ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ബെല്‍ജിയന്‍ സ്വദേശി ഇന്ത്യക്കെതിരെ അരങ്ങേറുന്നു; വമ്പന്‍ നീക്കവുമായി സിംബാബ്‌വേ
Sports News
ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ബെല്‍ജിയന്‍ സ്വദേശി ഇന്ത്യക്കെതിരെ അരങ്ങേറുന്നു; വമ്പന്‍ നീക്കവുമായി സിംബാബ്‌വേ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd July 2024, 7:48 am

ലോകകപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിനുള്ള സ്‌ക്വാഡ് കഴിഞ്ഞ ദിവസമാണ് ആതിഥേയര്‍ പ്രഖ്യാപിച്ചത്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസയെ ക്യാപ്റ്റനാക്കിയാണ് ഷെവ്‌റോണ്‍സ് 17 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

ആഭ്യന്തര തലത്തില്‍ മികവ് പുലര്‍ത്തിയ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ആന്റം നഖ്‌വിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനാണ് ഹരാരെ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്.

ചില്ലറക്കാരനല്ല ഈ 24 കാരന്‍. സിംബാബ്‌വന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഫസ്റ്റ് ക്ലാസ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണ് നഖ്‌വി വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടിയത്. 1999ല്‍ ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ ജനിച്ച നഖ്‌വി ഇതോടെ സിംബാബ്‌വന്‍ ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുകയായിരുന്നു.

2024 ജനുവരിയിലാണ് മിഡ് വെസ്റ്റ് റൈനോസ് നായകനായ നഖ്‌വി ഷോണ്‍ വില്യംസിന്റെ മറ്റാബെലെലാന്‍ഡ് ടസ്‌കേഴ്‌സിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടസ്‌കേഴ്‌സിന് ആദ്യ ഇന്നിങ്‌സില്‍ വെറും 128 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. 37 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷോണ്‍ വില്യംസാണ് ടസ്‌കേഴ്‌സിന്റെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റൈനോസിന് ടീം സ്‌കോര്‍ 17ല്‍ നില്‍ക്കെ ആദ്യ വിക്കറ്റും 84ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റും നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ബെന്‍ കറനൊപ്പം ക്യാപ്റ്റന്‍ നഖ്‌വിയുമെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. കറന്‍ സെഞ്ച്വറി നേടിയ പുറത്തായപ്പോള്‍ അപരാജിത ട്രിപ്പിള്‍ സെഞ്ച്വറിയുമായാണ് നഖ്‌വി കളം വാണത്.

444 മിനിട്ട് ക്രീസില്‍ തുടര്‍ന്ന നഖ്‌വി 100+ സ്‌ട്രൈക്ക് റേറ്റിലാണ് ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ചത് എന്നതാണ് താരത്തിന്റെ ഈ റെക്കോഡിനെ കൂടുതല്‍ മികവുറ്റതാക്കുന്നത്. 295 പന്ത് നേരിട്ട് 300* റണ്‍സാണ് റൈനോസ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്. 30 ബൗണ്ടറിയും പത്ത് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഒടുവില്‍ 538/3 എന്ന നിലയില്‍ റൈനോസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

410 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ടസ്‌കേഴ്‌സ് ആദ്യ ഇന്നിങ്‌സിനെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. സെഞ്ച്വറി നേടിയ ഹാമിദ് അലിയുടെയും എന്‍കോസന എംപോഫുവിന്റെയും കരുത്തില്‍ 370 റണ്‍സാണ് ടസ്‌കേഴ്‌സ് നേടിയത്. എന്നാല്‍ ഇന്നിങ്‌സിനും 40 റണ്‍സിനും ടീം പരാജയപ്പെടുകയായിരുന്നു.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ വെറും പത്ത് മത്സരവും ലിസ്റ്റ് എ ഫോര്‍മാറ്റില്‍ എട്ട് മത്സരവും മാത്രം കളിച്ചതിന്റെ അനുഭവ സമ്പത്താണ് നഖ്‌വിക്കുള്ളത്.

അഞ്ച് ടി-20 ഇന്നിങ്‌സില്‍ നിന്നും 34.50 ശരാശരിയിലും 146.80 സ്‌ട്രൈക്ക് റേറ്റിലും 138 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സിംബാബ്‌വേക്കായുള്ള അന്താരാഷ്ട്ര അരങ്ങേറ്റത്തിനാണ് ഹരാരെയില്‍ കളമൊരുങ്ങുന്നത്.

സിംബാബ്‌വേ സ്‌ക്വാഡ്

സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഫറാസ് അക്രം, ബ്രയന്‍ ബെന്നറ്റ്, ജോനാഥന്‍ കാംപ്‌ബെല്‍, ടെന്‍ഡാസ് ചതാര, ലൂക് ജോങ്‌വേ, ഇന്നസന്റ് കയിയ, ക്ലൈവ് മദാന്‍ദെ, വെസ്‌ലി മധേവരെ, താഡിവനാഷെ മരുമാണി, വെല്ലിങ്ടണ്‍ മസകദാസ, ബ്രാന്‍ഡന്‍ മറ്റൂവ, ബ്ലെസിങ് മുസബരാനി, ഡയണ്‍ മയേഴ്‌സ്, ആന്റം നഖ്‌വി, റിച്ചാര്‍ഡ് എന്‍ഗരാവ, മില്‍ട്ടണ്‍ ഷുംബ.

 

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡേ.

 

ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനം

ആദ്യ മത്സരം – ജൂലൈ 6 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്

രണ്ടാം മത്സരം – ജൂലൈ 7 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്

മൂന്നാം മത്സരം – ജൂലൈ 10 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്

നാലാം മത്സരം – ജൂലൈ 13 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്

അവസാന മത്സരം – ജൂലൈ 14 – ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ്

 

Content Highlight: Antum Naqvi include in Zimbabwean squad for T20 series against India