തലയിൽ സിനിമ മാത്രമുള്ള ഒരുവൻ
DISCOURSE
തലയിൽ സിനിമ മാത്രമുള്ള ഒരുവൻ
നവ്‌നീത് എസ്.
Friday, 31st May 2024, 4:03 pm

തൊടുപുഴ പോലൊരു ഗ്രാമത്തിൽ ജനിച്ച് സിനിമാ മോഹവുമായി നടക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരൻ. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ആ യുവാവ് പിന്നീട് ചില പരസ്യ ചിത്രങ്ങൾക്കായി മോഡൽ ആവുകയും വീഡിയോ ജോക്കിയായി ഒരു ചാനലിൽ ജോലി ചെയ്യുകയും ചെയ്തു. അപ്പോഴും അയാൾ സിനിമക്കായി ശ്രമിച്ചുകൊണ്ടേയിരുന്നു. ചാനലിൽ എന്റർടൈൻമെന്റ് പരിപാടികൾക്ക് വരുന്ന സിനിമ പ്രവർത്തകരോട് പോലും അയാൾ അവസരങ്ങൾ ചോദിച്ചു.

 

ഒടുവിൽ 2009ൽ അന്ന് മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായ ശ്യാമപ്രസാദ് തന്റെ പുതിയ ചിത്രത്തിനായി നടത്തിയ ഓഡിഷനിൽ അയാൾ തെരഞ്ഞെടുക്കപ്പെട്ടു . പ്രധാന നായകൻമാരായ 2 പേരിൽ ഒരാളായി. ഋതുവായിരുന്നു ആ ചിത്രം. ആ നായകരിൽ ഒരാൾ ആസിഫ് അലിയും.

പതിനഞ്ചു വർഷങ്ങൾക്കിപ്പുറം തലവൻ എന്ന ചിത്രത്തിലൂടെ ആസിഫ് അലി വീണ്ടും കയ്യടി നേടുമ്പോൾ ഒന്നുറപ്പിച്ചു പറയാം ഒട്ടും എളുപ്പമായിരുന്നില്ല ആ യാത്ര.
കരിയറിന്റെ തുടക്കത്തിൽ തന്നെ മലയാളത്തിലെ മുൻനിര സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ ആസിഫ് അലിക്ക് കഴിഞ്ഞിരുന്നു.

ശ്യാമപ്രസാദിന്റെ ഋതുവിലെ സണ്ണി ഇമ്മട്ടിയെന്ന ആദ്യ കഥാപാത്രം തന്നെ മികച്ച വേഷമായിരുന്നു ആസിഫിലെ നടന് സമ്മാനിച്ചത്. തൊട്ടടുത്ത വർഷം ഇറങ്ങിയ അപൂർവ രാഗം, കഥ തുടരുന്നു എന്നീ ചിത്രങ്ങളിലൂടെ സത്യൻ അന്തിക്കാട് സിബി മലയിൽ എന്നീ സംവിധായകരോടൊപ്പവും ആസിഫ് സിനിമകൾ ചെയ്തു.

 

ഒരു നടന് ഇതിലും മികച്ച തുടക്കം എങ്ങനെ ലഭിക്കാനാണ്. മലയാള സിനിമയിലെ മാറ്റങ്ങൾക്ക് വഴിവെച്ച ചിത്രമായിരുന്നു 2011ൽ പുറത്തിറങ്ങിയ ട്രാഫിക്. രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രത്തിലെ രാജീവ് എന്ന ആസിഫിന്റെ കഥാപാത്രം വലിയ പ്രേക്ഷക സ്വീകാര്യത നേടി. ആ വർഷം തന്നെ ഇറങ്ങിയ സോൾട്ട് ആൻഡ്‌ പെപ്പർ എന്ന ചിത്രത്തിലെ മനു എന്ന കഥാപാത്രം ആസിഫിനെ കൂടുതൽ ജനപ്രിയനാക്കി. ലാൽ, ശ്വേത മേനോൻ, ആസിഫ് അലി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.

വയലിനിലൂടെ സിബി മലയിലിനൊപ്പം വീണ്ടും ഒന്നിക്കാനും സെവൻസ് എന്ന ചിത്രത്തിലൂടെ ജോഷിയോടൊപ്പം സിനിമ ചെയ്യാനും ആ വർഷം ആസിഫിന് ഭാഗ്യം ലഭിച്ചു. തൊട്ടടുത്ത വർഷവും ഒരു നടൻ എന്ന നിലയിലും താരമെന്ന നിലയിലും ആഘോഷിക്കപ്പെടാൻ ആസിഫിന് കഴിഞ്ഞു.

