മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെ സിനിമയിലേക്കെത്തിയ താരമാണ് അന്നാ ബെന്‍. ചുരുങ്ങിയ കാലം കൊണ്ട് മികച്ച സിനിമകളുടെ മാത്രം ഭാഗമായിട്ടുള്ള താരം 2020ല്‍ പുറത്തിറങ്ങിയ കപ്പേളയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നേടിയിരുന്നു. മലയാളത്തിന് പുറത്തും മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
കൂഴങ്കലിന്റെ സംവിധായകന്‍ പി.എസ് വിനോദ് രാജിന്റെ കോട്ടുകാലിയിലൂടെ തമിഴിലും അന്ന തന്റെ സാന്നിധ്യമറിയിച്ചു. ശിവകാര്‍ത്തികേയന്‍ നിര്‍മിച്ച ചിത്രം റോട്ടന്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. തമിഴിന് പുറമെ തെലുങ്കിലും താരം തന്റെ സാന്നിധ്യമറിയിച്ച വര്‍ഷമാണ് 2024. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എ.ഡിയിലൂടയാണ് അന്ന തെലുങ്കില്‍ അരങ്ങേറിയത്.
ചിത്രത്തില്‍ തനിക്ക് ഏറ്റവുമധികം കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നത് ദീപിക പദുകോണുമായിട്ടായിരുന്നെന്ന് അന്ന പറഞ്ഞു. ബ്രേക്കിന്റെ സമയത്ത് താനും ദീപികയും വര്‍ത്തമാനം പറഞ്ഞിരിക്കുമായിരുന്നെന്നും താരം പറഞ്ഞു. തന്റെ സിനിമകളില്‍ കുമ്പളങ്ങി നൈറ്റ്‌സ് രണ്‍വീര്‍ സിങ് കണ്ടിട്ടുണ്ടെന്നും ദീപിക തന്നോട് പറഞ്ഞിരുന്നുവെന്നും അന്ന കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘കല്‍ക്കിയുടെ ഷൂട്ടിന്റെ സമയത്ത് എനിക്ക് ഏറ്റവും കൂടുതല്‍ കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നത് ദീപികയുമായിട്ടായിരുന്നു. ആദ്യമായി ദീപികയെ കണ്ടപ്പോള്‍ എന്ത് സംസാരിച്ച് തുടങ്ങണമെന്ന് ഒരു ഐഡിയ ഇല്ലായിരുന്നു. എനിക്ക് ദീപിക ഫെമിലിയറായിട്ടുള്ള ആളാണ്. പക്ഷേ അവര്‍ക്ക് എന്നെ അറിയില്ലെന്നാണ് വിചാരിച്ചത്. കുമ്പളങ്ങി നൈറ്റ്‌സ് സിനിമ ദീപികയും രണ്‍വീറും കണ്ടിട്ടുണ്ടെന്നും രണ്‍വീറിന് ആ സിനിമ വളരെ ഇഷ്ടപ്പെട്ടെന്നും ദീപിക എന്നോട് പറഞ്ഞു. അതൊക്കെ എനിക്ക് കിട്ടിയ കോംപ്ലിമെന്റാണ്,’ അന്ന പറഞ്ഞു.
മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ 600 കോടിക്കുമുകളില്‍ ചിത്രം കളക്ട് ചെയ്തു കഴിഞ്ഞു. പ്രഭാസിന് പുറമെ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ശോഭന, ശാശ്വത ചാറ്റര്‍ജി തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട എന്നിവരും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Anna Ben about the shooting experience with Deepika Padukone in Kalki 2898 AD