അവര്‍ നിങ്ങളെത്തേടിയെത്തും മുന്‍പെങ്കിലും ശബ്ദമുയര്‍ത്തും എന്ന് ഞാന്‍ പ്രതീക്ഷിക്കട്ടെ' ജയിലിലേക്ക് യാത്രയാകും മുന്‍പ് ഇന്ത്യക്കാര്‍ക്ക് തെല്‍തുംദെയുടെ തുറന്ന കത്ത്
national news
അവര്‍ നിങ്ങളെത്തേടിയെത്തും മുന്‍പെങ്കിലും ശബ്ദമുയര്‍ത്തും എന്ന് ഞാന്‍ പ്രതീക്ഷിക്കട്ടെ' ജയിലിലേക്ക് യാത്രയാകും മുന്‍പ് ഇന്ത്യക്കാര്‍ക്ക് തെല്‍തുംദെയുടെ തുറന്ന കത്ത്
ആനന്ദ് തെല്‍തുംദെ
Tuesday, 14th April 2020, 8:04 pm

ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തപ്പെട്ട ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംദെയുടെ ജാമ്യ ഹരജി സുപ്രീം കോടതിയും അടുത്തിടെ തള്ളിയിരുന്നു.

ആനന്ദിനും, സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖക്കും കീഴടങ്ങാന്‍ ഒരാഴ്ച നല്‍കിയിരുന്നു. ഏപ്രില്‍ 14നു മുന്‍പായി ദേശീയ അന്വേഷണ ഏജന്‍സി മുന്‍പാകെ ഹാജരാകണമെന്ന സുപ്രീം കോടതി നിര്‍ദേശപ്രകാരം ഇരുവരും ചൊവ്വാഴ്ച എന്‍.ഐ.എ മുന്‍പാകെ കീഴടങ്ങി. ഇതോടെ
കഴിഞ്ഞ രണ്ടുവര്‍ഷമായി മഹാരാഷ്ട്ര ജയിലുകളില്‍ ഇതേ കേസുമായി ബന്ധപ്പെട്ടു കഴിയുന്ന മറ്റ് ഒന്‍പതു ആക്ടിവിസ്റ്റുകളോടൊപ്പം ഇവരും ചേരും.

ജയിലേക്കു പോകുന്നതിനു മുന്‍പ് ജനങ്ങള്‍ക്കായി ആനന്ദ് തെല്‍തുംദെ ഒരു തുറന്ന കത്തെഴുതി:

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അട്ടഹാസങ്ങള്‍ക്കിടയിലും അവരുടെ കുഴലൂത്ത് മാധ്യമങ്ങളുടെ കോലാഹലങ്ങള്‍ക്കിടയിലും ഇത് മുങ്ങിപ്പോകുമെന്ന് എനിക്കറിയാം. എന്നിരുന്നാലും എനിക്ക് നിങ്ങളോടു സുപ്രധാനമായ ചിലത് പറയുവാനുണ്ട്. ഇനി മറ്റൊരവസരം കിട്ടുമോ എന്നറിയില്ല.

ഞാന്‍ താമസിച്ചിരുന്ന ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അധ്യാപക വസതി 2018ല്‍ പോലീസ് റെയ്ഡ് ചെയ്തതോടെ തന്നെ എന്റെ ലോകം തകിടം മറിഞ്ഞിരുന്നു.

ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതാത്ത കാര്യങ്ങളാണ് പിന്നീട് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. കൂടുതലും വ്യത്യസ്ത യൂണിവേഴ്സിറ്റികളില്‍ മാത്രം നടത്തപ്പെട്ടിരുന്ന എന്റെ പ്രഭാഷണങ്ങളുടെ സംഘാടകരെ പോലീസ് ഭീഷണിപ്പെടുത്തുകയും എന്നെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിക്കുന്നതുമൊക്കെ ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നാല്‍ ആദ്യമൊക്കെ ഞാന്‍ കരുതിരിയിരുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വീടുവിട്ടുപോയ എന്റെ സഹോദരനെക്കുറിച്ചാണ് അന്വേഷണം എന്നും പോലീസുകാര്‍ക്ക് ആളുമാറിയതാകാം എന്നൊക്കെയായിരുന്നു.

ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ ഞാന്‍ അധ്യാപനം നടത്തിയിരുന്ന കാലത്ത് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ ആണെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ വിളിച്ചിരുന്നു. എന്റെ ഗുണകാംക്ഷിയാണെന്നും ഏറെ ബഹുമാനിക്കുന്നുവെന്നും പറഞ്ഞു പരിചയപ്പെടുത്തിയ അദ്ദേഹം എന്റെ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ട് എന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഞാന്‍ കാര്യമായൊന്നും ചെയ്തില്ല. സിം കാര്‍ഡ് മാറ്റുക പോലും ഉണ്ടായില്ല.

ഈ സംഭവങ്ങള്‍ കാരണം അസ്വസ്ഥനായിരുന്നു ഞാന്‍. എന്നാല്‍ ഞാന്‍ ഒരു സാധാരണക്കാരന്‍ മാത്രമാണെന്നും, എന്റെ പെരുമാറ്റത്തിലൊന്നും യാതൊരു നിയമലംഘനവും ഇല്ലെന്നും പോലീസിനെ എനിക്ക് ബോധ്യപ്പെടുത്താനാകുമെന്ന് ഞാന്‍ കരുതി.

പൗരാവകാശ പ്രവര്‍ത്തകരെ പൊതുവെ പൊലീസിന് അത്ര താത്പര്യമല്ല, കാരണം അവര്‍ എപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ത്തുക പൊലീസിന് നേരെ കൂടിയാണ്. ഞാനും ആ ഗണത്തിലായതിനാലാകാം പോലീസിന്റെ ഈ സമീപനം എന്ന് ചിന്തിച്ചു. എന്നാല്‍ ജോലി സംബന്ധമായ തിരക്കിനാല്‍ ആക്ടിവിസ്റ്റിന്റെ കുപ്പായമണിയാന്‍ എനിക്ക് അധികം നേരമില്ല എന്ന് പൊലീസിന് തന്നെ മനസിലാകുമല്ലോ എന്ന് കരുതി ആശ്വസിച്ചു.

പെട്ടെന്നൊരു ദിവസം എന്റെ സ്ഥാപനത്തിന്റെ ഡയറക്ടറുടെ ഫോണ്‍ കോള്‍ വന്നു. പോലീസ് ക്യാമ്പസിനുള്ളില്‍ കയറി തിരച്ചില്‍ നടത്തുകയും എന്നെ അന്വേഷിക്കുകയും ചെയ്യുന്നു എന്നുള്ളതായിരുന്നു വിവരം. കുറച്ചു നേരത്തേക്ക് ഞാന്‍ സ്തബ്ധനായി. ജോലി ആവശ്യാര്‍ഥം ഞാന്‍ മുംബൈ നഗരത്തില്‍ എത്തിയിട്ട് മണിക്കൂറുകള്‍ പോലും ആയിരുന്നില്ല.

പോലീസ് റെയ്ഡ് ചെയ്ത വീടുകളിലെ താമസക്കാരെയൊക്കെ അറസ്റ്റ് ചെയ്തിരുന്നു. സത്യത്തില്‍ തലനാരിഴക്കാണ് ഞാന്‍ അന്ന് രക്ഷപ്പെട്ടത്. എന്നെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് കൃത്യമായി അറിയാമായിരുന്നെങ്കിലും അവര്‍ക്കുമാത്രം അറിയാവുന്ന കാരണങ്ങളുടെമേല്‍ എന്നെയും അന്നേ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

സെക്യുരിറ്റിയുടെ കയ്യില്‍ നിന്നും ഒരു ഡ്യൂപ്ലിക്കറ്റ് താക്കോല്‍ സംഘടിപ്പിച്ചു അവര്‍ എന്റെ വസതിയും തുറന്നു. എന്നാല്‍ ഉള്‍ഭാഗം വിഡിയോയില്‍ പകര്‍ത്തി വീട് പൂട്ടി താക്കോല്‍ തിരികെ ഏല്‍പ്പിച്ചു.

ദുരിതം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. വക്കീല്‍ നിര്‍ദ്ദേശപ്രകാരം തൊട്ടടുത്ത നിമിഷം തന്നെ ഭാര്യ ഗോവയില്‍ എത്തുകയും ബിച്ചോലിം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഞങ്ങള്‍ ഇല്ലാത്ത സമയത്ത് പോലീസ് അതിക്രമിച്ച് വീടിനുള്ളില്‍ കയറിയെന്നും അതിനാല്‍ തന്നെ അവര്‍ അവിടെ എന്തെങ്കിലും കെണിയൊരുക്കിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഉത്തരവാദികളല്ല എന്നും പരാതിയില്‍ പറഞ്ഞു. ഞങ്ങളുടെ ടെലിഫോണ്‍ നമ്പറുകള്‍ സഹിതം അന്വേഷണം നടത്താനായി അവര്‍ക്ക് കൈമാറി.

