ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് അനശ്വര രാജന്‍. ഉദാഹരണം സുജാത എന്ന സിനിമയിലൂടെയായിരുന്നു അനശ്വരയുടെ അരങ്ങേറ്റം.
തണ്ണീര്‍ മത്തന്‍ ദിനങ്ങളിലാണ് അനശ്വര തന്റെ ആദ്യ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2025ല്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ രേഖാചിത്രത്തിലും താരം സുപ്രധാനമായ വേഷം കൈകാര്യം ചെയ്തു. തമിഴ് സിനിമയിലും അനശ്വര സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അനശ്വര രാജന്‍
വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാള സിനിമയ്ക്ക് ഒന്നിലധികം ഹിറ്റുകളാണ് അനശ്വര നല്‍കിയത്. നേര്, സൂപ്പര്‍ ശരണ്യ തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണമാണ്.
ബാലതാരമായാണ് തുടക്കമെങ്കിലും അനശ്വരയുടെ നായികാ കഥാപാത്രങ്ങളെ ഏറ്റെടുക്കാന്‍ സിനിമാ പ്രേമികള്‍ക്ക് അധികം സമയം വേണ്ടി വന്നില്ല. ഇതില്‍ അനശ്വരയുടെ വിന്റേജ് കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ വലിയ രീതിയില്‍ ഇടംപിടിക്കുകയും പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്.
നിഖില്‍ മുരളിയുടെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ പ്രണയ വിലാസം എന്ന സിനിമയിലാണ് അനശ്വര ആദ്യമായി ഒരു വിന്റേജ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമിത ബൈജു, അര്‍ജുന്‍ അശോകന്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നടന്‍ ഹക്കിം ഷായും അനശ്വരയും അവതരിപ്പിച്ച വിന്റേജ് പ്രണയകാലം പ്രണയ വിലാസത്തിന്റെ പ്രധാനപ്പെട്ട ഘടകമായിരുന്നു. ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയിലെ ‘നറുചിരിയുടെ മിന്നായം’ എന്ന പാട്ടും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2024ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രമായ എബ്രഹാം ഓസ്‌ലറിലാണ് അനശ്വര രണ്ടാമതൊരു വിന്റേജ് കഥാപാത്രത്തെ അവതരിപ്പിച്ചത്. മിഥുന്‍ മാനുവല്‍ തോമസായിരുന്നു സിനിമയുടെ സംവിധായകന്‍.
അനശ്വര അവതരിപ്പിച്ച സുജ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് സിനിമയുടെ കഥ. നിറക്കൂട്ട് എന്ന സിനിമയിലെ ‘പൂമാനമേ’ പുനരവതരിപ്പിച്ച ഓസ്‌ലറിലെ ഗാനത്തിലെത്തുന്ന അനശ്വരയും സുജയും ഒരേസമയം പ്രേക്ഷക പ്രീതി നേടി.
പിന്നാലെ ഈ വര്‍ഷം ഏറ്റവും അവസാനമായി അനശ്വരയുടേതായി പുറത്തിറങ്ങിയ രേഖാചിത്രത്തിലും താരം അവതരിപ്പിച്ചത് വിന്റേജ് കഥാപാത്രത്തെയാണ്. രേഖാചിത്രത്തിലെ അനശ്വരയുടെ അഭിനയം വലിയ നിരൂപക പ്രശംസയാണ് നേടിയത്.
അനശ്വരയുടെ കഥാപാത്രത്തിലൂടെയാണ് രേഖാചിത്രവും മുന്നോട്ടുപോകുന്നത്. 40 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസാണ് സിനിമയുടെ ഇതിവൃത്തം.
മേക്കോവറുകളും അഭിനയ ശൈലിയും കഥാപാത്രത്തിന്റെ ആഴവുമാണ് അനശ്വരയുടെ വിന്റേജ് കഥാപാത്രങ്ങള്‍ക്ക് ജനപ്രീതി നല്‍കുന്നത്. ഇത്തരത്തില്‍ അനശ്വരയുടെ വിന്റേജ് കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത മറ്റു കഥാപാത്രങ്ങള്‍ക്കും സിനിമകള്‍ക്കും ലഭിക്കുന്നുണ്ട്.
Content Highlight: Anaswara Rajan’s portrayed vintage characters in Malayalam cinema