ബ്യൂട്ടിഫുളും ട്രിവാന്‍ഡ്രം ലോഡ്ജും ചവറ് സിനിമയാണെന്നാണ് അന്നൊരു റിവ്യൂവര്‍ പറഞ്ഞത്: അനൂപ് മേനോന്‍
Entertainment
ബ്യൂട്ടിഫുളും ട്രിവാന്‍ഡ്രം ലോഡ്ജും ചവറ് സിനിമയാണെന്നാണ് അന്നൊരു റിവ്യൂവര്‍ പറഞ്ഞത്: അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st August 2024, 4:17 pm

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് അനൂപ് മേനോന്‍. പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാരചനയുടെ ലോകത്തേക്ക് കടന്നത്. അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളില്‍ ഇന്നു പലരുടെയും ഇഷ്ടചിത്രങ്ങളാണ് ബ്യൂട്ടിഫുളും ട്രിവാന്‍ഡ്രം ലോഡ്ജും.

രണ്ട് ചിത്രങ്ങളും അന്നത്തെ കാലത്ത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മികച്ച സിനിമയെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. രണ്ട് ചിത്രങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോന്‍. ട്രിവാന്‍ഡ്രം ലോഡ്ജില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ സമൂഹത്തില്‍ പലരും നോര്‍മലായി കാണുന്നുണ്ടെന്ന് അനൂപ് മേനോന്‍ പറഞ്ഞു.

ബ്യൂട്ടിഫുളും ട്രിവാന്‍ഡ്രം ലോഡ്ജും ട്രാഷാണെന്നാണ് കേരളത്തിലെ ഒരു പ്രശസ്ത നിരൂപകന്‍ അഭിപ്രായപ്പെട്ടതെന്ന് അനൂപ് മേനോന്‍ പറഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങളെയൊന്നും താന്‍ കാര്യമാക്കാറില്ലെന്നും എല്ലാവരും അവരവരുടേതായ ജോലി നോക്കുന്നതാണ് നല്ലതെന്നും അനൂപ് മേനോന്‍ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് മേനോന്‍ ഇക്കാര്യം പറഞ്ഞത്.

‘ബ്യൂട്ടിഫുളിനും ട്രിവാന്‍ഡ്രം ലോഡ്ജിനും രണ്ടാം ഭാഗം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം, അന്ന് ആ സിനിമയില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ഇന്ന് സമൂഹത്തില്‍ നോര്‍മലായി. ഇനി രണ്ടാം ഭാഗം എഴുതുന്നുണ്ടെങ്കില്‍ റിഗ്രസ്സീവ് ആശയങ്ങള്‍ വെച്ച് എഴുതേണ്ടി വരും. അന്ന് ട്രിവാന്‍ഡ്രം ലോഡ്ജില്‍ രണ്ട് സ്ത്രീകള്‍ സംസാരിക്കുന്ന കാര്യം സമൂഹത്തിന് അക്‌സപ്റ്റ് ചെയ്യാന്‍ മടിയായിരുന്നു. ഇന്ന് അങ്ങനെയല്ല.

ബ്യൂട്ടിഫുളും ട്രിവാന്‍ഡ്രം ലോഡ്ജും ട്രാഷാണെന്നാണ് കേരളത്തിലെ ഒരു പ്രശസ്ത നിരൂപകന്‍ പറഞ്ഞത്. അന്നും ഇന്നും ഞാന്‍ അത്തരം അഭിപ്രായത്തെ കാര്യമായിട്ട് എടുക്കാറേയില്ല. കാരണം, നമ്മള്‍ നമ്മുടെ പണി എടുക്കുന്നു എന്നത് മാത്രമാണ് പ്രധാനം. അതിനെപ്പറ്റി ആരെങ്കിലും കുറ്റം പറയുന്നുണ്ടോ ഇല്ലയോ എന്ന് ആലോചിച്ച് ടെന്‍ഷനാകേണ്ട യാതൊരു ആവശ്യവുമില്ല,’ അനൂപ് മേനോന്‍ പറഞ്ഞു.

Content Highlight: Anoop Menon about the criticism faced by Beautiful and Trivandrum Lodge