പൂവെ ഉനക്കാകെ എന്ന സിനിമയില്‍ വിജയ്‌യുടെ നായികയായി തമിഴിലേക്ക് അരങ്ങേറ്റം കുറിച്ച കഥ പറയുകയാണ് നടി അഞ്ചു അരവിന്ദ്. പാര്‍വതി പരിണയം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടയില്‍ വേറൊരു ആര്‍ടിസ്റ്റിന്റെ ഫോട്ടോഷൂട്ടിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ വന്നുവെന്നും പിന്നീട് തന്നെ സെലക്ട് ചെയ്‌തെന്ന് പറയുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
ഒരു കോളേജില്‍ ഷൂട്ടിന് പോയപ്പോള്‍ വിജയ്‌യുടെ കൂടെ അഭിനയിച്ചയാളാണെന്ന് പറഞ്ഞ് കുട്ടികള്‍ ഫോട്ടോയെടുക്കാന്‍ വന്നെന്നും മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ അഞ്ജു പറഞ്ഞു.
‘ഗുരുവായൂരില്‍ പാര്‍വതി പരിണയം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. അപ്പോള്‍ വേറൊരു ആര്‍ട്ടിസ്റ്റിന്റെ ഫോട്ടോഷൂട്ടിന് വേണ്ടി സൂപ്പര്‍ഹുഡ് ഫിലിംസില്‍ നിന്ന് ആളുകള്‍വന്നിരുന്നു.
പാര്‍വതി പരിണയത്തിന്റെ പാട്ട് സീന്‍ ചെയ്യാന്‍ വേണ്ടി ചെന്നൈയില്‍ പോയപ്പോഴാണ് സൂപ്പര്‍ഹുഡ് ഫിലിംസില്‍ നിന്ന് എന്നെ വിളിച്ച് സെലക്ടണെന്ന് പറഞ്ഞത്. വിക്രമന്‍ സാറും(സംവിധായകന്‍) അദ്ദേഹത്തിന്റെ അസിസ്റ്റന്റും അവിടെ ലൊക്കേഷനില്‍ കാണാന്‍ വന്നു. എന്നിട്ട് കഥ പറഞ്ഞു തന്നു.
അങ്ങനെയാണ് എന്റെ ആദ്യത്തെ തമിഴ് സിനിമ വിജയ്‌യുടെ നായികയായ പൂവേ ഉനക്കാകയില്‍ അഭിനയിക്കുന്നത്,’ അഞ്ജു പറഞ്ഞു.
ഇന്നത്തെ ജനറേഷന്‍ ആളുകള്‍ക്ക് തന്നെയറിയില്ലെന്നും സര്‍ച്ച് ചെയ്ത് ആരാണെന്ന് മനസിലാക്കിയാണ് ആളുകള്‍ ഫോട്ടോയെടുക്കാന്‍ വന്നതെന്നും അവര്‍ പറഞ്ഞു.
‘സുധാമണി സൂപ്പറാ എന്ന സിനിമയില്‍ കോളേജില്‍ ഒരു ഷോട്ടെടുക്കാന്‍ പോയി. അവിടെ എല്ലാവരും ന്യൂജനറേഷനാണ്. ആര്‍ക്കും എന്നെ അറിയണമെന്നില്ല. ഏഴെട്ട് കൊല്ലമായി സീരിയല്‍ തന്നെ ഞാന്‍ നിര്‍ത്തിയിട്ട്. ടി.വിയിലൂടെ പോലും അവര്‍ക്ക് എന്നെ കണ്ടുപരിചയമുണ്ടാകില്ല.
ഒരു എട്ട് മണിയൊക്കെ ആയപ്പോഴാണ് അവിടെ ലൊക്കേഷനിലെത്തിയത്. അത് കഴിഞ്ഞ് ഒരു പത്ത് പത്തരയോട് കൂടി എന്റെയടുത്ത് വരുന്നു, ഫോട്ടോയെടുക്കുന്നു. ഇവര്‍ എന്റെ പേര് സര്‍ച്ച് ചെയ്തിട്ട് ഇളയദളപതി വിജയ്‌യുടെ നായികയെന്ന് പറഞ്ഞ് ഫോട്ടോയെടുത്തു.
അവര്‍ സര്‍ച്ച് ചെയ്ത് നോക്കുമ്പോഴേക്കും അവര്‍ക്ക് ആ സിനിമയുടെ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. വിജയ്‌യുടെ നായിക, രജിനികാന്തിന്റെ സിസ്റ്റര്‍ ഒക്കെയായി അഭിനയിച്ചല്ലേ എന്ന് ചോദിക്കുമായിരുന്നു എന്റെയടുത്ത്. അതൊക്കെ എനിക്ക് പുതിയ അനുഭവമായിരുന്നു,’ നടി പറഞ്ഞു.
സീ കേരളത്തില്‍ സംപ്രേഷണം ചെയ്ത ടി.വി സീരിയലാണ് സുധാമണി സുപ്പറാ. അഞ്ജു അരവിന്ദ് പ്രധാന റോളിലെത്തുന്ന സീരിയല്‍ ഹിന്ദി സീരിയലായ പുഷ്പ ഇംപോസിബിളിന്റെ റീമേക്കാണ്.
CONTENT HIGHLIGHTS: anju aravind about thamil movie