തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസറ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികതിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകീട്ട് ആറുമണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍വച്ചായിരുന്നു പോസ്റ്റ്്മോര്‍ട്ടം. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന വിവരം ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു.
അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. ഭാര്യ മായയുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അനില്‍ പനച്ചൂരാന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പെട്ടെന്നുണ്ടായ മരണമായതിനാല്‍ മരണ കാരണം അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കായംകുളം പൊലീസിനെ സമീപിക്കുകയായിരുന്നു.
രക്തം ഛര്‍ദ്ദിച്ചതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കി. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പ്രഭാത സവാരി നടത്തുന്നതിനിടെയാണ് അനില്‍ തലകറങ്ങി വീഴുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
അവിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു പിന്നീട് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് അന്ത്യം. 51 വയസായിരുന്നു.
ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിലാണ് അദ്ദേഹത്തിന്റെ ജനനം. ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനാണ്. അനില്‍കുമാര്‍ പി.യു. എന്നാണ് യഥാര്‍ത്ഥ പേര്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ: മായ. മൈത്രേയി, അരുള്‍ എന്നിവരാണ് മക്കള്‍
അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, ഭ്രമരം, പാസഞ്ചര്‍, ബോഡിഗാര്‍ഡ്, മാണിക്യക്കല്ല്, സീനിയേഴ്സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നും, എം. മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി.
വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക