സംസ്ഥാനത്ത് അഴിമതി വിരുദ്ധ ബ്യൂറോ സജീവം; പൈലറ്റിന്റെ പ്രതിഷേധത്തില്‍ അസ്വസ്ഥതയില്ല: അശോക് ഗെലോട്ട്
national news
സംസ്ഥാനത്ത് അഴിമതി വിരുദ്ധ ബ്യൂറോ സജീവം; പൈലറ്റിന്റെ പ്രതിഷേധത്തില്‍ അസ്വസ്ഥതയില്ല: അശോക് ഗെലോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th April 2023, 11:08 pm

ജയ്പൂര്‍: സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോ വളരെ സജീവമാണെന്നും ഏതാനും അഴിമതിക്കാരെ ഇവര്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി കേസുകള്‍ക്ക് നേരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഇന്ത്യയിലെ മൊത്തം കണക്കെടുത്താല്‍ ഇവിടെ നടക്കുന്ന റെയ്ഡുകള്‍ കൂടുതലാണ്. രാജസ്ഥാനില്‍ നാലോ അഞ്ചോ ഐ.എ.എസ്‌കാരും ഐ.പി.എസുകാരും ഉള്‍പ്പെടെ നിരവധി പേര്‍ പിടിയിലായിട്ടുണ്ട്. ഇന്ത്യയില്‍ എവിടെയെങ്കിലും ഇത് സംഭവിച്ചിട്ടുണ്ടോ,’ ഗെലോട്ട് പറഞ്ഞു.

കൂടുതല്‍ റെയ്ഡുകള്‍ നടത്തുമ്പോള്‍ ആളുകള്‍ വിചാരിക്കും അഴിമതി കൂടുന്നത് കൊണ്ടാണെന്നും എന്നാല്‍ റെയ്ഡുകള്‍ നടത്താതിരുന്നാല്‍ അഴിമതി ഇല്ലാതാകുമോ എന്നും അദ്ദേഹം ചോദിച്ചു.

‘കൂടുതല്‍ റെയ്ഡുകള്‍ നടത്തുമ്പോള്‍ നെഗറ്റീവ് ചിന്താഗതിയുള്ളവര്‍ കരുതും ഇവിടെ ധാരാളം അഴിമതി നടക്കുന്നുവെന്ന്. എന്നാല്‍ റെയ്ഡുകള്‍ നടത്താതിരുന്നാല്‍ അഴിമതി ഇല്ലെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്നാല്‍ ആ ചിന്താഗതി തെറ്റാണ്,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ വാര്‍ത്താ സമ്മേളനത്തില്‍ സച്ചിന്‍ പൈലറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പൈലറ്റിന്റെ പ്രതിഷേധത്തില്‍ തനിക്ക് അസ്വസ്ഥതയില്ലെന്നും അത് എപ്പോഴുമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ക്കെതിരെ സര്‍ക്കാരില്‍ നിന്ന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജയ്പൂരില്‍ സച്ചിന്‍ പൈലറ്റ് ഉപവാസ സമരം നടത്തിയിരുന്നു. അച്ചടക്ക ലംഘനമാകുമെന്ന കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് മറികടന്നായിരുന്നു സച്ചിന്റെ ഉപവാസം.

ഈ വിഷയത്തില്‍ വ്യാഴാഴ്ച ചര്‍ച്ച നടക്കുമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ രണ്‍ധാവ അറിയിച്ചിട്ടുണ്ട്. സച്ചിന്‍ ഉയര്‍ത്തിയ അഴിമതി പ്രശ്‌നം ശരിയായിരുന്നെങ്കിലും അത് അവതരിപ്പിച്ച രീതിയാണ് തെറ്റിപ്പോയതെന്ന് അദ്ദേഹം പറഞ്ഞു. ആരുടെ ഭാഗത്താണ് തെറ്റ് എന്ന റിപ്പോര്‍ട്ട് നേതൃത്വത്തിന് നല്‍കുമെന്നും രണ്‍ധാവ വ്യക്തമാക്കി.

content highlight: Anti-corruption bureau active in state; Not upset by pilot’s protest: Ashok Gehlot