Advertisement
national news
എ.എന്‍.ഐ കേന്ദ്രസര്‍ക്കാര്‍ പ്രചാരകരാണെന്ന് പരാമര്‍ശിക്കുന്ന പേജുകള്‍ നീക്കം ചെയ്യണം; വിക്കിപീഡിയയോട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 21, 11:04 am
Monday, 21st October 2024, 4:34 pm

ന്യൂദല്‍ഹി: വിക്കിപീഡിയയ്ക്കെതിരായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ നല്‍കിയ മാനനഷ്ടക്കേസില്‍ വിക്കിപീഡിയയ്ക്ക് തിരിച്ചടി. എ.എന്‍.ഐ കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരകരാണെന്ന് പരാമര്‍ശിക്കുന്ന പേജ് 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി വിക്കിപീഡിയയോട് ആവശ്യപ്പെട്ടു.

ഒരു വാര്‍ത്താ ഏജന്‍സിയെ ഒരു ഇന്റലിജന്‍സ് ഏജന്‍സിയുടെ കളിപ്പാവയെന്നോ സര്‍ക്കാരിന്റെ പിടിവള്ളിയെന്നോ വിളിക്കുന്നതിനേക്കാള്‍ മോശമായ മറ്റൊന്നുമില്ലെന്നും ദല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എ.എന്‍.ഐയുടെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത മൂന്ന് വ്യക്തികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. പിന്നാലെ ഉത്തരവിനെതിരെ വിക്കിപീഡിയ ഫൗണ്ടേഷന്‍ അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിച്ചതും വിക്കിപീഡിയക്കെതിരായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്.

വിക്കീപീഡിയ പേജ് തിരുത്തിയതുമായി ബന്ധപ്പെട്ട് വിക്കിപീഡിയക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ പരിഹരിക്കാന്‍ പേരുകള്‍ വെളിപ്പെടുത്തണമെന്നും ഇല്ലെങ്കില്‍ ഇക്കാര്യങ്ങളെല്ലാം ഒളിപ്പിക്കുന്ന തരത്തിലേക്ക് മാറുമെന്നും കേസ് തുടരുന്നില്ലെന്ന അര്‍ത്ഥത്തിലേക്കെത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും പാലിക്കുമെന്ന് വിക്കിപീഡിയക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഖില്‍ സിബല്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ നിയമപരമായ വിലയിരുത്തലില്ലാതെ തീരുമാനങ്ങളെടുക്കുന്നതില്‍ അപകടസാധ്യതയുണ്ടെന്നും അഖില്‍ സിബല്‍ വ്യക്തമാക്കി.

ഇപ്പോള്‍ നടക്കുന്ന പൊതുചര്‍ച്ചകള്‍ ജുഡീഷ്യല്‍ നടപടികളെ ബാധിക്കുമെന്നും വിവാദ പേജ് ഉടന്‍ നീക്കണമെന്നും നിര്‍ദേശിച്ച കോടതി അല്ലാത്ത പക്ഷം ജഡ്ജിമാര്‍ക്ക് കേസ് തീര്‍പ്പാക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

നേരത്തേയും കോടതി ഉത്തരവുകളോട് വിക്കിപീഡിയ അനാസ്ഥ കാണിച്ചിരുന്നതായും കോടതി പറഞ്ഞിരുന്നു. സമാനമായ പല കേസുകളിലും വിക്കിപീഡിയയുടെ വാദങ്ങളെക്കുറിച്ചും കോടതിയുടെ പരാമര്‍ശം ഉണ്ടായിരുന്നു. കോടതി ഉത്തരവ് മുഖവുരയ്ക്കെടുക്കാത്ത വിക്കിപീഡിയക്ക് ജസ്റ്റിസ് നവീന്‍ ചൗള അധ്യക്ഷനായ ബെഞ്ച് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.

Content Highlight: ANI-Wikipedia Controversy; Delhi High Court orders removal of pages referring to ANI as central government propagandists