ഹൈദരാബാദ്: സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ആന്ധ്രാ പ്രദേശ്. പുതുതായി 13 ജില്ലകള്‍ കൂടി ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ ആന്ധ്രയിലെ ജില്ലകളുടെ എണ്ണം 26 ആയി ഉയരും.
തിങ്കളാഴ്ച മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പുതിയ ജില്ലകള്‍ ഉദ്ഘാടനം ചെയ്യും. എന്‍.ഡി.ടി.വിയാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വിടുന്നത്.
പുതിയ ജില്ലകള്‍ നിലവില്‍ വരുന്നതോടെ ഭരണ നിര്‍വഹണത്തിനുള്ള പുതിയ ടീമിനെ സംബന്ധിക്കുന്ന വിവരങ്ങളും മറ്റും ഏപ്രില്‍ ഏഴിന് ചേരുന്ന മന്ത്രിസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
‘ഇതൊരു സുപ്രധാനമായ ദിനമാണ്. ഇതുസംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മുഖ്യമന്ത്രി ജില്ലാ പോര്‍ട്ടലുകളും കൈപ്പുസ്തകങ്ങളും പുറത്തിറക്കും,’ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട ഓഫീസ് കാര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.
ജില്ലാ പുനഃസംഘടനയെ കുറിച്ച് പരിശോധിക്കുന്നതിനായി വിജയവാഡയില്‍ അവലോകന യോഗം ചേര്‍ന്നിട്ടുണ്ടെന്നും പുതുതായി 13 ജില്ലകളെ കൂടി ഉള്‍പ്പെടുത്തി ആകെ 26 ജില്ലയാക്കുന്നത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്നും റെഡ്ഡി അറിയിച്ചു.
ജില്ലകള്‍ പുനഃസംഘടിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാല് സബ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും എല്ലാം കൃത്യമായി തന്നെ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഉദ്യോഗസ്ഥരുടെയും പുനര്‍വിന്യാസത്തിന്റെയും കാര്യത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും മുഖ്യമന്ത്രി സബ്കമ്മിറ്റിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഓരോ ജില്ലയുടെയും ഘടന, ഈ ജില്ലകളില്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെയും വകുപ്പുകളുടെയും എണ്ണം, വകുപ്പുകള്‍ക്കായി ഓഫീസുകള്‍ സ്ഥാപിക്കുന്നതിന് ഓരോ കമ്മിറ്റിയും സ്വീകരിച്ച നടപടികള്‍ എന്നിവയുടെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടുണ്ട്.