Discourse
പത്മരാജന്‍ പുരസ്‌കാരം ആനന്ദിനും സുദേവനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 May 07, 01:03 pm
Wednesday, 7th May 2014, 6:33 pm

[share]

[] തിരുവനന്തപുരം: മലയാള സിനിമാ ഇതിഹാസം പത്മരാജന്റെ സ്മരണാര്‍ത്ഥം നല്‍കിവരുന്ന പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചെറുകഥക്കും സിനിമക്കുമുള്ള ഇരുപത്തിരണ്ടാമത് പുരസ്‌കാരത്തിന് യഥാക്രമം ആനന്ദും സുദേവനും അര്‍ഹരായി.

“കാത്തിരിപ്പ്” എന്ന ചെറുകഥക്കാണ് ആനന്ദിന് പുരസ്‌കാരം ലഭിച്ചത്. “െ്രെകം നമ്പര്‍ 89” എന്ന സിനിമയുടെ സംവിധാനമാണ് സുദേവനെ അവാര്‍ഡിനര്‍ഹനാക്കിയത്. ഈ സിനിമയിലൂടെ സുദേവന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിരുന്നു.

10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ചെറുകഥയ്ക്കുള്ള പുരസ്‌കാരം. മികച്ച ചിത്രത്തിന്റെ സംവിധായകന് 20,000 രൂപയും തിരക്കഥാകൃത്തിന് 10,000 രൂപയും ഫലകവും ലഭിക്കും.

കഥാകൃത്ത് എസ്.വി വേണുഗോപന്‍ നായര്‍ ചെയര്‍മാനും കവികളായ മധുസൂദനന്‍ നായര്‍, പഴവിള രമേശന്‍, പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി ബി. ബാബുപ്രസാദ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് ചെറുകഥ തിരഞ്ഞെടുത്തത്.

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ചെയര്‍മാനും ഛായാഗ്രാഹകന്‍ വിപിന്‍മോഹന്‍, എഡിറ്റര്‍ മഹേഷ് നാരായണന്‍, പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് സിനിമ തിരഞ്ഞെടുത്തത്.