Entertainment news
ഞാനാരാ ക്രിസ്റ്റ്യാനോയുടെ അമ്മാവന്റെ മോനോ: ആന്റണി വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 18, 03:48 pm
Sunday, 18th December 2022, 9:18 pm

താന്‍ വേള്‍ഡ് കപ്പ് കാണാന്‍ ഖത്തറില്‍ കാണാന്‍ പോയിരുന്നുവെന്നും, താന്‍ കാണാന്‍ പോയ മത്സരങ്ങളെല്ലാം അവര്‍ തോറ്റുപോയെന്നും നടന്‍ ആന്റണി വര്‍ഗീസ്. ഇഷ്ടപ്പെട്ട താരങ്ങളെയെല്ലാം അവിടെ വെച്ച് കണ്ടെന്നും, മെസിയേയും റൊണാള്‍ഡോയേയും ഒരിക്കല്‍ താന്‍ നേരിട്ട് കാണുമെന്നും പറഞ്ഞു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ ഫിഫ വേള്‍ഡ് കപ്പ് കാണാന്‍ ഖത്തറില്‍ പോയിരുന്നു. ഏതാണ്ട് ഒമ്പത് മാച്ച് വരെ അവിടെ കണ്ടിരുന്നു. ആദ്യമായിട്ടാണ് ഞാന്‍ വേള്‍ഡ് കപ്പ് കാണാന്‍  പോയത്. അല്ലാതെ സ്ഥിരം ഇത് കാണുന്നതല്ലല്ലോ എന്റെ പണി. എനിക്ക് ഇഷ്ടമുള്ള എല്ലാ താരങ്ങളെയും ഞാന്‍ അവിടെ വെച്ച് കണ്ടിരുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസി അങ്ങനെ പലരെയും കണ്ടു. പേഴ്‌സണലി കാണാന്‍ ഒന്നും പറ്റിയില്ല. അങ്ങനെ കാണാന്‍ ഞാനാരാ ക്രിസ്റ്റ്യാനോയുടെ അമ്മാവന്റെ മോനോ. എന്തായാലും ഒരിക്കല്‍ അവരെ രണ്ടു പേരെയും ഞാന്‍ നേരിട്ട് കാണും.

ഞാന്‍ ഒരു ജര്‍മനി ഫാനായിരുന്നു. അവിടെ ചെന്ന് ആദ്യം തന്നെ ജര്‍മനിയുടെ കളി കാണാന്‍ പോയി. ആ മത്സരത്തില്‍ തന്നെ അവര്‍ തോറ്റുപോയി. എനിക്ക് അന്ന് ഭയങ്കര വിഷമമൊക്കെ വന്നു. ഐ.എം വിജയന്റെ കൂടെയാണ് ഞാന്‍ അവിടെ കളി കാണാന്‍ പോയത്. അന്ന് ഞങ്ങള്‍ ഒരുമിച്ചാണ് താമസിച്ചത്.

ഒരു ഫാം ഹൗസിലായിരുന്നു ഞങ്ങളുടെ താമസമൊക്കെ. ഒരുപാട് ഇന്ത്യന്‍ പ്ലെയേഴ്‌സും അവിടെ ഉണ്ടായിരുന്നു. അതൊക്കെ ഭയങ്കര എക്‌സ്പീരിയന്‍സായിരുന്നു. ഏത് ടീം തോറ്റാലും അവരുടെ ആരാധകരെ കളിയാക്കി കൊല്ലുമായിരുന്നു ഞങ്ങള്‍. ജര്‍മനി തോറ്റപ്പോള്‍ എന്റെ കാര്യം പിന്നെ പറയണ്ടല്ലോ. സ്വാഭ്വവികമായും നമുക്ക വിഷമമുണ്ടാകും. അതിന്റെ കൂടെയാണ് കളിയാക്കലും.

ക്രിസ്റ്റിയാനോയോട് എനിക്ക് ഭയങ്കര പ്രണയമാണ്. പുള്ളിയുടെ രണ്ട് കളികള്‍ ഞാന്‍ അവിടെവെച്ച് കണ്ടിരുന്നു. അവരും അന്ന് തോറ്റു. സത്യം പറഞ്ഞാല്‍ ഞാന്‍ പോയി എല്ലാ ടീമിനെയും തോല്‍പിച്ചുവെന്നാണ് തോന്നുന്നത്. എന്തിനാ പോയെന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്. ഇന്നത്തെ കളിയില്‍ അര്‍ജന്റീന ജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ ആന്റണി വര്‍ഗീസ് പറഞ്ഞു.

അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന ഓ മേരി ലൈലയാണ് ആന്റണിയുടെ പുറത്തിറങ്ങാനൊരുങ്ങുന്ന സിനിമ. ആനപ്പറമ്പിലെ വേള്‍ഡ് കപ്പാണ് അവസാനം തിയേറ്ററിലെത്തിയ താരത്തിന്റെ സിനിമ. തിയേറ്ററില്‍ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.

 

content highlight: antony varghese talks about football world cup