എന്നാല്‍ വിചത്രമായത് സംഭവിച്ചു. പോലീസ് പത്രസമ്മേളനം വിളിച്ച് ഒരു ‘മാവോയിസ്റ് കഥ’ അവതരിപ്പിച്ചു. അനുസരണാലുക്കളായ മാധ്യമങ്ങളെ ഉപയോഗിച്ച് പൊതുജനവികാരം എനിക്കെതിരെയും അറസ്റ്റിലായ മറ്റുള്ളവര്‍ക്കെതിരെയും ആക്കിത്തീര്‍ക്കുക എന്നുള്ളതായിരുന്നു പോലീസിന്റെ ലക്ഷ്യം. 2018 ആഗസ്ത് 31നു നടന്ന ഒരു പത്രസമ്മേളനത്തില്‍, നേരത്തെ അറസ്റ്റ് ചെയ്ത ആരുടെയോ വീട്ടില്‍ നിന്നും പിടിച്ചടുത്തുവെന്ന് പോലീസ് അവകാശപ്പെടുന്ന ഒരു കത്ത് എനിക്കെതിരെ തെളിവായും അവതരിപ്പിച്ചു.

അങ്ങേയറ്റം അശ്രദ്ധമായി തട്ടിക്കൂട്ടിയ ഒരു കത്തായിരുന്നു അത്. ഞാന്‍ പങ്കെടുത്ത ഒരു അക്കാദമിക് കോണ്‍ഫെറെന്‍സിന്റെ വിവരങ്ങളായിരുന്നു കത്തിലുണ്ടായിരുന്നത്. ആ വിവരങ്ങളൊക്കെയുമാകട്ടെ അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് പാരീസിന്റെ വെബ്സൈറ്റില്‍ ആര്‍ക്കും ലഭ്യവുമായിരുന്നു. ആദ്യം ഞാന്‍ നിസാരമായി തള്ളിക്കളഞ്ഞെങ്കിലും പിന്നീട് ആ പോലീസ് ഉദ്യോഗസ്ഥനെതിരെ സിവിലും ക്രിമിനലും ആയ മാനനഷ്ടക്കേസ് കൊടുക്കാന്‍ തീരുമാനിച്ചു. ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ അനുമതി നല്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാറിന് 2018 സെപ്റ്റംബര്‍ 5നു ഔദ്യോഗികമായി കത്തും അയച്ചു. ഇന്നുവരേക്കും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു മറുപടിയും ഉണ്ടായിട്ടില്ല.

ഹൈക്കോടതി താക്കീതു നല്‍കിയതിന് ശേഷമാണ് പോലീസുകാരുടെ പ്രസ് കോണ്‍ഫറന്‍സുകള്‍ക്കു ഒരു അറുതി വന്നത്.

ഈ കേസിലെ ആര്‍.എസ്.എസ് ഇടപെടലുകള്‍ സുവ്യക്തമായിരുന്നു. എന്റെ ഒരു മറാഠി സുഹൃത് പറഞ്ഞത് പ്രകാരം, രമേശ് പതാങ് എന്ന ആര്‍.എസ്.എസ് കക്ഷി 2015 ആപ്രില്‍ മാസത്തില്‍ അവരുടെ മുഖപത്രമായ പാഞ്ചജന്യയില്‍ എനിക്കെതിരെ ലേഖനമെഴുതി. അരുന്ധതി റോയിക്കും ഗെയില്‍ ഓംവെറ്റ്‌നും കൂടെ ‘മായാവി അംബേദ്കര്‍വാദി’ എന്നായിരുന്നു അതില്‍ എന്നെ വിശേഷിപ്പിച്ചത്.

