ICC WORLD CUP 2019
ഒന്നരവര്‍ഷത്തിനുശേഷം പന്ത് കൈയിലെടുത്തു; താഴെവെച്ചത് വിജയം കണ്ടശേഷം; 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്ന് മാത്യൂസ്
സ്പോര്‍ട്സ് ഡെസ്‌ക്
2019 Jul 02, 02:33 am
Tuesday, 2nd July 2019, 8:03 am

ചെസ്റ്റര്‍-ലെ-സ്ട്രീറ്റ്: ഇന്നലത്തെ ലോകകപ്പ് മത്സരം വിജയിച്ചതുകൊണ്ട് കണക്കില്‍ ശ്രീലങ്കയ്ക്കു വലിയ കാര്യമൊന്നുമില്ല. പക്ഷേ ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ എയ്ഞ്ജലോ മാത്യൂസിനിത് തിരിച്ചുവരവിന്റെ ദിവസമായിരുന്നു. ഒന്നരവര്‍ഷത്തിനുശേഷം പന്ത് കൈയിലെടുത്ത മാത്യൂസ് ലങ്കയെ വിജയത്തിലേക്കു നയിച്ചതിനുശേഷമാണ് അതു താഴെവെച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്നലെ നടന്ന മത്സരത്തില്‍ 339 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ലങ്ക ഉയര്‍ത്തിയതെങ്കിലും നിക്കോളാസ് പൂറന്‍ എന്ന ഇടംകൈയന്‍ ബാറ്റ്‌സ്മാന്റെ നിശ്ചയദാര്‍ഢ്യം കളി ലങ്കയുടെ കൈകളില്‍ നിന്ന് വഴുതി മാറ്റിക്കൊണ്ടിരുന്നു.

അവസാന മൂന്നോവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ 31 റണ്‍സ് വേണ്ട സ്ഥിതിയിലാണ് മാത്യൂസ് ഒന്നരവര്‍ഷത്തിനുശേഷം എറിയാന്‍ പന്ത് കൈയിലെടുക്കുന്നത്. വിന്‍ഡീസിനു ബാക്കിയുള്ളതാകട്ടെ, മൂന്ന് വിക്കറ്റും. മികച്ച ഫോമില്‍ അടിച്ചുകളിക്കുന്ന പൂറനും വാലറ്റത്തെ ഷെല്‍ഡണ്‍ കോട്ട്രലും.

എറിഞ്ഞ ആദ്യ പന്ത് തന്നെ ചെന്നുവീണത് കരീബിയന്‍ ആരാധകരുടെ നെഞ്ചിലായിരുന്നു. മാത്യൂസിന്റെ ഒട്ടും അപകടകാരിയല്ലാത്ത പന്തില്‍ കട്ട് ചെയ്യാന്‍ ശ്രമിച്ച് പാളിപ്പോയ പൂറന്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ പെരേരയുടെ കൈകളില്‍ ഒതുങ്ങി. 18 മാസങ്ങള്‍ക്കുശേഷമുള്ള തന്റെ അവിസ്മരണീയ മുഹൂര്‍ത്തം വായുവില്‍ ഉയര്‍ന്നുചാടിയാണ് മാത്യൂസ് ആഘോഷിച്ചത്. അവസാന ഓവര്‍ കൂടി എറിഞ്ഞ മാത്യൂസ്, മത്സരത്തില്‍ ആകെ എറിഞ്ഞതും ഏറ്റവും നിര്‍ണായകമായ 48, 50 ഓവറുകള്‍. വിട്ടുകൊടുത്തതോ, വെറും ആറ് റണ്‍സ്.

മീഡിയം പേസ് ബൗളറായ മാത്യൂസ് ഏകദിനത്തില്‍ 115 വിക്കറ്റും ടെസ്റ്റില്‍ 33 വിക്കറ്റും ട്വന്റി20-ല്‍ 37 വിക്കറ്റും നേടിയിട്ടുണ്ട്.

നിരന്തരമായി അലട്ടിയ പരിക്കുകള്‍ കാരണമാണ് 32-കാരനായ മാത്യൂസ് 18 മാസം മുന്‍പ് ബൗളിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.