തമിഴിലെ മികച്ച നടന്മാരിലൊരാളാണ് അരവിന്ദ് സ്വാമി. മണിരത്‌നം തമിഴ് സിനിമക്ക് പരിചയപ്പെടുത്തിയ അരവിന്ദ് സ്വാമി വളരെ വേഗത്തില്‍ തമിഴിലെ മുന്‍നിരയില്‍ ഇടംപിടിച്ചു. ഇടക്ക് ഒരുകാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത അരവിന്ദ് സ്വാമി 2015ല്‍ തനി ഒരുവനിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായ മെയ്യഴകനിലും അരവിന്ദ് സ്വാമിയുടെ സാന്നിധ്യമുണ്ടായിരുന്നു.
തമിഴിലെ മികച്ച നടന്മാരിലൊരാളായ വിജയ് സേതുപതിയെക്കുറിച്ച് സംസാരിക്കുകയാണ് അരവിന്ദ് സ്വാമി. വിജയ് സേതുപതിയുടെ വളര്‍ച്ച തുടക്കം മുതല്‍ താന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഓരോ സിനിമയിലൂടെയും അയാള്‍ വളരുന്നത് താന്‍ ശ്രദ്ധയോടെ കണ്ടിട്ടുണ്ടെന്നും അരവിന്ദ് സ്വാമി കൂട്ടിച്ചേര്‍ത്തു. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ സൂതുകാവം താന്‍ തിയേറ്ററില്‍ നിന്ന് കണ്ടിട്ടുണ്ടെന്നും അരവിന്ദ് സ്വാമി പറഞ്ഞു.
താന്‍ ആ സിനിമ കാണുമ്പോള്‍ തിയേറ്റര്‍ ഹൗസ്ഫുള്‍ ആയിരുന്നെന്നും വിജയ് സേതുപതിയുടെ ആദ്യത്തെ സീനിന് തിയേറ്ററില്‍ ഗംഭീര കൈയടിയായിരുന്നെന്നും അരവിന്ദ് സ്വാമി കൂട്ടിച്ചേര്‍ത്തു. വളരെ ആസ്വദിച്ചാണ് താന്‍ സൂതുകാവം കണ്ടതെന്നും തനിക്ക് വളരെയധികം ഇഷ്ടമായെന്നും അരവിന്ദ് സ്വാമി പറഞ്ഞു. മണിരത്‌നത്തോട് ആ സിനിമ കാണാന്‍ താന്‍ നിര്‍ദേശിച്ചെന്നും അദ്ദേഹം ആദ്യാവസാനം ചിരിച്ചാണ് ആ സിനിമ കണ്ടതെന്നും അരവിന്ദ് സ്വാമി കൂട്ടിച്ചേര്‍ത്തു.
വളരെ അനായാസമാണ് വിജയ് സേതുപതി ആ സിനിമയില്‍ അഭിനയിച്ചതെന്നും പ്രേക്ഷകര്‍ക്ക് അയാളിലേക്ക് ആകര്‍ഷണമുണ്ടായത് ആ ഒരു കാരണം കൊണ്ടാണെന്നും അരവിന്ദ് സ്വാമി പറഞ്ഞു. ഒരിക്കലും മാസ് കാണിക്കാന്‍ വിജയ് സേതുപതി ശ്രമിച്ചിട്ടില്ലെന്നും മറ്റ് നടന്മാരില്‍ നിന്ന് അയാളെ വ്യത്യസ്തനാക്കുന്ന കാര്യം അതാണെന്നും അരവിന്ദ് സ്വാമി കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അരവിന്ദ് സ്വാമി.
‘വിജയ് സേതുപതിയുടെ വളര്‍ച്ച വളരെ ശ്രദ്ധയോടെ കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍. സേതു ഓരോ സിനിമയിലൂടെയും ഇവോള്‍വ് ചെയ്താണ് ഇന്ന് ഈ കാണുന്ന നിലയിലേക്കെത്തിയത്. സേതുവിന്റെ കരിയറിലെ ആദ്യകാലങ്ങളില്‍ ചെയ്ത സിനിമകളിലൊന്നാണ് സൂതുകാവം. ഇന്നും ആ സിനിമ ആളുകള്‍ ആഘോഷമാക്കുന്നുണ്ട്. ഞാന്‍ തിയേറ്ററില്‍ നിന്ന് കണ്ട സിനിമയാണത്.
വിജയ് സേതുപതിയുടെ ആദ്യ സീന്‍ തന്നെ ആളുകള്‍ ആഘോഷമാക്കിയിരുന്നു. ഞാന്‍ വളരെയധികം ആസ്വദിച്ച് കണ്ട് സിനിമയാണത്. മണിരത്‌നത്തോടും ആ സിനിമ കാണാന്‍ ഞാന്‍ പറഞ്ഞു. അദ്ദേഹം ആദ്യാവസാനം ചിരിച്ചുകൊണ്ടാണ് ആ സിനിമ കണ്ടത്. മാസ് സീനുകള്‍ ചെയ്തല്ല സേതു ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. അയാളുടെ അഭിനയം കണ്ടാണ് ആളുകള്‍ അവനിലേക്ക് ആകര്‍ഷിക്കപ്പെട്ടത്,’ അരവിന്ദ് സ്വാമി പറയുന്നു.
Content Highlight: Arvind Swamy says he suggested Maniratnam to watch Vijay Sethupathi’s Soodhu Kavum movie