Entertainment
'അടികിട്ടിയപ്പോഴും അപമാനിക്കപ്പെട്ടപ്പോഴും അവന്‍ തളര്‍ന്നിട്ടില്ല'; ജോജുവിനെക്കുറിച്ച് അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 19, 10:44 am
Saturday, 19th June 2021, 4:14 pm

സിനിമാ മേഖലയിലെ മോശം അനുഭവങ്ങളെ അതിജീവിച്ച് വാശിയോടെ മുന്നോട്ട് വന്ന നടനാണ് ജോജു ജോര്‍ജ് എന്ന് നടനും സംവിധായകനുമായ അനൂപ് മേനോന്‍. ജോജുവിനെ പോലെ സിനിമയെന്ന മാധ്യമത്തെ ഇത്രയും ഇഷ്ടത്തോടെ നോക്കിക്കാണുന്ന മറ്റൊരു നടനെ താന്‍ കണ്ടിട്ടില്ലെന്നും അനൂപ് മേനോന്‍ അഭിമുഖത്തില്‍ പറയുന്നു.

‘അടി കിട്ടുമ്പോഴും അപഹസിക്കപ്പെടുമ്പോഴുമൊന്നും ജോജു തളര്‍ന്നിട്ടില്ല. അതാണ് വലുത്. എല്ലാ തലമുറകള്‍ക്കും വലിയ പ്രചോദനമാണത്. നല്ല സിനിമകളാണ് ജോജുവിനിപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. അത് തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു,’ അനൂപ് മേനോന്‍ പറഞ്ഞു.

അനൂപ് മേനോന്റെ നിരവധി സിനിമകളില്‍ ജോജു അഭിനയിച്ചിട്ടുണ്ട്. ട്രിവാണ്ട്രം ലോഡ്ജ്, കോക്ക് ടെയില്‍, തിരക്കഥ, കാലിഫോര്‍ണിയ എന്നീ ചിത്രങ്ങളിലെല്ലാം ജോജു വേഷമിട്ടിട്ടുണ്ട്. തിരക്കഥ സിനിമയ്ക്കകത്തു കാണിച്ച സിനിമയുടെ ഛായാഗ്രാഹകനായിരുന്നു ജോജുവെന്നും അനൂപ് പറഞ്ഞു.

വര്‍ഷങ്ങള്‍ എടുത്ത് വളര്‍ന്നു വരുന്ന നടനാണ് ജോജു. കാലിഫോര്‍ണിയയെല്ലാം ഷൂട്ട് ചെയ്യുമ്പോള്‍ 30ാമത് ടേക്കിലാണ് ശരിയാവുന്നതെങ്കില്‍ അത്രയും ചെയ്യാന്‍ ജോജു തയ്യാറാവും. ഓരോ ആളുകള്‍ക്കും അത് ഓരോ തരത്തിലാണ്. ചിലര്‍ മടി കാണിക്കും, അത്തരക്കാരോട് ഇഷ്ടം തോന്നാറില്ല.

ആര് എന്ത് ചീത്ത വിളിച്ചാലും ഞാന്‍ എവിടെയെങ്കിലും എത്തും എന്ന വിശ്വാസം ജോജുവിനുണ്ടായിരുന്നുവെന്നും അഭിമുഖത്തില്‍ അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജോജുവിന്റെ പുതിയ ചിത്രമാണ് ധനുഷ് നായകനായ ജഗമേ തന്തിരം. ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Anoop Menon says about Joju George