ഗൗതം വാസുദേവ് മേനോന്റെ പുതിയ ചിത്രം ‘വെന്ത് തണിന്തത് കാട്’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അതേസമയം ചിത്രത്തിലെ ചില പോരായ്മകളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പ്രശസ്ത സിനിമാ നിരൂപക അനുപമ ചോപ്ര ഇത്തരത്തിലുള്ളൊരു അഭിപ്രായം ട്വീറ്റ് ചെയ്തിരുന്നു. അത് ഷെയര്‍ ചെയ്ത് ഗൗതം മേനോന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
സിനിമയുടെ ആദ്യ പകുതി ഗംഭീരമായിരുന്നെന്നും എന്നാല്‍ രണ്ടാം പകുതി അത്രക്ക് നന്നായിരുന്നില്ലെന്നുമായിരുന്നു അനുപമ ചോപ്രയുടെ ട്വീറ്റ്.
‘വെന്ത് തണിന്തത് കാടിന്റെ ആദ്യ പകുതി അതിഗംഭീരമായിരുന്നു. സംവിധായകനായ ഗൗതം മേനോന്‍ ഇമോഷനും വയലന്‍സും കേന്ദ്ര കഥാപാത്രത്തെ കുറിച്ചുള്ള വലിയ ചോദ്യങ്ങളും അയാളുടെ വിധിയുമെല്ലാം പെര്‍ഫെക്ടായി ബാലന്‍സ് ചെയ്തിട്ടുണ്ട്. സെക്കന്റ് ഹാഫ് ഈ ആദ്യ പകുതിക്കൊമെത്തുന്നില്ല. എന്നാല്‍ സിലമ്പരസന്റെ കിടിലന്‍ പെര്‍ഫോമന്‍സ് ആ കുറവ് നികത്തി പടത്തെ കരകയറ്റുന്നുണ്ട്. സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു,’ എന്നായിരുന്നു അനുപമ ചോപ്രയുടെ കമന്റ്.
ഈ ട്വീറ്റിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഗൗതം മേനോന്റെ മറുപടി. സിനിമയുടെ ആത്മാവെന്ന് ഞങ്ങള്‍ കരുതുന്ന ഭാഗങ്ങളെല്ലാം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ എനിക്ക് ഏറെ സന്തോഷമുണ്ടെന്നാണ് ഗൗതം മേനോന്റെ വാക്കുകള്‍.
I’m really glad you’ve liked most of what we intended to be the core of the film. Thank you! https://t.co/hyWESo55De
— Gauthamvasudevmenon (@menongautham) September 17, 2022
സെപ്റ്റംബര്‍ 15നാണ് വെന്ത് തണിന്തത് കാട് റിലീസ് ചെയ്തത്. ഒരു ഇടവേളക്ക് ശേഷം ഗൗതം മേനോന്‍ എന്ന സംവിധായകന്റെ മികച്ച സൃഷ്ടി കാണാനായി എന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
സംവിധായകന്റെ അവസാന ചിത്രങ്ങളെല്ലാം നിരാശയായിരുന്നു സമ്മാനിച്ചതെങ്കില്‍, ‘നീ താനേ എന്‍ പൊന്‍വസന്തം’ വരെയുണ്ടായിരുന്ന ഗൗതം മേനോനെ ഈ സിനിമയിലൂടെ കുറച്ചെങ്കിലും തിരിച്ചുകിട്ടിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ഗൗതം മേനോന്റെ കംഫര്‍ട്ട് ഏരിയയായ പ്രണയരംഗങ്ങള്‍ അത്രക്ക് മികച്ചതായിരുന്നില്ലെന്നും ചിലയിടത്ത് ലാഗ് അനുഭവപ്പെട്ടുവെന്നും അഭിപ്രായങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ മൊത്തത്തില്‍ സിനിമ, പ്രത്യേകിച്ച് ആദ്യ പകുതി നല്ല സിനിമാനുഭവമാണെന്നാണ് ഈ അഭിപ്രായങ്ങളിലും പറയുന്നത്.