2002ല്‍ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറിയ നടനാണ് അനൂപ് മേനോന്‍.
പിന്നീട് തിരക്കഥ, കോക്ക്‌ടെയില്‍, ട്രാഫിക്, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, വിക്രമാദിത്യന്‍, പാവാട തുടങ്ങി നിരവധി സിനിമകളിലൂടെ നായകനായും വില്ലനായും സ്വഭാവ നടനായും മലയാളസിനിമയില്‍ അനൂപ് മേനോന്‍ തിളങ്ങി.
അഭിനയത്തിന് പുറമെ ഗാനരചയിതാവായും തിരക്കഥാകൃത്തായും സംവിധായകനായും കഴിവ് തെളിയിച്ചിട്ടുള്ള അനൂപ് മേനോന്റെ ഏറ്റവും പുതിയ ചിത്രം 21 ഗ്രാംസ് റിലീസിന് തയാറെടുത്തിരിക്കുകയാണ്.
തന്റെ അഭിനയത്തെക്കുറിച്ചും സിനിമാ കരിയറിനെക്കുറിച്ചും സമൂഹ മാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍ക്ക് മറുപടി പറയുകയാണ് ഇപ്പോള്‍ താരം. 21 ഗ്രാംസ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പോപ്പര്‍ സ്റ്റോപ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
തന്റെ അഭിനയം 50 ശതമാനം മോഹന്‍ലാലിനെ അനുകരിക്കുന്നത് പോലെയാണ് എന്ന തരത്തില്‍ വന്ന കമന്റിനാണ് അനൂപ് മേനോന്‍ മറുപടി പറയുന്നത്.
”അഭിനയത്തില്‍ അനൂപ് മേനോന്‍ അനുകരിക്കുന്നത്; 50 ശതമാനം മോഹന്‍ലാല്‍, 10 ശതമാനം മമ്മൂട്ടി, 20 ശതമാനം സുരേഷ് ഗോപി, 10 ശതമാനം ദിലീപ്, 10 ശതമാനം അനൂപ് മേനോന്‍ എന്ന നടന്‍.
ഷര്‍ട്ട് ചുളിയാത്ത വേഷങ്ങളാണ് പുള്ളിക്ക് താല്‍പര്യം,” എന്ന കമന്റിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് ‘അത് അയാളുടെ അഭിപ്രായമല്ലേ, എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല,’ എന്നാണ് അനൂപ് മേനോന്‍ മറുപടി പറയുന്നത്.