national news
കൊറോണ വന്നത് ചൈനയില്‍ നിന്നല്ല, എന്നില്‍ നിന്ന്, ഞാന്‍ ശിവനാണ്; കൊവിഡ് ടെസ്റ്റിന് വിസമ്മതിച്ച് പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസിലെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 28, 02:25 am
Thursday, 28th January 2021, 7:55 am

ചിറ്റൂര്‍: ആന്ധ്ര പ്രദേശിലെ മദനപ്പള്ളിയില്‍ പെണ്‍മക്കളെ ദുരൂഹമായി കൊലപ്പെടുത്തിയതിന് പിന്നാലെ അറസ്റ്റിലായ അമ്മ വിചിത്ര വാദവുമായി രംഗത്ത്. താന്‍ ശിവനാണെന്നും തന്നില്‍ നിന്നുമാണ് കൊറോണ വൈറസ് ഉണ്ടായതെന്നുമാണ് പ്രതി പദ്മജയുടെ വാദം. തന്റെ തൊണ്ടയില്‍ വിഷമുണ്ടെന്ന് പറഞ്ഞ അവര്‍ കൊവിഡ് പരിശോധനയ്ക്ക് വിസമ്മതിക്കുകയും ചെയ്തു.

മക്കളായ അലേഖ്യയെയും സായി ദിവ്യയെയും തൃശൂലം കൊണ്ട് കുത്തുകയും ഡംബല്‍ കൊണ്ട് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നുമാണ് പദ്മജയ്ക്കും ഭര്‍ത്താവ് പുരുഷോത്തം നായിഡുവിനുമെതിരെയുള്ള കേസ്. എന്നാല്‍ മൂത്ത മകളാണ് ഇളയ മകളായ സായി ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് അമ്മ പദ്മ മൊഴി നല്‍കിയിരുന്നത്.

‘ഞാന്‍ ശിവനാണ്. കൊറോണ വന്നത് എന്റെ ശരീരത്തില്‍ നിന്നാണ്. ചൈനയില്‍ നിന്നല്ല. വാക്‌സിന്‍ ഉപയോഗിക്കാതെ തന്നെ മാര്‍ച്ച് മാസത്തോടു കൂടി കൊവിഡ് അവസാനിക്കും. വാക്‌സിന്റെ ആവശ്യമില്ല,’ എന്നാണ് കൊവിഡ് പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ പദ്മജ പറഞ്ഞത്.

പൊലീസിന്റെയും പുരുഷോത്തമിന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയയായത്.

ഗണിത ശാസ്ത്രത്തില്‍ പി.ജിയുള്ള പദ്മജ ഐ.ഐ.ടി പരിശീലന കേന്ദ്രത്തിലാണ് ജോലിചെയ്യുന്നത്. ഭര്‍ത്താവ് പുരുഷോത്തം നായിഡു മദനപ്പള്ളൈ ആസ്ഥാനമായുള്ള ഗവ. ഡിഗ്രി കോളേജ് ഫോര്‍ വിമനിലെ പ്രിന്‍സിപാളാണ്.

ഭോപ്പാലിലെ സെന്‍ട്രല്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിയൂട്ടിലാണ് അലേഖ്യ ജോലി ചെയ്തിരുന്നത്. സംഗീത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ദിവ്യ എ. ആര്‍ റഹ്മാന്റെ സംഗീത അക്കാദമിയില്‍ പരിശീലനം നേടിയിരുന്നു.

ഞായറാഴ്ചയാണ് രണ്ട് പെണ്‍മക്കളെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയും ചേര്‍ന്ന് മന്ത്രവാദത്തിന്റെ പേര് പറഞ്ഞാണ് മക്കളെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

കലിയുഗം കഴിഞ്ഞ് അടുത്ത ദിവസം സത്യയുഗം തുടങ്ങുമെന്നും അന്ന് (തിങ്കളാഴ്ച)മക്കള്‍ പുനര്‍ജനിക്കുമെന്നാണ് പദ്മജയും പുരുഷോത്തമും പൊലീസിനോട് പറഞ്ഞത്.

പദ്മജയുടെയും പുരുഷോത്തമിന്റെയും മൊഴികള്‍ പൊലീസ് ഇതുവരെയും വിശ്വാസത്തിലെടുത്തിട്ടില്ല.

ചോദ്യം ചെയ്യലില്‍ പൊരുത്തമില്ലായ്മ ഉണ്ടായിരുന്നെന്നും വിചിത്രമായ മൊഴികളാണ് നല്‍കുന്നതെന്നും പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Andhra Couple who killed daughters says that they are Lord shiva and Corona came from them