മോസ്‌കോ: റഷ്യയുടെ സ്‌റ്റേറ്റ് ടെലിവിഷന്‍ ചാനലിലെ ലൈവ് വാര്‍ത്താ പരിപാടിക്കിടെ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ച് ചാനല്‍ ജീവനക്കാരി കൂടിയായ ആന്റി-വാര്‍ പ്രൊട്ടസ്റ്റര്‍.
മരിന ഒവ്‌സ്യാനിക്കോവ എന്ന യുവതിയാണ് ‘ചാനല്‍ വണി’ന്റെ ലൈവ് പരിപാടിക്കിടെ വാര്‍ത്താ അവതാരകക്ക് പിന്നില്‍ പ്രത്യക്ഷപ്പെട്ട് യുദ്ധത്തിനെതിരായ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.
”യുദ്ധം വേണ്ട. യുദ്ധം അവസാനിപ്പിക്കൂ. പ്രൊപ്പഗാണ്ടയില്‍ വിശ്വസിക്കരുത്. അവര്‍ ഇവിടെ നിങ്ങളോട് കള്ളം പറയുകയാണ്” എന്നിങ്ങനെയാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത്.
സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കൂ, യുദ്ധം വേണ്ടാ- എന്നിങ്ങനെ യുവതി പറയുന്നതായും വീഡിയോയില്‍ കാണാം. അതേസമയം വാര്‍ത്താ അവതാരക വാര്‍ത്ത വായിക്കുന്നത് തുടരുന്നുമുണ്ട്.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനും യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ക്കും മേല്‍ പുടിന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യുവതിയുടെ വ്യത്യസ്ത പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്.
യുവതിക്ക് നന്ദി പറഞ്ഞുകൊണ്ട് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും രംഗത്തെത്തി.
‘സത്യം തുറന്നുപറയാന്‍ മടിക്കാത്ത, വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊരുതുന്ന റഷ്യക്കാരോട് എനിക്ക് നന്ദിയുണ്ട്, പ്രത്യേകിച്ചും ചാനല്‍ വണിന്റെ സ്റ്റുഡിയോയില്‍ പ്ലക്കാര്‍ഡുമായി വന്ന യുവതിക്ക്’ എന്നാണ് തന്റെ വീഡിയോ സന്ദേശത്തില്‍ സെലന്‍സ്‌കി പറയുന്നത്.
റഷ്യയില്‍ തടവില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ വക്താവ് കിര യര്‍മിഷ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുറഞ്ഞ സമയങ്ങള്‍ക്കുള്ളില്‍ 25 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.
Вау. Девушка крутая pic.twitter.com/QXC6s4DPki
— Кира Ярмыш (@Kira_Yarmysh) March 14, 2022
അതേസമയം, യുദ്ധം തുടരുന്നതിനിടെ ഉക്രൈനില്‍ പട്ടാള നിയമത്തിന്റെ പ്രാബല്യ കാലാവധി നീട്ടുന്നതിനായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു.
മാര്‍ച്ച് 24ന് പ്രാബല്യത്തില്‍ വരുന്ന തരത്തില്‍, അടുത്ത 30 ദിവസത്തേക്ക് കൂടി നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള പ്രസിഡന്റിന്റെ അധികാരം അനുവദിക്കണം എന്നാണ് ബില്ലില്‍ പറയുന്നത്. ഇതോടെ ഏപ്രില്‍ അവസാനം വരെ രാജ്യത്ത് പട്ടാളനിയമം പ്രാബല്യത്തില്‍ വരും.
ഫെബ്രുവരി 24ന് റഷ്യ ഉക്രൈനില്‍ ആക്രമണം ആരംഭിച്ച ദിവസം തന്നെയായിരുന്നു സെലന്‍സ്‌കി പട്ടാളനിയമം രാജ്യത്ത് പ്രഖ്യാപിച്ചത്.
ഇതോടെ 18നും 60നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ ഉക്രൈന്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ നിയന്ത്രണമുണ്ടാകുമെന്നും എല്ലാ റിസര്‍വ് ഫോഴ്സുകള്‍ക്ക് മേലും ജനറല്‍ മൊബിലൈസേഷനും ഏര്‍പ്പെടുത്തുമെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു.
നിയമം നിലവില്‍ വരുന്നതോടെ ഒരു പ്രദേശത്തെ മിലിറ്ററി കമാന്‍ഡര്‍ക്ക് പ്രദേശത്തെ ക്രമസമാധാനം നടപ്പിലാക്കാനുള്ള അധികാരം ലഭിക്കും.
അതിനിടെ റഷ്യ-ഉക്രൈന്‍ യുദ്ധം 20ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു ഉക്രൈനില്‍ റഷ്യ ആക്രമണങ്ങളും അധിനിവേശവും ആരംഭിച്ചത്.
Content Highlight: Anti-war protester interrupts Russian TV live news show- Russia-Ukraine war