ഹിന്ദു പുരാണത്തില്‍ ‘മായാവി’ എന്നാല്‍ ഉന്മൂലനം ചെയ്യപ്പെടേണ്ട രാക്ഷസന്‍ ആണ്. പൂനെ പോലീസ് എന്നെ നിയമാതീതമായി അറസ്റ്റ് ചെയ്തപ്പോള്‍ ഹിന്ദുത്വ സൈബര്‍ ക്രിമിനലുകള്‍ എന്റെ വിക്കിപ്പീഡിയ പേജ് തിരുത്തിയിരുന്നു. അതൊരു പൊതു പേജ് ആയിരുന്നു. വര്‍ഷങ്ങളോളം അങ്ങനെ ഒരു പേജ് ഉണ്ടെന്നു തന്നെ എനിക്കറിയില്ലായിരുന്നു.

എന്റെ പേജിലെ എല്ലാ വിവരങ്ങളും അവര്‍ ഒഴിവാക്കി. തല്‍സ്ഥാനത്തു എനിക്ക് ‘മാവോയിസ്റ്റ് സഹോദരന്‍ ഉണ്ട്… വീട് റെയ്ഡ് ചെയ്യപ്പെട്ടു … മാവോയിസ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു’ എന്നൊക്കെ എഴുതി ചേര്‍ത്തു. എപ്പോഴൊക്കെ ആ പേജ് തിരുത്തി നേരെയാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ, അപ്പോഴൊക്കെയും ഈ ആര്‍.എസ്.എസ് കൂട്ടം പേജ് കൈയേറുകയും വിവരങ്ങള്‍ മായ്ച്ചു അപകീര്‍ത്തികരമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുമാണ് ചെയ്യാറ് എന്ന് എന്റെ ഒരു വിദ്യാര്‍ത്ഥി എന്നോട് പറഞ്ഞിരുന്നു.

അവസാനം വിക്കിപീഡിയ ഇടപെട്ടു പേജ് ശെരിയാക്കിയിരുന്നെകിലും, ആര്‍.എസ്.എസ്സുകാര്‍ എഴുതിയത് ചിലത് ഇപ്പോഴും ആ പേജില്‍ കാണാം.

അടുത്തത് എനിക്കെതിരെയുള്ള മാധ്യമ യുദ്ധമായിരുന്നു. ‘നക്സല്‍ വിദഗദ്ധര്‍’ എന്ന പേരിട്ട് കൊണ്ടിരുത്തുന്ന കൂട്ടരെ വെച്ച് കെട്ടുകഥകള്‍ പടച്ചെടുത്തു വിടുകയായിരുന്നു. ഈ വിഷയത്തില്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന് നല്‍കിയ പരാതിക്കു പോലും മറുപടിയുണ്ടായില്ല.

2019 ഒക്ടോബര്‍ മാസത്തിലാണ് പെഗാസസിനെക്കുറിച് (Pegasus) വാര്‍ത്ത വരുന്നത്. ഞാനുള്‍പ്പെടെയുള്ള ആളുകളുടെ മൊബൈല്‍ ഫോണുകളില്‍ ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയര്‍ ആയ പെഗാസസ് സര്‍ക്കാര്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. മാധ്യമങ്ങള്‍ ചെറുതായി ഈ വിഷയം ഏറ്റെടുത്തിരുന്നുവെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ അവരത് കൈവിട്ടു.

സത്യസന്ധമായി അദ്ധ്വാനിച്ചും എന്നാല്‍ കഴിയുംവിധം എഴുത്തിലൂടെ മറ്റുള്ളവരെ സഹായിച്ചും ലളിത ജീവിതം നയിച്ചുപോരുന്ന ഒരാളാണ് ഞാന്‍. കോര്‍പ്പറേറ്റ് മേഖലയിലും, അധ്യാപകനായും, പൗരാവകാശ പ്രവര്‍ത്തകനായും ചിന്തകനായും കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി വിവിധ തുറകളില്‍ ഈ രാജ്യത്തിന് വേണ്ടി കളങ്കമില്ലാത്ത സേവനം ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാന്‍.

മുപ്പതില്‍ പരം വരുന്ന എന്റെ പുസ്തകങ്ങളിലോ, നിരവധിയായ പ്രബന്ധങ്ങളിലോ, ലേഖനങ്ങളിലോ, രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രഭാഷണങ്ങളിലോ അഭിമുഖങ്ങളിലോ അക്രമത്തിനോ വിധ്വംസക പ്രവര്‍ത്തങ്ങകള്‍ക്കോ ഹേതുവാകുന്ന ഒന്നും തന്നെ കണ്ടെത്തുവാന്‍ സാധിക്കില്ല. എന്നാല്‍ ഇന്നിതാ എനിക്ക് മേല്‍ യു.എ.പി.എ ചുമത്തിയിരിക്കുന്നു!