ഓർഡിനറിയിലെ നെഗറ്റീവ് ഷേയ്ഡുള്ള ഭദ്രൻ, മധുപാൽ ചിത്രം ഒഴിമുറിയിലെ ശരത് എന്നീ കഥാപാത്രങ്ങളും പ്രകടനം കൊണ്ട് മറ്റൊരു തലത്തിൽ എത്തിക്കാൻ ആസിഫിനായി. അമൽ നീരദ് ചിത്രമായ ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിലെ ടോണി എന്ന വേഷം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. പൃഥ്വിരാജ്, ഇന്ദ്രജിത്ത് റഹ്മാൻ തുടങ്ങിയ മുൻനിരതാരങ്ങൾ ഉള്ള ചിത്രത്തിൽ സ്വന്തമായി ഒരു റൊമാന്റിക് സോങ്ങും മികച്ച വേഷവുമെല്ലാം ആ യുവനടന് മാത്രം സ്വന്തമായിരുന്നു. ഇത്തരത്തിൽ കരിയർ നന്നായി മുന്നോട്ട് പോവുമ്പോഴും ഒരു വശത്തു പരാജയവും ആസിഫിനൊപ്പം ഉണ്ടായിരുന്നു.

അസുരവിത്ത്, ഉന്നം,916, ഇഡിയറ്റ്സ്, ഐ ലൗ മീ തുടങ്ങിയ സിനിമകൾ ആ വർഷം ഇറങ്ങിയ ആസിഫിന്റെ പരാജയ ചിത്രങ്ങൾ ആയിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം ഇറങ്ങിയ ഹണി ബീ എന്ന ചിത്രത്തിലെ സെബാൻ എന്ന കഥാപാത്രം യൂത്തിനിടയിൽ ഒരു ട്രെൻഡ് സെറ്ററായി മാറി. ചിത്രം വമ്പൻ വിജയമായി. മോഹൻലാലിനൊപ്പം ആദ്യമായി ഒന്നിച്ച റെഡ് വൈൻ, കിളിപോയി, ഡി കമ്പനി, ബൈസൈക്കിൾ തീവ്സ്, കൗബോയ് എന്നിവയായിരുന്നു ആ വർഷത്തെ മറ്റ് ആസിഫ് ചിത്രങ്ങൾ.

കൊമേഴ്ഷ്യൽ സിനിമകളുടെ ഭാഗമാവുമ്പോഴും അപ്പോത്തിക്കിരി, നിർണായകം പോലുള്ള സിനിമകളിലെ വേഷങ്ങളിലൂടെ തന്നിലെ നടനെയും ആസിഫ് രൂപപ്പെടുത്തുന്നുണ്ടായിരുന്നു. ആസിഫിന്റെ കരിയർ പരിശോധിച്ചാൽ പരാജയ ചിത്രങ്ങളുടെ നീണ്ട നിര തന്നെ കാണാം. ഇവയിൽ വലിയ ഹൈപ്പിലെത്തി തിയേറ്ററിൽ മൂക്കുകുത്തിയ ചിത്രങ്ങളുമുണ്ട്. ഈ പരാജയങ്ങൾക്കിടയിലും അനുരാഗ കരിക്കിൻ വെള്ളം, ബി ടെക് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ തന്റെ ആരാധകരെ ഒപ്പം നിർത്താൻ ആസിഫിന് കഴിഞ്ഞു.

2019 എന്ന വർഷം ആസിഫിലെ നടനെ സംവിധായകർ പൂർണ്ണമായി ഉപയോഗിച്ച ഒരു വർഷമായിരുന്നു. ഉയരെയിലെ ഗോവിന്ദിനെയും വൈറസിലെ വിഷ്ണുവിനെയും കണ്ട അതേ വർഷം തന്നെയായിരുന്നു എക്കാലത്തെയും മികച്ച ആസിഫ് അലിയുടെ കഥാപാത്രമായ സ്ലീവാച്ചൻ എന്ന വേഷവും മലയാളികൾ കണ്ടത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രം വീണ്ടും ആസിഫിന്റെ സ്ഥാനം ഇവിടെ ഉറപ്പിച്ചു. ഇതേ വർഷം തന്നെ വിജയ് സൂപ്പറും പൗർണമിയും എന്ന ഹിറ്റ് ചിത്രവും നൽകാൻ ആസിഫലിക്ക് സാധിച്ചു.

തുടർച്ചയായി വിജയ സിനിമകളുടെ ഭാഗമാവാൻ കഴിയാതെ പോയതായിരുന്നു ആസിഫ് നേരിട്ട ഒരു വെല്ലുവിളി. നല്ലൊരു സിനിമയിലൂടെ ഹിറ്റ്‌ ട്രാക്കിലേക്ക് കയറിയാലും വീണ്ടും ഫ്ലോപ്പ് ചിത്രങ്ങളിലൂടെ ആസിഫ് കടന്ന് പോവാറുണ്ട്. എന്നാൽ ചില മികച്ച ചിത്രങ്ങളും ആസിഫിന്റേതായി പുറത്തിറങ്ങി തിയേറ്ററിൽ പരാജയപ്പെട്ടിട്ടുണ്ട്.

2022ലെ ആസിഫിന്റെ സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. രാജീവ്‌ രവിയുടെ കുറ്റവും ശിക്ഷയും എബ്രിഡ് ഷൈന്റെ മഹാവീര്യർ, സിബി മലയിലിന്റെ കൊത്ത്, ജീത്തു ജോസഫിന്റെ കൂമൻ ഇതെല്ലാം ഗംഭീര പ്രകടനം കണ്ട ആസിഫ് ചിത്രങ്ങൾ ആയിരുന്നു.

