായ ബദല്‍രാഷ്ട്രീയമാണ്. ആ ബദല്‍ രാഷ്ട്രീയത്തിലൂടെ മാത്രമേ ഇതിനെ മറികടക്കാന്‍ കഴിയുള്ളൂ എന്ന് 24 വെട്ടിലൂടെ എമ്പുരാന്‍ നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കണം. അതാണ് ഈ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം.
CONTENT HIGHLIGHTS: Chita in Manikarnika and Politics of Empuraan