എന്നെപ്പോലൊരു സാമാന്യ വ്യക്തിക്ക് ഈ സര്‍ക്കാരിന്റെയും അവരുടെ കുഴലൂത്ത് മാധ്യമങ്ങളുടെയും പ്രചാരവേലകളെ നേരിടുക അസാധ്യമാണ്. കേസിന്റെ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റിലും മറ്റും വ്യാപകമായി ലഭ്യമാണ്. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസിലാകും കെട്ടിച്ചമച്ച ഒരു തിരക്കഥയാണ് ഇതെന്ന്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓള്‍ ഇന്ത്യ ഫോറം ഫോര്‍ റൈറ്റ് ടു എഡ്യൂക്കേഷന്‍ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്നത് ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ഇവിടെ ഉദ്ധരിക്കാം:

അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് രണ്ടുപേരുടെ കമ്പ്യൂട്ടറുകളില്‍ നിന്നും പോലീസ് കണ്ടെത്തി എന്ന് പറയപ്പെടുന്ന 13 കത്തുകളില്‍ അഞ്ചെണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് എനിക്കുമേല്‍ കേസെടുത്തിരിക്കുന്നത്. എന്റെ പക്കല്‍ നിന്നും ഒന്നും ഇതുവരേക്കും കണ്ടെടുത്തിട്ടില്ല. കത്തുകള്‍ ഒരു ‘ആനന്ദിനെ’ പ്രതിപാദിക്കുന്നു എന്നതാണ് ആകെയുള്ള പരാമര്‍ശം. ഇന്ത്യയില്‍ വളരെ സാധാരണമായ ഒരു പേരാണ് ആനന്ദ്. എന്നാല്‍ പൊലീസിന് സംശയാതീതമായി ഞാന്‍ മാത്രമാണ് ആനന്ദ്.

കത്തിന്റെ സ്വഭാവവും ഉള്ളടക്കവും ഇങ്ങനെയൊക്കെയായിട്ടും, വിദഗ്ദ്ധര്‍ ഉള്‍പ്പടെ അതിന്റെ ആധികാരികത തള്ളിക്കളഞ്ഞിട്ടും മുഴുവന്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ തന്നെ ഒരേ ഒരു ജഡ്ജ് മാത്രമാണ് തെളിവുകളുടെ സ്വഭാവത്തിലേക്ക് അന്വേഷിക്കാന്‍ തയാറായത്. കത്തിന്റെ ഉള്ളടക്കത്തിലെ ഒന്നും തന്നെ വിദൂര സാധ്യതയില്‍ പോലും ഒരു കുറ്റകൃത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നില്ല.

എന്നാല്‍ എതിര്‍വാദങ്ങള്‍ ഉയര്‍ത്താന്‍ കഴിയാത്ത യു.എ.പി.എ എന്ന കരിനിയമത്തിന്റെ ഇരയായി ഞാന്‍ ഇന്ന് ജലിയിലിനുള്ളിലാകുന്നു.

നിങ്ങള്‍ക്കു മനസിലാകാന്‍ വേണ്ടി കേസ് അല്പം വിശദീകരിക്കാം:

പെട്ടെന്നൊരു ദിവസം ഒരുകൂട്ടം പോലീസുകാര്‍ നിങ്ങളുടെ വീടുകയറിവന്ന്, യാതൊരു രേഖയുടെ പിന്‍ബലവുമില്ലാതെ, സകലതും അരിച്ചു പെറുക്കും. നിങ്ങളെ അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കും. എന്നിട്ട് കോടതിയില്‍ പറയും മോഷണമോ മറ്റെന്തെങ്കിലും കേസോ അന്വേഷിക്കുന്നതിന് (രാജ്യത്തെവിടെയുമാകാം) നിങ്ങളുടെ (ആരും ആകാം) വീട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ അവര്‍ പെന്‍ഡ്രൈവോ കമ്പ്യൂട്ടറോ കണ്ടെടുത്തുവെന്നും അതില്‍ നിന്നും ഏതെങ്കിലും നിരോധിത സംഘടനയുടെ വക്താക്കള്‍ എഴുതിയ കത്ത് ലഭിച്ചുവെന്നും പറയും. ആ കത്തില്‍ ഏതെങ്കിലും വ്യക്തിയെ പറ്റി പരാമര്‍ശിച്ചിട്ടുണ്ടാകും. പോലീസ് സമര്‍ത്ഥിക്കും അത് നിങ്ങള്‍ തന്നെയാണെന്ന്.

