പല സോഴ്‌സുകള്‍ പലതും പബ്ലിഷ് ചെയ്യാന്‍ തരും. അതില്‍ ഏത് പ്രസിദ്ധീകരിക്കണം എന്നുള്ളത് ഒരു എഡിറ്റോറിയല്‍ തീരുമാനമാണ്. ഒരു കൊലപാതകം നടന്നാല്‍ മറ്റൊരു വാര്‍ത്തയും പിന്നീട് എടുക്കാതെ അത് മാത്രം വിചാരണ ചെയ്തുകൊണ്ടിരിക്കുന്നത് ശരിയാണോ എന്ന് മാധ്യമങ്ങള്‍ തീരുമാനിക്കട്ടെ.
എന്റെ ഓര്‍മയില്‍ ഇന്ത്യയിലെ ആദ്യത്തെ തത്സമയ മാധ്യമവിചാരണ നടന്ന കൊലപാതകം 2008ല്‍ നോയിഡയില്‍ ആരുഷി തല്‍വാറിന്റേതാണ്. ആ കേസ് ഇന്നും അണ്‍സോള്‍വ്ഡ് ആണെന്നാണ് അറിവ്. കേസില്‍ ഉള്‍പ്പെട്ട എല്ലാ മനുഷ്യരുടേയും ജീവിതത്തെ അന്വേഷണ ഏജന്‍സികള്‍ സമ്പൂര്‍ണ മാധ്യമവിചാരണക്ക് വിട്ടുകൊടുത്തു. ആദ്യം ആരുഷിയെ കൊല ചെയ്തു എന്ന് പൊലീസ് പറഞ്ഞ ഹേംരാജിന്റെ മൃതദേഹം തൊട്ടടുത്ത ദിവസം കിട്ടി.
അതുവരെയും പൊലീസ്-മീഡിയ നെക്‌സസ് ഹേംരാജിനെ 13 വയസുള്ള പെണ്‍കുട്ടിയുടെ കൊലപാതകി ആക്കി. ഹേംരാജിന്റെ മൃതദേഹം കണ്ടെടുത്ത ശേഷം ആരുഷിയുടെ മാതാപിതാക്കള്‍ക്ക്, വിശേഷിച്ചും രാജേഷ് തല്‍വാറിനെ നേരെ ആയി വിചാരണ. സ്വകാര്യ സംഭാഷണങ്ങളും ചിത്രങ്ങളും അടക്കം യെല്ലോ ജേണലിസത്തിന് വിധേയമായി. ഒരു ഘട്ടത്തില്‍ മീഡിയാ ട്രയലിനെതിരെ സുപ്രീം കോടതിക്ക് പോലും സംസാരിക്കേണ്ടിവന്നു. പിന്നീട് എത്രയെത്ര കൊലപാതകങ്ങള്‍ 24×7 മാധ്യമവിചാരണ നേരിട്ടു.
എത്രയെത്ര ജീവിതങ്ങള്‍ യാതൊരു ഡിഗ്‌നിറ്റിയും ഇല്ലാതെ കീറിമുറിക്കപ്പെട്ടു. ഒരു മനുഷ്യനോട് ചെയ്യാവുന്ന എല്ലാ വയലന്‍സും കൊലപാതകികളാല്‍ ചെയ്യപ്പെട്ട ഇലന്തൂര്‍ കൊലപാതകത്തില്‍ ഒരു ചാനല്‍ ചര്‍ച്ചയ്ക്ക് കാര്‍ഡ് തയാറാക്കിയത് ഇങ്ങനെ.. ‘(ഇരയുടെ പേര്) മസാലപുരട്ടി ഫ്രിഡ്ജില്‍ വച്ചു, എന്തിന്?’ ഇപ്പോള്‍ പാറശ്ശാല കൊലപാതകത്തിലും സ്വകാര്യ ചാറ്റുകള്‍ പൊതുസമൂഹത്തിന് മുന്നിലേക്ക് മാധ്യമങ്ങള്‍ വച്ചിരിക്കുകയാണ്. അത് ശരിയല്ല എന്ന ഇന്‍സ്റ്റിങ്റ്റീവായ ചിന്ത പോലും നമുക്ക് വരാത്തത് പ്രൈവസിയെ കുറിച്ച്, മനുഷ്യന്റെ ഡിഗ്‌നിറ്റിയെ കുറിച്ച് അത്ര അയഞ്ഞ പൊതുബോധം നിലനില്‍ക്കുന്നതുകൊണ്ടാണ്.
പല സോഴ്‌സുകള്‍ പലതും പബ്ലിഷ് ചെയ്യാന്‍ തരും. അതില്‍ ഏത് പ്രസിദ്ധീകരിക്കണം എന്നുള്ളത് ഒരു എഡിറ്റോറിയല്‍ തീരുമാനമാണ്. ഒരു കൊലപാതകം നടന്നാല്‍ മറ്റൊരു വാര്‍ത്തയും പിന്നീട് എടുക്കാതെ അത് മാത്രം വിചാരണ ചെയ്തുകൊണ്ടിരിക്കുന്നത് ശരിയാണോ എന്ന് മാധ്യമങ്ങള്‍ തീരുമാനിക്കട്ടെ. അവര്‍ക്ക് അതിന് കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരിന് കര്‍ശനമായ നയപരമായ ചട്ടക്കൂടുകള്‍ വേണ്ടിവരും. അത് ആര്‍ക്കും നല്ലതല്ല. പ്രത്യേകിച്ചും വലതുപക്ഷം അധികാരമാളുന്ന നാട്ടില്‍.