സംവിധായകന്‍, തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫര്‍ എന്നീ മേഖലയില്‍ കഴിവ് തെളിയിച്ച് വ്യക്തിയാണ് അനീഷ് ഉപാസന. മോഹന്‍ലാലുമൊത്തുള്ള ആഡ് ഫിലിമിലേക്കും ഫോട്ടോഷൂട്ടിങ്ങിലേക്കും എത്തിയത് എങ്ങനെയെന്ന് പറയുകയാണ് അനീഷ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പരദേശി, ഛോട്ടാ മുംബൈ എന്നീ സിനിമകളുടെ സമയത്താണ് ഞാന്‍ ആദ്യമായി അദ്ദേഹത്തിന്റെ ഫോട്ടോഷൂട്ട് നടത്തുന്നത്. അന്ന് ‘മോഹന്‍ലാല്‍ സ്‌പെഷ്യല്‍’ എന്ന പേരില്‍ തൃശൂരില്‍ ഒരു മാഗസിന്‍ ഉണ്ടായിരുന്നു. അതിന് വേണ്ടിയായിരുന്നു ഈ ഫോട്ടോഷൂട്ട് നടത്തിയത്.
അതിനായിട്ട് അവര്‍ ലാല്‍ സാറില്‍ നിന്ന് പെര്‍മിഷനെടുത്തു. ഞാന്‍ ഫോട്ടോഷൂട്ടിനായി ഒരു കോണ്‍സെപ്റ്റ് തയ്യാറാക്കി. കുഴപ്പമില്ലാതെ സ്‌ക്കെച്ച് ചെയ്യാന്‍ അറിയുന്ന ആളായിരുന്നു ഞാന്‍. താജ് ഹോട്ടലില്‍ വെച്ചായിരുന്നു ഫോട്ടോഷൂട്ട് പ്ലാന്‍ ചെയ്തത്.
അതിന് മുമ്പ് ഞാന്‍ സാറിനെ കണ്ടിട്ടുണ്ട്. എന്നാല്‍ ലാല്‍ സാറിന് എന്നെ അറിയില്ല. എല്ലാവരെയും കാണുമ്പോള്‍ ഉള്ളത് പോലെ എന്നെ കണ്ടാലും ചിരിക്കാറുണ്ടായിരുന്നു. എല്ലാവരെയും സാര്‍ മോനെയെന്നാണല്ലോ വിളിക്കുന്നത്, അതേ വിളി എന്നെയും വിളിക്കാറുണ്ട്.
ഞാന്‍ അന്ന് താജില്‍ വെച്ച് സാറിനെ ചെന്ന് കണ്ടു. ആ കോണ്‍സെപ്റ്റ് അദ്ദേഹത്തെ കാണിച്ചു കൊടുത്തു. എവിടെ വെച്ചാണ് ഷൂട്ട് ചെയ്യാന്‍ പോകുന്നത് എന്നായിരുന്നു ആദ്യം വന്ന ചോദ്യം. അവിടെ താഴെ തന്നെയാണെന്ന് പറഞ്ഞപ്പോള്‍ സാര്‍ റൂമിലെ കര്‍ട്ടണ്‍ മാറ്റിയിട്ട് ഇവിടെയാണോയെന്ന് ചോദിച്ചു.
ആ സമയത്ത് താഴെ ഒരു കല്യാണം നടക്കുകയാണ്. അത് എനിക്ക് അറിയില്ലായിരുന്നു. താഴെയാകും ലൊക്കേഷന്‍ എന്ന് മാത്രമാണ് അവര്‍ എന്നോട് പറഞ്ഞിരുന്നത്. ഇവിടെ നിന്ന് പറഞ്ഞ ലൊക്കേഷനാണ് അതെന്ന് ഞാന്‍ സാറിന് മറുപടി നല്‍കി.
ഉടനെ ‘ഇവിടെ ഇറങ്ങി നിന്ന് ഞാന്‍ എങ്ങനെ ഷൂട്ട് ചെയ്യു’മെന്നായി സാറിന്റെ ചോദ്യം. ലാല്‍ സാര്‍ ആകെ ചൂടായി. ആദ്യമായിട്ടായിരുന്നു ഞാന്‍ സാറിനടുത്ത് നിന്ന് സംസാരിക്കുന്നത്. ഞാന്‍ താജിലെ ആളുകളോട് ചോദിച്ചപ്പോള്‍ അതിന്റെ തൊട്ടടുത്ത് വെച്ച് ഷൂട്ട് ചെയ്‌തോളൂവെന്നാണ് പറഞ്ഞത്.
ഇത്രയും ക്രൗഡ് അപ്പുറത്ത് നില്‍ക്കുമ്പോള്‍ അത് എന്തായാലും നടക്കാത്ത കാര്യമായിരുന്നു. ‘ഒട്ടും കോര്‍ഡിനേഷനില്ല. വളരെ മോശം. ഇങ്ങനെയാണോ വര്‍ക്ക് ചെയ്യുക’യെന്ന് പറഞ്ഞ് ലാല്‍ സാര്‍ വീണ്ടും ചൂടായി. ആ ദേഷ്യപെടുന്നതില്‍ ഒരു ക്യൂട്ട്‌നെസ് ഉണ്ടായിരുന്നു. പക്ഷെ എന്റെ കൈയ്യും കാലും വിറച്ചു,’ അനീഷ് ഉപാസന പറഞ്ഞു.
Content Highlight: Aneesh Upasana Talks About Mohanlal