Advertisement
Movie Day
'ഇന്ദുചൂഢനെയും നരസിംഹമന്നാടിയാരെയും ഓര്‍മിപ്പിക്കുന്ന ഗെറ്റപ്പ്'; ആദ്യമായി ക്യാമറക്കുമുന്നിലെത്തിയ ആന്റണിയുടെ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 15, 03:14 pm
Tuesday, 15th February 2022, 8:44 pm

അജഗജാന്തരത്തിന്റെ വിജയത്തോടെ കരിയറില്‍ ഇതുവരെ പരാജയം അറിയാത്ത താരം എന്ന പദവി ഒന്നുകൂടി ഉറപ്പിക്കുകയാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 2017 ചിത്രം അങ്കമാലി ഡയറീസിലൂടെ അരങ്ങേറിയ ആന്റണി സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലാണ് പിന്നീട് അഭിനയിച്ചത്.

ഇതില്‍ ജല്ലിക്കെട്ടിന്റെ സംവിധാനം ലിജോയും സ്വാതന്ത്ര്യത്തിന്റെയും അജഗജാന്തരത്തിന്റെയും സംവിധായകന്‍ ടിനു പാപ്പച്ചനുമായിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപാട് ആരാധകരുള്ള താരമായി ആന്റണി വളര്‍ന്നിട്ടുണ്ട്. അനശ്വര രാജനെ കേന്ദ്ര കഥാപാത്രമാക്കി എ.ഡി. ഗിരീഷ് സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യയിലെ ആന്റണിയുടെ ഗസ്റ്റ് റോളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിത താന്‍ ആദ്യമായി ക്യാമറക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട പരസ്യ വീഡിയോ പങ്കുവെക്കുകയാണ് ആന്റണി.

‘2011ല്‍ മഹാരാജാസില്‍ പഠിക്കുന്ന സമയം. മമ്മാസ് ചേട്ടന്‍ ചെയ്ത ഈ പരസ്യത്തില്‍ ആണ് ആദ്യമായി ഒരു പ്രൊഫഷണല്‍ ക്യാമറക്ക് മുന്നില്‍നിന്നത്.

ഈ പരസ്യം ഷൂട്ട് ചെയ്ത ചോറ്റാനിക്കരയിലെ അപ്പുമനയിലാണ് ഇപ്പോള്‍ പുതിയ ചിത്രമായ ലൈല ഷൂട്ട് നടക്കുന്നത്. ഇന്ന് ആ കുളം കണ്ടപ്പോഴാണ് ഈ സംഭവം ഓര്‍മ വന്നത്.

അപ്പോള്‍ തന്നെ മമ്മാസ് ചേട്ടനെ വിളിച്ചു തപ്പി എടുപ്പിച്ചതാണ് ഈ വീഡിയോ,’ എന്നാണ് വീഡിയോ പങ്കുവെച്ച് ആന്റണി തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ എഴുതിയത്.

പാദസരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുളിക്കടവിലിരുന്ന് കരയുന്ന കുഞ്ഞിന് വെള്ളത്തില്‍ നിന്ന് പൊങ്ങി പാദസരം തിരിച്ചുനല്‍കുന്ന കഥാപാത്രത്തെയാണ് പരസ്യ ചിത്രത്തില്‍ ആന്റണി അവതരിപ്പിക്കുന്നത്. ആന്റണി പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്.

‘ആദ്യമായി ക്യാമറയില്‍ പതിഞ്ഞ രംഗം തന്നെ ഇന്ദുചൂഢനെയും നരസിംഹമന്നാടിയാരെയും
പോലെ ജലധിയില്‍ നിന്നും മുങ്ങി പൊങ്ങുന്നതാണല്ലോ,’ എന്നാണ് വീഡിയോക്ക് താഴെ വന്ന ഒരു കമന്റ്.

അതേസമയം, ആന്റണിയെ നായകനാക്കി സഹപാഠിയായ അഭിഷേക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ലൈല’ യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഡോ.പോള്‍സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാറനില്‍ ഡോ. പോള്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു നിര്‍വഹിക്കുന്നു. സഹനിര്‍മാണം- ഗോള്‍ഡന്‍ എസ്. പിക്‌ച്ചേഴ്‌സ്. ഒരു മുഴുനീള ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

ഒരു കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് ആന്റണി വര്‍ഗീസ് ഈ ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ അനുരാജ് ഒ.ബി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തില്‍, കിച്ചു ടെല്ലസ്, നന്ദന രാജന്‍,ശിവകാമി, ശ്രീജ നായര്‍ തുടങ്ങിയവര്‍ക്കൊപ്പം, നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം അങ്കിത്ത് മേനോന്‍,എഡിറ്റര്‍ കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ്, പി.ആര്‍.ഒ ശബരി.