കഴിഞ്ഞ വർഷം ഇറങ്ങിയ 2018 എന്ന സൂപ്പർ ഹിറ്റിന് ശേഷം മികച്ച അഭിപ്രായം വരുന്ന ചിത്രമാണ് ഇപ്പോൾ തിയേറ്ററിൽ മുന്നേറുന്ന തലവൻ. ജിസ് ജോയ്യും ആസിഫ് അലിയും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് തലവൻ. സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പർ പൗർണമിയും എന്നീ ചിത്രങ്ങൾ സമ്മാനിച്ച ജിസ് ആസിഫ് അലിക്ക് നൽകിയ മറ്റൊരു മികച്ച ചിത്രമാണ് തലവൻ.

 

നിരന്തരമായ ഫ്ലോപ്പുകളുടെ പേരിൽ വിമർശിക്കപ്പെട്ടിട്ടുള്ള ആസിഫ് അലി,തന്റെ സിനിമ തെരഞ്ഞെടുപ്പുകൾ പലപ്പോഴും തെറ്റിയിട്ടുണ്ടെന്നും എല്ലാ സിനിമകളെയും ഒരുപോലെയാണ് സമീപിക്കാറുള്ളതെന്നും ഈയിടെ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. സോളോ വിജയങ്ങൾക്കൊപ്പവും തന്റെ സഹപ്രവർത്തകരുടെ സിനിമയുടെ വിജയത്തിലും വലിയ പങ്കുവെച്ചിട്ടുള്ള നടനാണ് ആസിഫ്.

ഈ 15 വർഷത്തെ കരിയറിന് ഇടയിൽ പതിനഞ്ചോളം കാമിയോ റോൾ അദ്ദേഹം മലയാളത്തിൽ ചെയ്തിട്ടുണ്ട്. മല്ലുസിങ്, ഉസ്താദ് ഹോട്ടൽ, വെള്ളിമൂങ്ങ, ഡബിൾ ബാരൽ, അമർ അക്ബർ അന്തോണി, ടേക്ക് ഓഫ് എന്തിന് ഏറ്റവും ഒടുവിൽ ഇറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലും ആസിഫ് ഗസ്റ്റ്‌ റോളിൽ അഭിനയിച്ചിരുന്നു. അവയിൽ തന്നെ റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലെ ദിലീപ് എന്ന കഥാപാത്രം വലിയ പ്രശംസ അർഹിക്കുന്നുണ്ട്. മമ്മൂട്ടിയെ പോലൊരു നടനെതിരെ നിൽക്കുന്ന കഥാപാത്രമായിട്ടും വളരെ വ്യത്യസ്തമായ രീതിയിലാണ് സംവിധായകൻ നിസാം ബഷീർ ആസിഫിനെ അവതരിപ്പിച്ചത്.

 

മുഴുനീള കഥാപാത്രങ്ങൾ ചെയ്യാമായിരുന്നിട്ടും അത് വേണ്ടെന്നുവെച്ച ആസിഫ് കഥാപാത്രങ്ങളുണ്ട്. അമർ അക്ബർ അന്തോണി എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിൽ പ്രധാന നായകന്മാരിൽ ഒരാളായി ആസിഫിനെ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് പലകാരണങ്ങളാൽ ആ വേഷം ആസിഫ് അലിക്ക് നഷ്ടമായി. ഈയിടെ ഇറങ്ങി സൂപ്പർ ഹിറ്റായ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിലും അർജുൻ അശോകൻ അവതരിപ്പിച്ച വേഷത്തിനായി ആദ്യം പരിഗണിച്ചത് ആസിഫിനെയായിരുന്നു.

ആസിഫ് അലി പൂർണമായും സിനിമയെയാണ് സ്നേഹിക്കുന്നത്. തന്നിലെ നടനെ തേടിവരുന്ന കഥാപാത്രങ്ങൾക്കുപരി നല്ല സിനിമകളുടെ ഭാഗമാവാനും ആസിഫ് ശ്രമിക്കുന്നുണ്ട്. മികച്ച കഥാപാത്രങ്ങൾ തേടിയെത്തിയാൽ പ്രകടനങ്ങൾ കൊണ്ട് വിസ്മയം തീർക്കാൻ ആസിഫിന് സാധിക്കുമെന്നതിൽ സംശയമില്ല. തലവന്റെ വിജയത്തിലൂടെ ആസിഫ് അലി തിരിച്ചു വന്നുവെന്ന് പറയുന്നവർ ഓർക്കേണ്ട ഒരു കാര്യം, തിരിച്ചു വരാൻ ആസിഫ് അലി എവിടെയും പോയിട്ടില്ല എന്നാണ്.

 

Content Highlight: Analysis Of Asif Ali’s Career In Malayalam Cinema

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം