കൊച്ചി: മഹാത്മാ ഗാന്ധിയെ കൊന്നതു തീവ്ര ഹിന്ദുത്വ സമീപനമാണെന്നും ഏതു കോടതിയില്‍ വേണമെങ്കിലും പറയുമെന്നും അവതാരകന്‍ എം.വി. നികേഷ് കുമാര്‍. റിപ്പോര്‍ട്ടര്‍ ടി.വിയിലെ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗാന്ധിയെ കൊന്ന തീവ്ര ഹിന്ദുത്വ ആശയത്തിനു വളരാനുള്ള എല്ലാ സഹായവും അന്നു ചെയ്തുകൊടുത്തത് ആര്‍.എസ്.എസുകാര്‍ ആണ്. ആര്‍.എസ്.എസിന് ഗാന്ധി വധത്തില്‍ നിന്ന് ഒഴിയാനാവില്ലെന്നും നികേഷ് കുമാര്‍ പറഞ്ഞു.
ലക്ഷദ്വീപുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ബി.ജെ.പി. പ്രതിനിധി സദാനന്ദന്‍ മാസ്റ്റര്‍ക്കു മറുപടി നല്‍കുകയായിരുന്നു നികേഷ്.
‘ആര്‍.എസ്.എസ്. ഗാന്ധി വധത്തിനു ശേഷം ലഡു വിതരണം ചെയ്ത സംഘടനയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കാലത്തു രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ട ഇന്ത്യയില്‍ മത തീവ്രവാദം ഉയര്‍ത്തിപ്പിടിച്ച ആര്‍.എസ്.എസിന്റെ ആശയത്തിലൂന്നിയുള്ള ഹിന്ദു തീവ്രവാദ സമീപനമാണ് ഗാന്ധിയെ കൊന്നത്. ഗാന്ധി വധത്തിനു ശേഷം അതില്‍ ആഹ്ലാദം പ്രകടിപ്പിച്ച സംഘടനകളില്‍ ഒന്നായിരുന്നു ആര്‍.എസ്.എസ്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍.എസ്.എസിനെ നിരോധിക്കുകയായിരുന്നു,’ നികേഷ് കുമാര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെ കേസ് കൊടുത്ത പാര്‍ട്ടിയാണ് ആര്‍.എസ്.എസ്. തനിക്കെതിരെയും വേണമെങ്കില്‍ കേസു കൊടുത്തൂളൂ എന്നും നികേഷ് ബി.ജെ.പി. നേതാവിനോട് പറഞ്ഞു.
‘നിങ്ങളുയര്‍ത്തിപ്പിടിച്ച തീവ്ര ഹിന്ദു സമീപനമാണ് ഗാന്ധിയെ കൊന്നതെന്ന് ഞാന്‍ എവിടെയും പറയും. ഏത് കോടതിയിലും പറയും. രാഹുല്‍ ഗാന്ധിക്കെതിരെ പോയി കോടതിയില്‍ കേസുകൊടുത്തല്ലോ. ഞാന്‍ ഈ പറഞ്ഞതിനെതിരെ പോയി കേസുകൊടുക്കാന്‍ ഞാന്‍ വെല്ലുവിളിക്കുകയാണ്.
ആര്‍.എസ്.എസ് ആണ് കേസുകൊടുത്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ ആര്‍.എസ്.എസ് കേസുകൊടുത്തു. അതില്‍ വിധി വരട്ടെ, അപ്പോള്‍ ഒരു വാചകത്തില്‍ ഞാന്‍ അങ്ങു പറഞ്ഞു തരാം,’ നികേഷ് പറഞ്ഞു.
കേസു കൊടുത്തപ്പോള്‍ രാഹുലിന്റെ മുട്ടുവിറച്ചു എന്നു പറഞ്ഞ ബി.ജെ.പി. നേതാവിനോടു രാഹുല്‍ ഗാന്ധി അന്തസ്സോടുകൂടിയാണ് കേസു നടത്തുന്നതെന്നും നികേഷ് പറഞ്ഞു.
ഗാന്ധി വധത്തെ എതിര്‍ത്ത ബി.ജെ.പി. നേതാവ്, നികേഷിനെതിരെ അടുത്ത ദിവസം തന്നെ വക്കീല്‍ നോട്ടീസ് അയക്കുമെന്നും പറഞ്ഞു.