ബി.ജെ.പി വാഗ്ദാനങ്ങൾ പാലിച്ചോ എന്ന് ചോദ്യം: വാക്ക്ഔട്ട് നടത്തി അനുപം ഖേർ
national news
ബി.ജെ.പി വാഗ്ദാനങ്ങൾ പാലിച്ചോ എന്ന് ചോദ്യം: വാക്ക്ഔട്ട് നടത്തി അനുപം ഖേർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2019, 4:54 pm

ചണ്ഡിഗർ: ഭാര്യ കിരൺ ഖേറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ വാക്ക് ഔട്ട് നടത്തി അനുപം ഖേർ. ചണ്ഡിഗറിൽ ഒരു കടയിൽ കയറി പ്രചാരണം നടത്തുന്നതിനിടെ ‘ബി.ജെ.പി. ഇതുവരെ നൽകിയ വാഗ്‌ദാനങ്ങളൊക്കെ പാലിച്ചോ?’ എന്ന കടക്കാരന്റെ ചോദ്യം കേട്ടയുടനെ അനുപം ഖേർ ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ വൈറൽ ആയിരിക്കുകയാണ് അനുപം ഖേറിന്റെ വാക്ക് ഔട്ട്.

തന്റെ കടയിലേക്ക് കയറി വന്ന അനുപം ഖേറിനോട് തനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞായിരുന്നു കടയുടമ ചോദ്യം തൊടുത്തത്. ‘എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിങ്ങൾ കുറച്ച് വാഗ്ദാനങ്ങൾ തന്നിരുന്നു. തന്റെ ചോദ്യം കടയുടമ പൂർത്തിയാക്കും മുൻപേ തന്നെ അനുപം മുഖം തിരിച്ച് പുറത്തേക്ക് നടന്നു പോകുകയായിരുന്നു. നിരവധി പേരാണ് അനുപം ഖേറിന്റെ ഈ പ്രവൃത്തിക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ ഈ സംഭവം കോൺഗ്രസിന്റെ നീക്കമാണെന്നാണ് അനുപം ഖേർ വാദിക്കുന്നത്. തന്നെ നാണം കെടുത്താനുള്ള നീക്കങ്ങൾ കോൺഗ്രസ് നടത്തുന്നുണ്ടെന്ന് തനിക്ക് അറിയാവുന്നതാണെന്നും അനുപം ഖേർ പറയുന്നു.

‘ഇന്നലെ കിരൺ ഖേറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ ഒരു കടയിൽ കയറിയിരുന്നു. അവിടെ എന്നെ അപമാനിക്കുന്നതിന് വേണ്ടി കോൺഗ്രസുകാർ രണ്ട് ആൾക്കാരെ തയാറാക്കി നിർത്തിയിരുന്നു. അയാൾ 2014ലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനത്തെക്കുറിച്ചായിരുന്നു എന്നോട് ചോദിച്ചത്. ഞാൻ അപ്പോൾ അയാളെ ശ്രദ്ധിക്കാതെ തിരിഞ്ഞു നടന്നു. കടയിലെ ഒരാൾ ഈ സംഭവം മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. ഇന്നവർ ആ വീഡിയോ പുറത്ത് വിട്ടു. വീഡിയോയിലെ താടി വെച്ച ആളുടെ നീക്കം ശ്രദ്ധിക്കുക.’ അനുപം ഖേർ ട്വീറ്റ് ചെയ്തു. ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും ട്വീറ്റിനൊപ്പം അനുപം ഖേര്‍ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം, കിരൺ ഖേറിന് വേണ്ടി അനുപം ഖേർ നടത്താനിരുന്ന രണ്ട് പ്രചാരണ പരിപാടികൾക്ക് ആവശ്യത്തിന് ആളെത്താത്തതിനാൽ പരിപാടി മാറ്റി വെച്ചതും വിവാദമായിരുന്നു. ‘കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബി.ജെ.പിയുടെ കിരണ്‍ ഖേര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവരുടെ പ്രചാരണത്തിനായി പോകുകയാണ്. ഛത്തീസ്ഗഢിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച രാഷ്ട്രീയ നേതാവാണ് കിരണ്‍’ എന്ന് ട്വീറ്റു ചെയ്തശേഷമായിരുന്നു അനുപം ഖേര്‍ പ്രചാരണത്തിനായി ഇറങ്ങിയത്. താൻ പ്രചാരണത്തിന് നേരത്തെ എത്തിയത് കൊണ്ടാണ് ആളുകൾ വരാതിരുന്നത് എന്നായിരുന്നു അനുപം ഖേർ ഈ സംഭവത്തെ വിശദീകരിച്ചത്.