മലേഷ്യ വാസുദേവന്റെ ശബ്ദം റീക്രിയേറ്റ് ചെയ്യുക എന്നത് അയാളുടെ നിര്‍ദേശമായിരുന്നു: അനിരുദ്ധ്
നിലവില്‍ സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായ സംഗീതസംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. സോഷ്യല്‍ മീഡിയ സജീവമല്ലാത്ത കാലത്ത് ‘വൈ ദിസ് കൊലവെറി’ എന്ന പാട്ട് തരംഗമാക്കിക്കൊണ്ടാണ് അനിരുദ്ധ് തന്റെ വരവറിയിച്ചത്. ഏത് സിനിമയില്‍ വര്‍ക്ക് ചെയ്താലും അതിലെ പാട്ടുകള്‍ ചാര്‍ട്ട്ബസ്റ്റേഴ്‌സാക്കാനും തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാനും അനിക്ക് സാധിക്കും. കഴിഞ്ഞ വര്‍ഷം പല മ്യൂസിക് പ്ലാറ്റ്‌ഫോമുകളലും ഒന്നാം സ്ഥാനം അലങ്കരിച്ചത് അനിരുദ്ധ് ഈണമിട്ട ഹുക്കും ആയിരുന്നു.
രജിനികാന്തിന് വേണ്ടി അനിരുദ്ധ് ഈണമിട്ട ഏറ്റവും പുതിയ ഗാനമായ ‘മനസിലായോ’യും സോഷ്യല്‍ മീഡിയ ഭരിക്കുകയാണ്. ജയ് ഭീമിന് ശേഷം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനിലാണ് അനിരുദ്ധ് തലൈവര്‍ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. പാട്ടില്‍ രജിനിയോടൊപ്പം മലയാളത്തിന്റെ മഞ്ജു വാര്യറും ഫുള്‍ എനര്‍ജിയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അന്തരിച്ച ഗായകന്‍ മലേഷ്യ വാസുദേവന്റെ ശബ്ദം പുനഃസൃഷ്ടിച്ചിരിക്കുകയാണ് അനിരുദ്ധ് ഈ പാട്ടില്‍.
പാട്ടിന്റെ റോ ആയിട്ടുള്ള വേര്‍ഷന്‍ താനാണ് പാടിയതെന്നും എന്നാല്‍ രജിനിയുടെ ഭാഗം ആര് പാടുമെന്ന് കണ്‍ഫ്യൂഷനായിരുന്നെന്നും അനിരുദ്ധ് പറഞ്ഞു. മലേഷ്യ വാസുദേവന്റെ ശബ്ദം ട്രൈ ചെയ്തലോ എന്നത് രജിനികാന്തിന്റെ സജഷനായിരുന്നെന്ന് അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അനുവാദത്തോടെയാണ് ഇത് ചെയ്തതെന്നും 27 വര്‍ഷത്തിന് ശേഷം മലേഷ്യ വാസുദേവന്റെ ശബ്ദത്തില്‍ രജിനികാന്ത് ചുവടുവെക്കുന്നതിന് താന്‍ കാരണക്കാരനായതില്‍ സന്തോഷമുണ്ടെന്നും അനിരുദ്ധ് പറഞ്ഞു. റെഡ് നൂലിനോട് സംസാരിക്കുകയായിരുന്നു അനിരുദ്ധ്.
‘ഈ പാട്ടിന്റെ റോ വേര്‍ഷന്‍ പാടിയത് ഞാനാണ്. ഫീമെയില്‍ പോര്‍ഷന് ദീപ്തി എന്ന സിങ്ങറിനെ കൊണ്ടുവന്നു. ഇതുവരെ ആരും കേള്‍ക്കാത്ത ഒരു ശബ്ദം വേണമെന്നുള്ള ചിന്തയിലാണ് അവരെ കൊണ്ടുവന്നത്. രജിനി സാറിന്റെ പോര്‍ഷന്‍ ആര് പാടുമെന്ന് കണ്‍ഫ്യൂഷനുണ്ടായിരുന്നു. എസ്.പി.ബി സാറിന്റെ ശബ്ദത്തിലായിരുന്നു അടുത്ത കാലം വരെ അദ്ദേഹത്തിന്റെ പാട്ടുകള്‍ വന്നത്.
ആ സമയത്ത് രജിനി സാര്‍ എന്നെ വിളിച്ചിട്ട് ‘മലേഷ്യ വാസുദേവന്റെ ശബ്ദത്തില്‍ ഈ പാട്ട് കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അങ്ങനെ മലേഷ്യ വാസുദേവന്‍ സാറിന്റെ ഫാമിലിയുടെ അനുവാദം ഞങ്ങള്‍ വാങ്ങി. എസ്.പി.ബി സാറിന് ശേഷം രജിനി സാറിന് ഏറ്റവും നന്നായി ചേരുന്ന ശബ്ദം വാസുദേവന്‍ സാറിന്റേതാണ്. 27 വര്‍ഷം മുമ്പാണ് ആ കോമ്പോ ഇതിന് മുമ്പ് ഒന്നിച്ചത്. ഇപ്പോള്‍ ആ കോമ്പോ വീണ്ടും ഒന്നായതിന് ഞാനും ഒരു കാരണമായതില്‍ സന്തോഷമുണ്ട്,’ അനിരുദ്ധ് പറഞ്ഞു.
Content Highlight: Anirudh about Manasilayo song in Vettaiyan