മലയാള സിനിമയിലൂടെ ബാലതാരമായി കരിയര്‍ തുടങ്ങി ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേ സമയം അറിയപ്പെടുന്ന നായികയാണ് അനിഘ സുരേന്ദ്രന്‍. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് ചിത്രമായിരുന്നു അനിഘയുടെ ആദ്യ ചിത്രം.
ഇപ്പോള്‍ പാര്‍വതി തിരുവോത്തിനെ കുറിച്ചും ഐശ്വര്യ ലക്ഷ്മിയെ കുറിച്ചും പറയുകയാണ് അനിഘ സുരേന്ദ്രന്‍. ഐശ്വര്യ ലക്ഷ്മിയുടെ അഭിനയം തനിക്ക് വളരെ ഇഷ്ടമാണെന്നും സിനിമകള്‍ കണ്ടാല്‍ കൂടെയുളള ആരെയും നോക്കാതെ അവരുടെ ആക്റ്റിങ്ങിലേക്ക് മാത്രം കണ്ണുടക്കിപ്പോകുമെന്നും അനിഘ പറയുന്നു.
നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. തനിക്ക് പാര്‍വതിയെ ഒരുപാട് ഇഷ്ടമാണെന്നും ഓരോ സിനിമയിലും അവര്‍ അഭിനയിക്കുകയല്ല, മറിച്ച് ആ കഥാപാത്രങ്ങളായി ജീവിക്കുകയല്ലേയെന്ന് തോന്നിപ്പോകാറുണ്ടെന്നും അനിഘ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘പാര്‍വതി ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഓരോ സിനിമയിലും ചേച്ചി അഭിനയിക്കുകയല്ല, മറിച്ച് ആ കഥാപാത്രങ്ങളായി ചേച്ചി ജീവിക്കുക തന്നെയല്ലേയെന്ന് എനിക്ക് തോന്നിപ്പോകാറുണ്ട്. പിന്നെയുള്ളത് ഐശ്വര്യ ലക്ഷ്മിയാണ്.
ഐശ്വര്യ ചേച്ചിയുടെ ആക്ടിങ് എനിക്ക് വളരെ ഇഷ്ടമാണ്. ചേച്ചിയുടെ സിനിമകള്‍ കണ്ടാല്‍ കൂടെയുളള ആരെയും നോക്കാതെ ചേച്ചിയുടെ ആക്റ്റിങ്ങിലേക്ക് മാത്രം കണ്ണുടക്കിപ്പോകും,’ അനിഘ സുരേന്ദ്രന്‍ പറഞ്ഞു.
മമ്മൂട്ടിക്കും നയന്‍താരക്കും ഒപ്പം അഭിനയിച്ചതിനെ കുറിച്ചും അനിഘ അഭിമുഖത്തില്‍ സംസാരിച്ചു. മമ്മൂട്ടി വളരെ കൂളാണെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും നടി പറഞ്ഞു. നയന്‍താര വളരെ ഫ്രണ്ട്‌ലിയാണെന്നും ഓരോ സീനെടുത്ത് കഴിയുമ്പോഴും ചിരിയും കളിയുമായി തങ്ങള്‍ ഒരുമിച്ച് ചേരുമെന്നും അനിഘ കൂട്ടിച്ചേര്‍ത്തു.
‘മമ്മൂട്ടിയങ്കിള്‍ ശരിക്കും വളരെ കൂളാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. മമ്മൂട്ടിയങ്കിളിന്റെ കൂടെ മൂന്ന് സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു.
പിന്നെ നയന്‍താര ചേച്ചിയും വളരെ ഫ്രണ്ട്‌ലിയാണ്. ഓരോ സീന്‍ എടുത്ത് കഴിയുമ്പോഴും ചിരിയും കളിയുമായി ഞങ്ങള്‍ ഒരുമിച്ച് ചേരും. പിന്നെ ഞങ്ങള്‍ ഒരുമിച്ച് അടിച്ചുപൊളിയാണ്. ചേച്ചിക്കൊപ്പമുള്ള സിനിമകള്‍ വളരെ ആസ്വദിച്ചാണ് ഞാന്‍ ചെയ്തത്,’ അനിഘ സുരേന്ദ്രന്‍ പറഞ്ഞു.
Content Highlight: Anikha Surendran Talks About Aiswarya Lakshmi