'ഈ പോക്ക് പോയാല്‍ മെസി അമേരിക്കന്‍ ഫുട്‌ബോളിന്റെ മുഖമായി മാറും'; പ്രശംസിച്ച് ഫ്രഞ്ച് സൂപ്പര്‍ താരം
Football
'ഈ പോക്ക് പോയാല്‍ മെസി അമേരിക്കന്‍ ഫുട്‌ബോളിന്റെ മുഖമായി മാറും'; പ്രശംസിച്ച് ഫ്രഞ്ച് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th September 2023, 7:18 pm

ലയണല്‍ മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണെന്നും അദ്ദേഹത്തിന് അമേരിക്കന്‍ ഫുട്ബോളിന്റെ മുഖമായി മാറാന്‍ കഴിയുമെന്നും ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാന്‍. വിരമിക്കുന്നതിന് മുമ്പ് മെസിക്കൊപ്പം കളിക്കുകയെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും ഗ്രീസ്മാന്‍ പറഞ്ഞു.

‘ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് മെസി. അദ്ദേഹം കളിക്കുമ്പോള്‍ സ്റ്റേഡിയം ആളുകളെ കൊണ്ട് നിറഞ്ഞൊഴുകും. മെസി സ്റ്റേറ്റ്സില്‍ എത്തിയതിന് ശേഷം എല്ലാം മാച്ചിലും ജയിക്കുന്നുണ്ട്. ഇന്റര്‍ മയാമി ഇപ്പോള്‍ നാഷ്വില്ലിനെതിരെ ഫൈനല്‍ കളിക്കാനൊരുങ്ങുകയാണ്.

അദ്ദേഹം അസാധ്യ കളിക്കാരനാണ്. എം.എല്‍.എസ് ലീഗ് തങ്ങളുടെ പുരോഗമനത്തിന് വേണ്ടി ചെയ്ത ഏറ്റവും വലിയ കാര്യം മെസിയെ സൈന്‍ ചെയ്തു എന്നുള്ളതാണ്. അദ്ദേഹത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മുഖമായി മാറാന്‍ സാധിക്കും,’ ഗ്രീസ്മാന്‍ പറഞ്ഞു.

ലയണല്‍ മെസിക്കൊപ്പം കളിക്കുകയെന്നത് വലിയ സ്വപ്നമാണെന്നും അതിനായി എം.എല്‍.എസ് ലീഗിലേക്ക് നീങ്ങുമെന്നും ഗ്രീസ്മാന്‍ മുമ്പും പറഞ്ഞിരുന്നു. നിലവില്‍ അത്‌ലെറ്റികോ മാഡ്രിഡിനായി കളിക്കുന്ന താരം ബാഴ്‌സലോണയില്‍ മെസിക്കൊപ്പം ബൂട്ടുകെട്ടിയിരുന്നു.

‘അതെന്റെ വലിയ സ്വപ്നമാണ്. ഞാന്‍ എം.എല്‍.എസില്‍ പോകുമ്പോള്‍ അത് സാധ്യമാകുമെന്നാണ് കരുതുന്നത്. ഭാവിയില്‍ അത്തരത്തിലൊരു നീക്കം ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഗ്രീസ്മാന്‍ പറഞ്ഞു.

ലയണല്‍ മെസിയെ പോലെ കഴിവ് തെളിയിച്ച ഒരു താരത്തെ കളിക്കാന്‍ ലഭിച്ചത് എം.എല്‍.എസിന്റെ യശസുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. മയാമിക്കായി ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. താരത്തിന്റെ വരവോടെ അപരാജിത കുതിപ്പ് തുടരുകയാണ് മയാമി. മെസിയുടെ പ്രകടനത്തിന്റെ മികവില്‍ ലീഗ് കപ്പ് ഉയര്‍ത്താനും ഇന്റര്‍ മയാമിക്ക് സാധിച്ചു.

Content Highlights: Antoine Griezmann praises Lionel Messi