രാജ്യത്തിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനം ഇന്ത്യന്‍ കമ്പനികളെ ദോഷകരമായി ബാധിക്കും; മുന്നറിയിപ്പുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍
national news
രാജ്യത്തിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനം ഇന്ത്യന്‍ കമ്പനികളെ ദോഷകരമായി ബാധിക്കും; മുന്നറിയിപ്പുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd April 2022, 9:12 am

ന്യൂദല്‍ഹി: രാജ്യത്തിന്റെ ന്യൂനപക്ഷ വിരുദ്ധത മൂലമുള്ള പ്രതിച്ഛായ വിദേശ വപണിയില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളെ ബാധിക്കുമെന്ന മുന്നറുയിപ്പുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന നടപടികള്‍ വിദേശ സര്‍ക്കാരുകള്‍ മനസിലാക്കുന്നുണ്ടെന്നും രഘുറാം രാജന്‍ പറഞ്ഞു. രാജ്യത്തിന്റെ ന്യൂനപക്ഷ സമീപനങ്ങള്‍ അന്താരാഷ്ട്ര വിപണി എന്നതിലുപരി അന്താരാഷ്ട്ര ബന്ധങ്ങളിലെ ഊഷ്മളതയേയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൈംസ് നെറ്റ്‌വര്‍ക്ക് ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കവേയായിരന്നു രഘുറാം രാജന്റെ പ്രതികരണം.

‘എല്ലാ പൗരന്മാരോടും മാന്യമായി പെരുമാറുന്ന ഒരു ജനാധിപത്യ രാജ്യമായി പുറത്തുനിന്നുള്ള രാജ്യങ്ങള്‍ നമ്മളെ കാണുന്നുവെങ്കില്‍, അത് നമ്മുടെ രാജ്യത്തെ വിദേശ വിപണിയില്‍ സഹായിക്കും. അത് നമ്മുടെ വിപണികള്‍ വളര്‍ത്തും.

ഒരു രാജ്യം വിശ്വസനീയമായ പങ്കാളിയാണോ, അല്ലയോ എന്ന് വിദേശ സര്‍ക്കാരുകള്‍ നോക്കുന്നത് ആ രാജ്യത്തില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്. ഉയിഗറുകളെയും ഒരു പരിധിവരെ ടിബറ്റന്‍കാരെയും കൈകാര്യം ചെയ്ത രീതിയുടെ അടിസ്ഥാനത്തില്‍ ചൈന ഇത്തരം പ്രതിസന്ധികള്‍ നേരിട്ടുണ്ട്,’ രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ മുസ്‌ലിങ്ങളുടെ വീടുകളും ചെറിയ കടകളും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റുന്ന നടപടികളുടെ വാര്‍ത്തകള്‍ ചര്‍ച്ചയാകുന്ന പശ്ചാത്തലത്തല്‍ കൂടിയാണ് രഘുറാം രാജന്റെ പ്രതികരണം.

അതേസമയം, കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്ന മതപരമായ വിഭജനത്തില്‍ ആശങ്കയറിയിച്ച് ബയോകോണ്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍ ഷായും അടുത്തിടെ രംഗത്തെത്തിയിരുന്നു.

വര്‍ഗീയ വിഭജനം ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനത്തെ സാരമായി ബാധിക്കുമെന്നും ടെക്, ബയോടെക് മേഖലകളിലെ രാജ്യത്തിന്റെ ‘ആഗോള നേതൃത്വത്തെ’ വരെ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘സംസ്ഥാനത്ത് വര്‍ധിക്കുന്ന മതപരമായ ഭിന്നത പരിഹരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണം,’ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ ടാഗ് ചെയ്ത് കിരണ്‍ മജുംദാര്‍ ട്വീറ്റ് ചെയ്തു.

കര്‍ണാടക മുഖ്യമന്ത്രി വളരെ പുരോഗമനവാദിയായ നേതാവാണെന്നും അദ്ദേഹം ഉടന്‍ തന്നെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവര്‍ തുടര്‍ന്നുള്ള ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.