Entertainment news
ഒരു ഓഡിഷന്‍ പോലും വേണ്ടി വന്നില്ല, ആ റോള്‍ ചെയ്യാന്‍ ഞാന്‍ തന്നെ മതിയെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു; സിനിമാ പ്രവേശനത്തെക്കുറിച്ച് അഞ്ജു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 16, 12:32 pm
Monday, 16th August 2021, 6:02 pm

റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് അഞ്ജു ജോസഫ്. പിന്നണിഗാന രംഗത്തും ശക്തമായ സാന്നിധ്യമാണ് അഞ്ജു. താരത്തിന്റെ സിനിമാ പ്രവേശനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

സുനില്‍ എബ്രഹാം സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമ്മൂട് ചിത്രം റോയിയിലൂടെയാണ് അഞ്ജു ജോസഫ് സിനിമാ ലോകത്തേയ്ക്ക് ചുവടുവെക്കുന്നത്. ചിത്രത്തില്‍ പാട്ടുകാരിയുടെ റോളിലാണ് അഞ്ജു എത്തുന്നത്.

തന്റെ സിനിമാ പ്രവേശനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എന്നാണ് അഞ്ജു ജോസഫ് പറയുന്നത്. ”സുനിലിക്കയുടെ (സുനില്‍ എബ്രഹാം) അസോസിയേറ്റ് ബിപിന്‍ എന്റെ സുഹൃത്താണ്. ഒരിക്കല്‍ ബിപിന്‍ എന്നോട് ചോദിച്ചു, പുതിയ പടം വരുന്നുണ്ട് തനിക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന്. ഉടന്‍ തന്നെ ഞാന്‍ ഓഹ് പിന്നെന്താ എന്നും പറഞ്ഞു,”

കുറച്ചു കഴിഞ്ഞ് ബിപിന്‍ ഷെഡ്യൂളുകള്‍ തീരുമാനിച്ച് വിളിച്ചറിയിക്കുമ്പോഴാണ് അവരത് സീരിയസ്സായി എടുത്തു എന്നറിയുന്നതെന്ന് അഞ്ജു പറയുന്നു. ‘അവര്‍ക്ക് ഒരു ഓഡിഷന്‍ പോലും വേണ്ടി വന്നില്ല, ആ റോള്‍ ചെയ്യാന്‍ ഞാന്‍ തന്നെ മതിയെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു,’ അഞ്ജു പറയുന്നു.

അവരുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും തനിക്ക് ആ വേഷം ചെയ്യാന്‍ സാധിക്കുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.

‘ആദ്യം ഈ വേഷത്തെ കുറിച്ച് എനിക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ആദ്യ ദിവസത്തെ ഷൂട്ടിംഗിന്റെ തലേന്ന് ഉറങ്ങാന്‍ പോലുമായില്ല. സെറ്റിലെത്തിയപ്പോഴാണ് സമാധാനമായത്. അത് എന്നെപ്പോലെ വായാടിയായ പാട്ടുകാരിയുടെ വേഷമായിരുന്നു,’ അഞ്ജു പറഞ്ഞു.

തന്റെ ആദ്യ സീന്‍ വിജേഷിനൊപ്പം (നൂലുണ്ട) ആയിരുന്നു. ചെറിയ ഒരു സീനായിരുന്നുവത്. ഡയറക്ടര്‍ സുനില്‍ എബ്രഹാമും സഹപ്രവര്‍ത്തകരും വളരെയധികം സപ്പോര്‍ട്ട് ചെയ്തെന്നും താരം പറഞ്ഞു.

മുന്‍പ് കമല്‍ അടക്കമുള്ള സംവിധായകരുടെ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ പാട്ടുമായി മുന്നോട്ട് പോവാനായിരുന്നു താത്പര്യം. എന്നാല്‍ ഈ വേഷം അപ്രതീക്ഷിതമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം റോയിയിലെ ‘അരികിന്‍ അരികില്‍’ എന്ന പാട്ട് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. മികച്ച പ്രതികരണമാണ് പാട്ടിന് കിട്ടിക്കാണ്ടിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights :Anju Joseph about film entry