Entertainment
ഡാന്‍സ് ചെയ്യാന്‍ വലിയ മടിയുള്ള ആളാണ് ഞാന്‍, ആ സിനിമയില്‍ ഡാന്‍സ് ചെയ്തത് സംവിധായകന്റെ നിര്‍ബന്ധം കാരണം: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 26, 04:20 pm
Sunday, 26th January 2025, 9:50 pm

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്. ഗൗതം വാസുദേവ് മേനോന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് മമ്മൂട്ടിക്കമ്പനിയാണ്. ഡൊമിനിക് എന്ന പ്രൈവറ്റ് ഡിറ്റക്ടീവിന് കിട്ടുന്ന ഒരു ലേഡീസ് പേഴ്‌സും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ കഥ. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്.

ഒരുപാട് കാലത്തിന് ശേഷം മമ്മൂട്ടി എന്ന നടനെ വളരെ സ്റ്റൈലിഷായും സിമ്പിളായും അവതരിപ്പിച്ച ചിത്രമാണ് ഇത്. ചിത്രത്തില്‍ ഏറ്റവുമധികം കൈയടി കിട്ടിയ രംഗങ്ങളിലൊന്നായിരുന്നു മമ്മൂട്ടിയുടെ ഡാന്‍സ്. സ്വതവേ ഡാന്‍സ് സീനുകളില്‍ പ്രത്യക്ഷപ്പെടാത്ത മമ്മൂട്ടിയുടെ ചുവടുകള്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ചിത്രത്തിലെ ഡാന്‍സ് രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി.

ഡാന്‍സ് കാണാന്‍ ഇഷ്ടമുള്ളയാളാണ് താനെന്നും എന്നാല്‍ ഡാന്‍സ് ചെയ്യാന്‍ തനിക്ക് മടിയാണെന്നും മമ്മൂട്ടി പറഞ്ഞു. താന്‍ ഡാന്‍സൊന്നും പഠിച്ചിട്ടില്ലെന്നും കലാമണ്ഡലം പോലുള്ള സ്ഥലങ്ങളില്‍ പഠിച്ചിട്ടില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ഈ സിനിമയില്‍ ഡാന്‍സ് ചെയ്യണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചത് സംവിധായകന്‍ ഗൗതം മേനോനാണെന്നും മമ്മൂട്ടി പറഞ്ഞു.

താന്‍ ഒഴിവാകാന്‍ പലതവണ ശ്രമിച്ചെന്നും എന്നാല്‍ സംവിധായകന്റെ നിര്‍ബന്ധം കാരണം ചെയ്യേണ്ടി വന്നെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സിനിമയില്‍ കാണുന്നതിന്റെ മൂന്നിരട്ടിയാണ് ഡാന്‍സ് മാസ്റ്റര്‍ ആദ്യം കാണിച്ചുതന്നതെന്നും എന്നാല്‍ അതിനെ ചുരുക്കിയാണ് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് മാറ്റിയതെന്നും മമ്മൂട്ടി പറഞ്ഞു.

തന്നെക്കൊണ്ട് ഇത്രയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് കാലുപിടിച്ച് പറഞ്ഞിട്ടാണ് ഇത്രയെങ്കിലും ആക്കി തന്നതെന്നും എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

‘എല്ലാവരെയുംം പോലെ ഡാന്‍സ് കാണാന്‍ ഒരുപാട് ഇഷ്ടമുള്ളയാളാണ് ഞാന്‍. പക്ഷേ, ഡാന്‍സ് ചെയ്യാന്‍ എനിക്ക് മടിയാണ്. കാരണം, ഞാന്‍ ഡാന്‍സൊന്നും പഠിച്ചിട്ടില്ല, കലാമണ്ഡലത്തിലൊന്നും പോയിട്ടൊന്നും ഇല്ല. ഈ സിനിമയില്‍ ഞാന്‍ ഡാന്‍സ് കളിച്ചത് സംവിധായകന്റെ നിര്‍ബന്ധം കൊണ്ട് മാത്രമാണ്. സാര്‍ എന്നോട് ഇങ്ങനൈയൊരു സീന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഒഴിവാകാന്‍ നോക്കിയതാണ്.

പക്ഷേ, ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ ചെയ്തതാണ്. അതും ഇപ്പോള്‍ കാണുന്നത് പോലെയായിരുന്നില്ല ആദ്യം കാണിച്ചു തന്ന സ്‌റ്റെപ്പ്. ഇപ്പോള്‍ കാണുന്നതിന്റെ മൂന്നിരട്ടിയായിരുന്നു എനിക്ക് കാണിച്ചുതന്നത്. എന്നെക്കൊണ്ട് ഇത്രയൊന്നും എന്നെക്കൊണ്ട് പറ്റില്ലെന്ന് ഡാന്‍സ് മാസ്റ്ററുടെ കാല് പിടിച്ച് പറഞ്ഞിട്ടാണ് ഈ കാണുന്ന രീതിയിലേക്ക് ആക്കിയത്. ഈ ഡാന്‍സില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് എന്റെ മാത്രം മിസ്റ്റേക്കാണെന്ന് മാത്രമേ പറയാനുള്ളൂ,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty about his dance scene in Dominic and the Ladies Purse movie