Entertainment
ആട്ടം പോലൊരു സിനിമ ചെയ്യാന്‍ ആര്‍ക്കും പറ്റും, പക്ഷേ ആ സിനിമ പോലൊന്ന് ചെയ്യാന്‍ വലിയ പാടാണ്: ആനന്ദ് ഏകര്‍ഷി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 15, 06:36 am
Wednesday, 15th January 2025, 12:06 pm

2024ലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ആട്ടം. നവാഗതനായ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ചിത്രം കേരളത്തിന് പുറത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. 2022ല്‍ സെന്‍സറിങ്ങ് പൂര്‍ത്തിയായ ചിത്രം ആ വര്‍ഷത്തെ മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. ഒരു നാടക ട്രൂപ്പില്‍ നടക്കുന്ന പ്രശ്‌നങ്ങളെ അതിമനോഹരമായി അവതരിപ്പിച്ച സിനിമയായിരുന്നു ആട്ടം.

2024ലെ മികച്ച സിനിമകളുടെ പട്ടികയില്‍ പലരും ആട്ടത്തെ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ആട്ടത്തിന്റെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷി. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഹിറ്റായ സിനിമകളെല്ലാം പല ഴോണറിലുള്ളതായിരുന്നെന്നും പ്രേക്ഷകര്‍ എല്ലാ തരത്തിലുമുള്ള സിനിമകളും സ്വീകരിച്ചെന്നും ആനന്ദ് ഏകര്‍ഷി പറഞ്ഞു.

അത്തരത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടമായത് പ്രേമലുവാണെന്നും അതുപോലൊരു സിനിമ ചെയ്യാന്‍ വലിയ പാടാണെന്നും ആനന്ദ് ഏകര്‍ഷി കൂട്ടിച്ചേര്‍ത്തു. രണ്ടര മണിക്കൂര്‍ ആളുകളെ എന്റര്‍ടൈന്‍ ചെയ്ത് ഇരുത്തുക എന്നത് വലിയൊരു ടാസ്‌കാണെന്നും സംവിധായകന്‍ അക്കാര്യത്തില്‍ വിജയിച്ചെന്നും ആനന്ദ് ഏകര്‍ഷി പറഞ്ഞു.

ആട്ടം പോലെ ഒരു സിനിമ ആര്‍ക്കും ചെയ്യാന്‍ സാധിക്കുമെന്നും എന്നാല്‍ പ്രേമലു പോലൊരു സിനിമ ചെയ്ത് വിജയിപ്പിക്കുക എന്നത് അധികം ആളുകള്‍ക്ക് സാധിക്കില്ലെന്നും ആനന്ദ് ഏകര്‍ഷി കൂട്ടിച്ചേര്‍ത്തു. പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും കേരളത്തിന് പുറത്തും വലിയ വിജയമായെന്നും അത് വളരെ സ്‌പെഷ്യലായിട്ടുള്ള കാര്യമാണെന്നും ആനന്ദ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു ആനന്ദ് ഏകര്‍ഷി.

‘കഴിഞ്ഞ വര്‍ഷത്തെ ഇഷ്ടസിനിമകളില്‍ പലരും ആട്ടത്തെ മെന്‍ഷന്‍ ചെയ്തത് കണ്ടു. അതില്‍ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകളെല്ലാം പല ഴോണറിലുള്ളതായിരുന്നു. ബ്ലെസി സാര്‍ പറഞ്ഞതുപോല, ഒരു സിനിമക്ക് പിന്നില്‍ എത്രമാത്രം കഷ്ടപ്പാടുണ്ടെന്ന് പ്രേക്ഷകര്‍ അറിയേണ്ട കാര്യമില്ല. അവരെ സംബന്ധിച്ച് രണ്ടരമണിക്കൂര്‍ എന്‍ഗേജ്ഡ് ആക്കി ഇരുത്തണം. അതിലാണ് കാര്യം.

അത്തരത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്ന് പ്രേമലുവാണ്. എന്ത് രസമായിട്ടാണ് ആ സിനിമ കഥ പറഞ്ഞുപോകുന്നത്. അതുപോലുള്ള സിനിമകള്‍ ചെയ്യാന്‍ നല്ല പാടാണ്. ആട്ടം പോലുള്ള സിനിമ ചെയ്യാന്‍ എളുപ്പമാണ്. പക്ഷേ, രണ്ടര മണിക്കൂര്‍ ഓഡിയന്‍സിനെ ചിരിപ്പിച്ചുകൊണ്ട് പ്രേമലു പോലൊരു സിനിമ ചെയ്യുക എന്നത് വലിയൊരു ടാസ്‌കാണ്. പ്രേമലു പോലെ വലിയ വിജയമായ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സും. രണ്ട് സിനിമകളും കേരളത്തിന് പുറത്തും വന്‍ വിജയം നേടിയിരുന്നു,’ ആനന്ദ് ഏകര്‍ഷി പറയുന്നു.

Content Highlight: Anand Ekarshi saying movies like Premalu are very tough to direct