ഇപ്പോള്‍ നിങ്ങള്‍ ഏതോ ഗൂഢാലോചനയുടെ ഭാഗമായി അവതരിപ്പിക്കപ്പെടും. അതോടെ നിങ്ങള്‍ക്ക് സകലതും നഷ്ടമായിട്ടുണ്ടാകും, ജോലി, വീട്, കുടുംബം. മാധ്യമങ്ങള്‍ വേട്ടയാടിക്കൊണ്ടേയിരിക്കും. എന്നാല്‍ നിങ്ങള്‍ക്കു ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല.

ജഡ്ജിമാരെ വിശ്വസിപ്പിക്കാന്‍ പോലീസുകാര്‍ മുദ്രവെച്ച കവറുകളില്‍ ‘തെളിവുകള്‍’ കൈമാറും. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നും കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെടും.

ആ ഘട്ടത്തില്‍ ജഡ്ജി നിങ്ങളുടെ ഒരു വാദത്തിനും ചെവി തരില്ല. എല്ലാം വിചാരണ സമയത്ത് കേള്‍ക്കാം എന്ന് പറയും. കസ്റ്റഡി ചോദ്യം ചെയ്യലിന് ശേഷം നിങ്ങളെ ജയിലില്‍ അയക്കും.

കോടതികളില്‍ നിങ്ങള്‍ ജാമ്യത്തിന് വേണ്ടി അപേക്ഷിച്ചുകൊണ്ടേയിരിക്കും. അവര്‍ നിരസിച്ചുകൊണ്ടേയിരിക്കും. ജാമ്യം ലഭിക്കാനോ വെറുതെ വീടാനോ നാല് മുതല്‍ പത്തു വര്‍ഷം വരെ എടുക്കും.

ഇത് ആര്‍ക്കും സംഭവിക്കാവുന്നതാണ്. നിരപരാധികളായ പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങള്‍ തന്നെ തച്ചുടക്കുന്ന ഇത്തരം കരിനിയമങ്ങള്‍ക്ക് രാജ്യസുരക്ഷയുടെ മേല്‍ക്കുപ്പായം അണിയിക്കുന്നതോടെ അവയും ഭരണഘടനാപരമായ നിയമങ്ങള്‍ ആയി മാറുന്നു!

തീവ്ര ദേശീയതയും കടുത്ത ദേശീയ വാദവുമാണ് എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുവാനും ജനതയെ ഭിന്നിപ്പിക്കുവാനും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രയോഗിക്കുന്ന മാരക ആയുധങ്ങള്‍. ചിത്തഭ്രമം പിടിച്ച ഈ രാഷ്രീയാവസ്ഥയില്‍ പദപ്രയോഗങ്ങളുടെ അര്‍ത്ഥതലങ്ങള്‍ പോലും കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. ഇവിടെ രാജ്യത്തെ നശിപ്പിക്കുന്നവരാണ് ഇന്ന് ‘ദേശഭക്തര്‍’. രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം സമര്‍പ്പിച്ചവര്‍ ‘ദേശദ്രോഹികളും’.

എന്റെ രാജ്യം തകര്‍ക്കുന്നത് മാത്രമാണ് എനിക്ക് കാണാന്‍ കഴിയുന്നത്. പ്രതീക്ഷയുടെ ഒരു വിദൂര വെളിച്ചം മാത്രമേ ഈ കഠിന നിമിഷത്തില്‍ ഇത് എഴുതുമ്പോഴും എനിക്ക് മുന്നിലുള്ളൂ.

ഞാന്‍ എന്‍.ഐ.എ കസ്റ്റഡിയിലേക്കു പോകുന്നു. ഇനി നിങ്ങളോടു എന്ന് സംസാരിക്കാനാകുമെന്നു അറിയില്ല.

നിങ്ങളെത്തേടി അവര്‍ എത്തും മുന്‍പെങ്കിലും നിങ്ങള്‍ ശബ്ദമുയര്‍ത്തും എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.

ആനന്ദ് തെല്‍തുംദെ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആനന്ദ് തെല്‍തുംദെ
ഗ്രന്ഥകാരന്‍, രാഷ്ട്രീയ നിരീക്ഷകന്‍