പത്ത് വർഷം മുമ്പ് മാത്രം മലയാളി കേട്ട ദുരഭിമാനക്കൊലയെന്ന വാക്കിനെ തൊണ്ണൂറുകളിൽ പ്ലേസ് ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും
Entertainment
പത്ത് വർഷം മുമ്പ് മാത്രം മലയാളി കേട്ട ദുരഭിമാനക്കൊലയെന്ന വാക്കിനെ തൊണ്ണൂറുകളിൽ പ്ലേസ് ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും
നവ്‌നീത് എസ്.
Tuesday, 12th March 2024, 12:39 pm

‘ദുരഭിമാനക്കൊല’ മലയാളികൾ കേട്ട് തഴമ്പിച്ച ഒരു വാക്കായി മാറിയിട്ടുണ്ട്. എന്നാൽ എന്ന് മുതലാണ് ഈ വാക്ക് മലയാളികൾ ഉപയോഗിക്കാൻ തുടങ്ങിയത്. ഒരു സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ അഭിമാനക്ഷതത്തിന് കാരണമായി എന്ന കുറ്റം ചുമത്തി ഒരു വ്യക്തിയെ ആ കുടുംബത്തിലെയോ സമൂഹത്തിലെയോ അംഗങ്ങൾ കൊലചെയ്യുന്നതിനെയാണ് ദുരഭിമാനക്കൊലയെന്ന് വിശേഷിപ്പിക്കുന്നത്.

മരണപ്പെടുന്നതിൽ അധികവും സ്ത്രീകളാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 2018ൽ കേരളത്തിൽ സംഭവിച്ച ദുരഭിമാന കൊലപാതകമായിരുന്നു കോട്ടയം സ്വദേശി കെവിൻ തോമസിന്റെത്. ദളിത്‌ ക്രിസ്ത്യാനിയായ കെവിന്റെ കൊലപാതകം കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഒരുപക്ഷെ ഈ സംഭവത്തോടെയാണ് മലയാളികൾക്കിടയിൽ ‘ദുരഭിമാന കൊല’ എന്ന വാക്ക് കൂടുതൽ പ്രചാരം നേടാൻ തുടങ്ങിയത്.

 

ഇതരമതത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് ക്രൂരമായി മർദിക്കുകയും വിഷം നൽകി കൊല്ലുകയും ചെയ്ത ഫാത്തിമയെന്ന പത്താംക്ലാസുക്കാരിയും കേരളത്തിലാണ്. അങ്ങനെ അറിഞ്ഞും അറിയാതെയും പോകുന്ന ഒരുപാട് കുറ്റകൃത്യങ്ങൾ.

ദുരഭിമാന കൊലപാതകങ്ങളെ ആസ്പദമാക്കി തമിഴ് സിനിമയിൽ ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും മലയാളത്തിൽ പൊതുവേ കുറവാണ്. എന്നാൽ ഈയിടെ ഇറങ്ങിയ ടൊവിനോ തോമസ് ചിത്രം അന്വേഷിപ്പിൻ കണ്ടെത്തുവിൻ എന്ന ചിത്രത്തിൽ ദുരഭിമാനകൊലയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ടെക്നോളജി ഒട്ടും വളർന്നിട്ടില്ലാത്ത കാലത്ത് പൊലീസ് നടത്തുന്ന അന്വേഷണങ്ങളെ കുറിച്ചാണ് പറയുന്നത്.

രണ്ട് കൊലപാതകങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്. അതിലൊന്ന് ചര്‍ച്ച ചെയ്യുന്നത് മതത്തിലെ രാഷ്ട്രീയമാണ്. സഭാ തര്‍ക്കത്തെ കുറിച്ച് സംസാരിക്കുന്ന ആദ്യത്തെ കൊലപാതകം രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ ദുരഭിമാന കൊലപാതകമായാണ് അവതരിപ്പിക്കപ്പെടുന്നത്.

ശ്രീദേവിയെന്ന കഥാപാത്രത്തിന്റെ കൊലപാതകം അന്വേഷണത്തിനൊടുവില്‍ ദുരഭിമാന കൊലപാതകമാണെന്ന് തെളിയിക്കപ്പെടുകയാണ്. രണ്ടാം പകുതിയില്‍ കാണിക്കുന്ന ശ്രീദേവിയെന്ന യുവതിയുടെ കൊലപാതകം ഏറെ അന്വേഷണത്തിനൊടുവിലാണ് ദുരഭിമാനക്കൊലപാതകമാണെന്ന് കണ്ടെത്തുന്നത്.

എന്നാൽ എൺപതുകളുടെ അവസാനവും തൊണ്ണൂറുകളും കഥാപാശ്ചാത്തലമുള്ള സിനിമയിൽ ദുരഭിമാനക്കൊലയെന്ന വാക്ക് എങ്ങനെ ഉപയോഗിച്ചു എന്നത് ചോദ്യം തന്നെയാണ്. കാരണം നേരത്തെ പറഞ്ഞ പോലെ കെവിന്റെ കൊലപാതകവും സമാനമായ സംഭവങ്ങളുമെല്ലാം ഉണ്ടായതിനുശേഷമാണ് ‘ദുരഭിമാനക്കൊല’ യെന്ന വാക്ക് മലയാളികൾ കൂടുതൽ ഉപയോഗിച്ച് തുടങ്ങിയത്.

പക്ഷെ കഥയിൽ ചോദ്യമില്ലെന്ന് പറയുന്നത് പോലെ ചിത്രത്തിന് അത് ആവശ്യമായിരുന്നു. മലയാള സിനിമയിൽ അധികം പരാമർശിച്ചിട്ടില്ലാത്ത ആ ഒരു കഥാപരിസരത്തെ വേണ്ട രീതിയിൽ സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്.

സാംസ്കാരികമായി എത്ര മുന്നോട്ട് പോയെന്ന് പറഞ്ഞാലും നൂറ്റാണ്ടുകൾ പഴക്കമുള്ള ചിന്താഗതികൾ വെച്ച് പുലർത്തുന്ന ഒരു വലിയ വിഭാഗത്തിന്റെ അടയാളപ്പെടുത്തലായിട്ടാണ് ചിത്രത്തിൽ ശ്രീദേവിയുടെ ഘാതകനെ അവതരിപ്പിച്ചിട്ടുള്ളത്.


അതുകൊണ്ട് തന്നെയാണ് ചിത്രത്തിൽ ടൊവിനോ പറയുന്ന,’ തന്നെക്കാൾ ജാതിയിൽ താഴ്ന്ന, സമ്പത്തിൽ താഴ്ന്ന, കുലമഹിമയിൽ താഴ്ന്ന ഒരു പെൺകുട്ടിയെ തന്റെ മകൻ സ്വീകരിക്കാൻ പോകുന്നുവെന്നറിഞ്ഞ് വിളറിപൂണ്ട ഒരച്ഛൻ നടത്തിയ ദുരഭിമാനക്കൊല’ എന്ന ഡയലോഗ് ഇന്നും പ്രസക്തമാവുന്നത്.

Content Highlight: Analysis The Term  ‘honour killing’ Used In Anweshppin Kandethum movie

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം