ബാഴ്സലോണ എഫ്.സിയിലെ മികച്ച താരങ്ങളില്‍ ഒരാളായിരുന്നു അന്‍സു ഫാറ്റി. ബാഴ്സയില്‍ 10ാം നമ്പറിലെത്തിയ അന്‍സു, ലയണല്‍ മെസിക്ക് പകരക്കാരനാകുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നെങ്കിലും സമീപ കാലങ്ങളില്‍ മോശം പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
മികച്ച ഫോമിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ കുറഞ്ഞ അവസരങ്ങളാണ് കോച്ച് സാവി അന്‍സുവിന് നല്‍കുന്നത്. എന്നാല്‍ എല്‍ ക്ലാസിക്കോയില്‍ റയലിനെതിരെ നടന്ന മത്സരത്തില്‍സാവി അന്‍സുവിനെയും ഇറക്കിയിരുന്നു.
എന്നാല്‍ ഗോളാക്കാനുള്ള അവസരം പാഴാക്കിയതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നു. കോപ്പ ഡെല്‍ റേയില്‍ നടന്ന മത്സരത്തില്‍ മികച്ച അവസരം ലഭിച്ചിട്ടും സ്‌കോര്‍ ചെയ്യാതിരുന്നത് സാവിയെയും ടീം അംഗങ്ങളെയും പ്രകോപനം കൊള്ളിക്കുകയും ചെയ്തിരുന്നു.
പിന്നാലെ ഫാറ്റിയെ ക്ലബ്ബില്‍ നിന്ന് പുറത്താക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്നത്.
വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അന്‍സു ഫാറ്റിയുടെ പിതാവ് ബോറി ഫാറ്റി. തനിക്ക് കോച്ച് സാവിയോടും ബാഴ്‌സലോണ ക്ലബ്ബിനോടും ദേഷ്യമുണ്ടെന്നും ഉടന്‍ തന്നെ ജോര്‍ഡ് മെന്‍ഡസിനെ കണ്ട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ സ്‌റ്റേഷന്‍ കോപ്പിനോടാണ് ബോറി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘അന്‍സു വളരെ കുറച്ച് മാത്രം കളിക്കുന്നത് എന്നെ അലട്ടുന്നുണ്ട്. സാവി എന്തുകൊണ്ടാണ് അന്‍സുവിനെ കളിപ്പിക്കാത്തതെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കാരണങ്ങള്‍ ഉണ്ടായിരിക്കാം. അന്‍സു സാവിയെ ആരാധനാ പാത്രമായി കാണുന്നത് കൊണ്ട് ഒന്നും മിണ്ടില്ലായിരിക്കും. പക്ഷെ ഒരു പിതാവെന്ന നിലയില്‍ എനിക്ക് നല്ല ദേഷ്യമുണ്ട്.
അന്‍സുവിനോട് ക്ലബ്ബ് വിടാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. പക്ഷെ അവന്‍ എന്നെ അനുസരിക്കാന്‍ കൂട്ടാക്കുന്നില്ല, ക്ലബ്ബില്‍ തുടരാന്‍ തന്നെയാണ് അവന്റെ തീരുമാനം. അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ നാളെ തന്നെ ക്ലബ്ബ് വിടുമായിരുന്നു. ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട് സാഹചര്യത്തില്‍ മാറ്റമില്ലെങ്കില്‍ ക്ലബ്ബ് വിടണമെന്ന്. ഞാന്‍ പറയുന്നത് തെറ്റാണെന്നാണ് അവന്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്,’ ബോറി ഫാറ്റി പറഞ്ഞു.