അന്ന് ഫഹദ് ഫാസില്‍ ആരാണെന്ന് അറിയില്ല, അന്നയും റസൂലിലും അഭിനയിച്ചത് രാജീവ് രവിക്ക് വേണ്ടി: ആന്‍ഡ്രിയ ജെര്‍മിയ
Film News
അന്ന് ഫഹദ് ഫാസില്‍ ആരാണെന്ന് അറിയില്ല, അന്നയും റസൂലിലും അഭിനയിച്ചത് രാജീവ് രവിക്ക് വേണ്ടി: ആന്‍ഡ്രിയ ജെര്‍മിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th April 2022, 10:49 pm

രാജീവ് രവിയുടെ സംവിധാനത്തില്‍ 2013ല്‍ റിലീസ് ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. അന്നയായി മികച്ച പ്രകടനമാണ് ആന്‍ഡ്രിയ ചിത്രത്തില്‍ കാഴ്ച വെച്ചത്.

പിന്നീട് പൃഥ്വിരാജ് നയാകനായ ലണ്ടന്‍ ബ്രിഡ്ജിലും എത്തിയ ആന്‍ഡ്രിയ അതിന് ശേഷം അധികം മലയാളം സിനിമകളില്‍ അഭിനയിച്ചിരുന്നില്ല. മലയാളം സിനിമയില്‍ പിന്നീട് അഭിനയിക്കാത്തതിന്റെ കാരണം തുറന്ന് പറയുകയാണ് ആന്‍ഡ്രിയ.

അന്നയും റസൂലിലും അഭിനയിക്കാനെത്തുമ്പോള്‍ ഫഹദിനെ തനിക്ക് അറിയില്ലായിരുന്നുവെന്നും അന്‍ഡ്രിയ പറഞ്ഞു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിനെ പറ്റിയും രാജീവ് രവിയെ പറ്റിയും ആന്‍ഡ്രിയ മനസ് തുറന്നത്.

‘അന്നയും റസൂലിനും ശേഷം പിന്നെ അതുപോലെ നല്ല സ്‌ക്രിപ്റ്റുകള്‍ മലയാളത്തില്‍ നിന്നും അധികം വന്നില്ല. അതുകൊണ്ടാണ് കൂടുതല്‍ മലയാളം സിനിമകള്‍ ചെയ്യാതിരുന്നത്. ഫഹദ് വളരെ നല്ല നടനാണ്. കൂടെ അഭിനയിച്ചതില്‍ മികച്ച നടന്മാരില്‍ ഒരാള്‍.

എന്നാല്‍ ഫഹദിനുമപ്പുറം സംവിധായകനായ രാജീവ് രവിയെ പറ്റിയാണ് ഞാന്‍ പറയേണ്ടത്. സിനിമക്കായി സൈന്‍ ചെയ്യുമ്പോള്‍ ഫഹദ് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം ഇന്നത്തെ പോലെ വലിയൊരു സ്റ്റാറല്ല അന്ന് ഫഹദ്.

രാജീവ് രവിക്ക് വേണ്ടിയാണ് ആ ചിത്രത്തിലെത്തിയത്. കാരണം അനുരാഗ് കശ്യപിന്റെ എല്ലാ പടങ്ങളിലും ഡി.ഒ.പി ചെയ്തിരുന്നത് രാജീവ് രവിയാണ്. റോമിയോ ജൂലിയറ്റ് കഥ പറയുന്നത് പോലെയാണ് ആ കഥ എന്നോട് പറഞ്ഞത്. തമിഴില്‍ നിന്നും ലവ് സ്റ്റോറികളൊന്നും കിട്ടിയിട്ടില്ല. മലയാളത്തില്‍ അത് ചെയ്യാന്‍ പറ്റി,’ ആന്‍ഡ്രിയ പറഞ്ഞു.

മലയാളം സിനിമ ഇന്‍ഡസ്ട്രിയോട് തനിക്ക് ബഹുമാനമാണെന്നും ഏറ്റവും സക്‌സസ്ഫുള്ളായ ഇന്‍ഡസ്ട്രിയാണ് അതെന്നും അവര്‍ പറഞ്ഞു.

‘ഇപ്പോള്‍ നോക്കിയാല്‍ മോസ്റ്റ് സക്‌സസ്ഫുള്‍ ഫിലിം ഇന്‍ഡസ്ട്രി ഇന്‍ ഇന്ത്യ എന്ന് പറയുന്നത് മലയാളം ഇന്ഡസ്ട്രിയാണ്. ഇന്‍വെസ്റ്റ്‌മെന്റും റിട്ടേണ്‍ ഇന്‍വെസ്റ്റ്‌മെന്റും നോക്കുകയാണെങ്കില്‍ അവരുടേതാണ് മോസ്റ്റ് സക്‌സസ്ഫുള്‍ ഇന്‍ഡസ്ട്രി. നല്ല രീതിയിലുള്ള കഥയാണ് അവരുടേത്. എല്ലാവരും അവരുടെ പടമാണ് കാണുന്നത്. പ്രത്യേകിച്ച് ലോക്ക് ഡൗണ്‍ സമയത്ത്. അതാണ് സത്യം. അതുകൊണ്ട് അവരാണ് സിനിമയുടെ ക്വാളിറ്റിയില്‍ മുന്നില്‍ നില്‍ക്കുന്നത്

ഉഗ്രന്‍ സ്‌ക്രിപ്റ്റ് സെന്‍സ് മലയാളം ഇന്‍ഡസ്ട്രയിലെ ആളുകള്‍ക്കുണ്ട്. ഞാന്‍ മലയാളം ഇന്‍ഡസ്ട്രയില്‍ കണ്ട ഒരു കാര്യം തിരക്കഥാ കൃത്തുക്കള്‍ക്ക് കൊടുക്കുന്ന ബഹുമാനവും പ്രാധ്യാനവുമാണ്. അത് ഞാന്‍ വേറൊരു ഇന്ഡസ്ട്രിയിലും കണ്ടിട്ടില്ല. ഒരു മലയാളം ഫിലിം സെറ്റിലേക്ക് പോയാല്‍ ഡയറക്ടര്‍ ഉണ്ടാകും. കൂടെ സ്‌ക്രിപ്റ്റ് റൈറ്ററും ഉണ്ടാകും. ഷൂട്ടിങ്ങിനു ദിവസവും അവരും വരും. അവരും അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ മറ്റു ഇന്‍ഡസ്ട്രികളില്‍ അതില്ല,’ ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു.

Content Highlight: andrea jeremiah about fahad fasil and rajeev ravi