ബോളിവുഡിലെ ഇന്നത്തെ ആ മഹാനടന് അന്ന് ആഹാരം കഴിക്കാന്‍ പോലും പണമുണ്ടായിരുന്നില്ല: അനുരാഗ് കശ്യപ്
Entertainment
ബോളിവുഡിലെ ഇന്നത്തെ ആ മഹാനടന് അന്ന് ആഹാരം കഴിക്കാന്‍ പോലും പണമുണ്ടായിരുന്നില്ല: അനുരാഗ് കശ്യപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th September 2024, 8:18 am

1998ല്‍ രാം ഗോപാല്‍ വര്‍മ്മയുടെ സത്യ എന്ന ചിത്രത്തിലൂടെ സഹരചയിതാവായി കരിയര്‍ ആരംഭിച്ച അനുരാഗ് കശ്യപ് ഇന്ന് ഹിന്ദി സിനിമയിലെ ഏറ്റവും പ്രമുഖ സംവിധായകരില്‍ ഒരാളാണ്. 1999ല്‍ ഷൂല്‍ എന്ന ചിത്രത്തിന് വേണ്ടി സംഭാഷണങ്ങള്‍ എഴുതിയത് കശ്യപ് ആയിരുന്നു.

ഈ സിനിമയില്‍ കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള അനുരാഗ് കശ്യപ്, രാജ്പാല്‍ യാദവിനെ ആദ്യമായി റെയില്‍വേ സ്റ്റേഷനില്‍ കണ്ടപ്പോള്‍ നവാസുദ്ദീന്‍ സിദ്ദിഖി രാജ്പാല്‍ യാദവിന്റെ സ്യൂട്ട്‌കേസ് ചുമക്കുകയായിരുന്നെന്ന് പറയുന്നു. ആര്‍.കെ.സെഡ് തിയേറ്ററുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ സമയത്ത് രാജ്പാല്‍ വിഷാദത്തിലായിരുന്നുവെന്നും എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നെന്നും കശ്യപ് കൂട്ടിച്ചേര്‍ത്തു. ബ്ലാക്ക് ഫ്രൈഡേ നടന്‍ അഷ്റഫ് ഉല്‍ ഹഖ് അദ്ദേഹത്തെ അനുരാഗിന് ശുപാര്‍ശ ചെയ്‌തെന്നും അതിന് ശേഷം രാജ്പാലിനെയും നവാസുദ്ദീനെയും റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കണ്ടപ്പോള്‍ നവാസുദ്ദീന്‍ രാജ്പാല്‍ യാദവിന്റെ സ്യൂട്ട്‌കേസ് ചുമക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഭക്ഷണത്തിന് പണമില്ലെന്ന് നവാസ് പറഞ്ഞു, അതിനാല്‍ അവന്‍ എന്തും ചെയ്യും. മനോജ് (ബാജ്പേയ്), രവീണ (ടണ്ടന്‍) എന്നിവര്‍ക്കൊപ്പമുള്ള ഒരു രംഗത്തില്‍ നവാസ് വെയിറ്ററായിരുന്നു. നിങ്ങള്‍ ഇന്ന് ആ സിനിമ കാണുകയാണെങ്കില്‍, നവാസ് വളരെ മെലിഞ്ഞവനായിരുന്നതായി കാണാം,’ അനുരാഗ് കശ്യപ് പറയുന്നു.

മുന്ന ഭായ് എം.ബി.ബി.എസ്, ബ്ലാക്ക് ഫ്രൈഡേ, ജംഗിള്‍, ഷൂല്‍, സഫറോഷ് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തതിന് ശേഷം അനുരാഗ് കശ്യപിന്റെ ഗാങ്‌സ് ഓഫ് വാസിപൂര്‍ എന്ന ചിത്രത്തിലൂടെ നവാസുദ്ദീന്‍ സിദ്ദിഖി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഗാങ്സ് ഓഫ് വാസിപൂര്‍ 2ല്‍ ഫൈസല്‍ ഖാന്‍ എന്ന പ്രധാന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു.

Content Highlight: Anurag Kashyap recalls Nawazuddin Siddiqui was carrying Rajpal Yadav’s suitcase when he first met